'ഫാനി' ശക്തി പ്രാപിക്കുന്നു; ചൊവ്വാഴ്ച തീരം തൊടും




ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ ആഴക്കടലില്‍ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു. വടക്കന്‍ തമിഴ്നാട്ടിലേക്കും ആന്ധ്രാ പ്രദേശിലേക്കുമാണ് കാറ്റിന്റെ നിലവിലെ ഗതി. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തമിഴ്നാട് തീരം വഴി കടന്നുപോകുമെന്ന് കരുതപ്പെട്ടിരുന്ന കാറ്റ് ദിശമാറി കടലിലേക്ക് തന്നെ പോകാനും ഇടയുണ്ടെന്നാണ് വിവരം. അതേസമയം, കാറ്റ് ഏത് രീതിയില്‍ നാശം വിതയ്‌ക്കുമെന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ.


ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലും നാളെ മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നില്‍ കണ്ട് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.


അവസാനം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ചെന്നൈയില്‍ നിന്ന് 1,110 കിലോമീറ്റര്‍ തെക്ക്-കിഴക്കായാണ് ഫാനിയുടെ ഇപ്പോഴത്തെ സ്ഥാനം. മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഫാനി സഞ്ചരിക്കുന്നത്. ഞായറാഴ്ച വേഗം 110 കിലോമീറ്റര്‍ വേഗത്തിലാകുമെന്നും ചൊവ്വാഴ്ച വേഗം 140 മുതല്‍ 150 വരെയുള്ള അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച്‌ 24 മണിക്കൂറിനകം തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. ചൊവ്വാഴ്ച്ച രാത്രിയോടെ ഫാനി കര തൊടുമെന്നും കേരളത്തിലടക്കം വിവിധയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ഉള്ളവര്‍ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


നാളെയും മറ്റന്നാളും തീരപ്രദേശത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടാനിടയുണ്ട്. രാത്രി യാത്ര ഒഴിവാക്കണം. വെള്ളപ്പൊക്കമുണ്ടായാല്‍ നേരിടാന്‍ പ്രളയ കിറ്റ് കരുതാനും നിര്‍ദ്ദേശമുണ്ട്. 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment