ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രളയം; 80ലേറെ മരണം




നാല്​ ദിവസമായി തുടരുന്ന കനത്ത മഴയില്‍ ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രളയസമാന സാഹചര്യം. നാല് ദിവസത്തിനിടെ 80ലേറെ പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലാണ്. റോഡുകളിലും റെയില്‍പാതകളിലും വെള്ളം കയറി ഗതാഗതവും തടസപ്പെട്ടു.. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ യുപിയിലെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്.


ശരാശരിയിലും മുകളിലുള്ള മഴയാണ്​ യു.പിയില്‍ പലയിടത്തും ലഭിക്കുന്നത്​. നാല് ദിവസത്തിനിടെ 73 പേരാണ് യു.പിയില്‍ മരിച്ചത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ജില്ലകളിലാണ് റെഡ്​ അലേര്‍ട്ട്​ പ്രഖ്യാപിച്ചിരിക്കുന്നത്​. മഴയില്‍ റോഡുകളില്‍ വെള്ളം കയറിയത്​ മൂലം ഗതാഗതം താറുമാറായി.


ബിഹാറിന്റെ തലസ്ഥാനമായ പട്‌ന നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. ഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പാട്‌നയിലെ പ്രളയക്കെടുതി രൂക്ഷമാകാന്‍ ഇടയാക്കിയത്. സെപ്റ്റംബര്‍ 30 വരെ പട്നയിലടക്കം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. പട്‌നയിലെ പ്രധാന ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ വെള്ളം നിറഞ്ഞതിനാല്‍ രോഗികള്‍ ദുരിതത്തിലായിരിക്കുയാണ്.


ഡിവിഷണല്‍ കമീഷണര്‍മാരോടും ജില്ല മജിസ്​ട്രേറ്റുമാരോടും മഴക്കെടുതി നേരിടാനുള്ള നടപടികളെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ നാല് ലക്ഷം രൂപ നഷ്​ട പരിഹാരം നല്‍കാനും അദ്ദേഹം ഉത്തരവിട്ടു. രണ്ട്​ ദിവസം കൂടി കനത്തമഴ തുടരുമെന്നാണ്​ കാലാവസ്ഥ പ്രവചനം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment