ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നവരാരാണ് ?




2021 കേരളത്തിന്റെ  ഉരുൾ പൊട്ടൽ ഊഴം കൂട്ടിക്കലിനും കൊക്കയാറിന്റെ തീരത്തി നുമായിരുന്നു എന്ന് ദുഖത്തൊടെ പറയേണ്ടി വന്നു.ദുരന്തത്തിൽ മരണം 10 ആയി . 10 പേരെ കൂടി കണ്ടെത്താനുണ്ട്.പശ്ചിമ ഘട്ടത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും സമാന ഭീതിയിലൂടെ കടന്നുപോകുന്നു.


ഉറുമ്പിക്കര മലയുടെ ഭാഗമായ കാവാലി മലയിലായിരുന്നു ഉരുൾപൊട്ടൽ.വൻ തോതിൽ ഖനനം നടത്തിവന്ന വാഴത്തറ ക്വാറിക്കാർക്കെതിരെയുള്ള സമരം കൊണ്ട്  പ്രവർത്തനം കുറച്ചുനാൾ മുമ്പ് നിർത്തി എങ്കിലും ദുരന്തത്തിനു വേണ്ട പശ്ചാത്തലം  നേരത്തെ തന്നെ ഒരുങ്ങിയിട്ടുണ്ടായിരുന്നു .മുണ്ടക്കയത്തെ മല തുരക്കൽ തടസ്സ മില്ലാതെ തുടരുകയാണ്.


മുണ്ടക്കയവും പരിസര പ്രദേശവും(ഹൈറേഞ്ച് തുടങ്ങുന്ന)പശ്ചിമഘട്ടത്തിന്റെ നിർണ്ണായക ഭാഗമാണ്.മലനാടിന്റ പ്രത്യേകതകൾ നിറഞ്ഞ ഗ്രാമമാണ് കൂട്ടിക്കൽ പഞ്ചായത്ത് .കഴിഞ്ഞ 50 വർഷത്തിനിടയിൽ കൂട്ടിക്കലും കാഞ്ഞിരപ്പള്ളിയും മറ്റും ഇത്രയധികം ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടില്ല.തുലാവർഷം ശരാശരി യിൽ അധികം ഉണ്ടായപ്പോൾ അത് മറ്റൊരു ദുരന്തമായി മാറുകയായിരുന്നു. കൂട്ടിക്കലിലെ പ്രധാനപ്പെട്ട 4 മലനിരകളിലും തുടരുന്ന ഖനനം മറ്റു പ്രദേശത്തിൽ എന്ന പോലെ നിയമങ്ങളെ കാറ്റിൽ പറത്തി നടത്തി വരുന്നു.അശാസ്ത്രീയമായ റോഡു പണിയും വില്ലനായിട്ടുണ്ട്.


കളവ പാറയിലും പോത്തുകല്ലിലും സംഭവിച്ച ഉരുൾപൊട്ടലിന് അനധികൃത ഖനന ങ്ങളും നിർമ്മാണങ്ങളും കാരണമായിരുന്നു.പെട്ടി മുടി ദുരന്തത്തിന് തോട്ടത്തിന്റെ  സുരക്ഷയെ പറ്റി അന്വേഷിക്കുവാൻ കാട്ടിയ താൽപ്പര്യക്കുറവായിരുന്നു കാരണം.


കൂട്ടിക്കലിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിന് പാറ ഉനനവും അശാസ്ത്രീയമായ റോഡു നിർമ്മാണവും കാരണമായി.പുനലൂർ -പൊൻകുന്നം റോഡു നിർമ്മാണ ത്തിലെ അശാസ്ത്രീയത പത്തനംതിട്ട ജില്ലയിലെ തെക്കെ അതൃത്തി മുതൽ മണ്ണിടി ച്ചിൽ വർധിപ്പിച്ചു.മലയോര ഹൈവെ നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായി മണ്ണ് എടുപ്പും നികത്തലും നടക്കുകയാണ്. 


സംസ്ഥാനത്ത് ഉരുൾ പൊട്ടലുകൾ മുൻപും ഉണ്ടായിട്ടുണ്ട്.കൊടും കാടുകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സംഭവിക്കുമ്പോൾ അത് പുറം ലോകം അറിയാറില്ല. അരുവികളുടെ സ്വഭാവത്തിലും ഡാമുകളുടെ സുരക്ഷക്കും അവ ഭീഷണിയാകും. കേരളത്തിൽ 1960 മുതൽ 2000 വരെയുണ്ടായ രേഖപ്പെടുത്തിയിട്ടുള്ള ഉരുൾ പൊട്ട ലുകൾ 70 നു താഴെയാണ്.അമ്പൂരിയായിരുന്നു വലിയ ആൾ നാശമുണ്ടാക്കിയത്. 2010 നു ശേഷം ഉരുൾ പൊട്ടലുകളും ഇടിച്ചിലുകളും വ്യാപകമായി.പശ്ചിമഘട്ട ത്തിലെ ജനവാസ കേന്ദ്രങ്ങളിൽ ദുരന്തങ്ങൾ വർധിക്കുന്നതിന് 18 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്തു നടത്തുന്ന വിവിധ തരത്തിലുള്ള മണ്ണിളക്കൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.മലയിടിക്കലും സ്ഫോടനവും സ്വാഭാവികമായി മലകൾ ഒഴുകി ഇറങ്ങുവാൻ കാരണമാകും.


മേൽ മണ്ണ് കഴിഞ്ഞുള്ള ഭൂമിയുടെ ഭാഗം പൊതുവെ പാറ കെട്ടുകൾ നിറഞ്ഞതാണ്. മേൽ മണ്ണിനെ ഉറപ്പിച്ചു നിർത്തുന്നതിൽ വേരുകളുള്ള പച്ചപ്പിനു കഴിയും.മരങ്ങൾ നഷ്ടപ്പെടുമ്പോൾ മഴ വെള്ളം ശക്തിയോടെ മണ്ണിൽ പതിക്കും.അത് മേൽമണ്ണിനും പാറ കെട്ടുകൾക്കു മിടയിൽ സംഭരിക്കും.ചരിഞ്ഞ പ്രദേശത്ത് മണ്ണിനിടയിൽ സംഭരി ക്കുന്ന വെള്ളം ശക്തമായി മേൽമണ്ണിൽ നടത്തുന്ന തള്ളൽ ഉരുൾ പൊട്ടലായി മാറും. വെള്ളവും പാറ കഷണങ്ങളും മണ്ണും ചേർന്ന മിശ്രുതം(Debris)താഴെക്കു നീങ്ങും. അതിന്റെ വേഗത 20 km മുതൽ ഏറെയധികമാകാം.ഒരു ഏക്കർ മല ഇടിഞ്ഞാൽ തന്നെ 8000 ടണ്ണിൽ കുറയാത്ത ഭാരം വേഗത്തിൽ പതിക്കുകയാണ്.അതിന്റെ തീവ്രത ഭയാനകമായിരിക്കും. 


പാറ നല്ല പ്രകമ്പന വാഹകരാണ്.സ്ഫോടനം നടക്കുമ്പോൾ തിരമാല കണക്കെ കമ്പനം ഉണ്ടാകും.അങ്ങനെ യാത്ര ചെയ്യുന്ന ഊർജ്ജം പാറ കെട്ടുകളിൽ ശക്തി കുറഞ്ഞ ഇടങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കും.അവിടെ വേഗത്തിൽ മല ഇടിഞ്ഞി റങ്ങും.സ്ഫോടനം നടക്കുമ്പോൾ തന്നെ മലകൾ ഇടിച്ചിറങ്ങണമെന്നില്ല.


20 ഡിഗ്രിയിലധികം ചരിഞ്ഞ പ്രദേശങ്ങളിലെ റബ്ബർ,ഏലം കൃഷിയിടങ്ങളിൽ ഉണ്ടാക്കുന്ന തടങ്ങൾ മണ്ണിടിച്ചിലിന് കാരണമാകാറുണ്ട്.ഏറെയധികം കാടുകൾ ഉണ്ടായിരുന്ന ഹെയ്ത്തിയിൽ വന വിസൃതി 4% ആയ ശേഷം വൻതോതിൽ ഉരുൾ പൊട്ടൽ സംഭവിക്കുന്നു.ഇൻഡോനേഷ്യ, ഫിലിപ്പൈൻസ് എന്നിവടങ്ങളിലും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വലിയ ദുരന്തങ്ങളായി തീരാറുണ്ട്. 


100 Km നു താഴെ മാത്രം വീതിയുള്ള കേരളത്തിൽ 7 മീറ്റർ മുതൽ 70 മീറ്റർ ഉയര ത്തിൽ ഇടനാടും 70 മീറ്റർ മുതൽ 1000 മീറ്റർ ശരാശരി ഉയരത്തിൽ മലനാടും സ്ഥിതി ചെയ്യുന്നു.70 കി.മീറ്റർ കിഴക്കു -പടിഞ്ഞാറായി ഒരു കിലൊ മീറ്ററിൽ കുറയാ ത്ത ചരിവുള്ള പ്രദേശങ്ങളിലാണ് ഖനനം കേരളത്തിൽ പാെടി പൊടിക്കുന്നത്.


ദുരന്തങ്ങൾ ഉണ്ടായ ശേഷം രക്ഷാപ്രവർത്തനത്തെ പറ്റി സംസാരിക്കുന്ന ഭരണ കൂടം,പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തി ജനങ്ങളെ കൊലക്കു കൊടുക്കുവാൻ മടിക്കുന്നില്ല എന്നാണ് ഈ വർഷത്തെ തുലാമാസ മഴക്കാലവും തെളിവാകുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment