തലക്ക് മുകളിലൊഴുകിയ പുഴകളിൽ കാൽ നനയ്ക്കാൻ വെള്ളമില്ല 




വേനൽ കൊടുക്കുന്ന ഏപ്രിൽ - മെയ് മാസങ്ങളിൽ കേരളത്തിലെ മിക്ക പുഴകളിലെയും വെള്ളം വറ്റാറുണ്ട്. എന്നാൽ പതിവിന് നേരത്തെ ഇത്തവണ പുഴകളിലെ വെള്ളം ധാരാളമായി കുറഞ്ഞിരിക്കുയാണ്. നല്ലൊരു ശതമാനം പുഴകളും പൂർണമായി വറ്റിയ അവസ്ഥയിലാണ്. ഫെബ്രുവരി പകുതി മുതലാണ് ഇത്തവണ പുഴകൾ വറ്റി തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രളയം വന്നപ്പോൾ നിറഞ്ഞ് കസ്‌വിഞ്ഞൊഴുകിയ പുഴകൾക്കാണ് 6 മാസം കൊണ്ട് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.


മഹാപ്രളയത്തെത്തുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതോടെ വെള്ളം പിടിച്ച് നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് പുഴകള്‍ വരളാന്‍ കാരണമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. വെള്ളം താഴ്ന്ന് പോകാതെ പിടിച്ച് നിർത്തുന്ന നദീതടങ്ങൾ പ്രളയത്തിൽ ധാരാളമായി മണൽ വന്നതോടെ മൂടി പോവുകയോ തരുകയോ ചെയ്‌തു. ഇതോടെ വെളളം പുഴകളിൽ കെട്ടി നിൽക്കാതെയായി. ഇതിനൊപ്പം അനുഭവപ്പെടുന്ന കടുത്ത ചൂടും പുഴകളിൽ വെള്ളം ഇലാതാക്കുന്നതിന് കാരണമായി.


സംസ്ഥാനത്തെ 44 പുഴകളില്‍ മിക്കതിലും വെള്ളം കുറയുകയാണ്. വേനലിന്‍റെ തുടക്കത്തില്‍ തന്നെ പുഴകള്‍ വറ്റുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ് ഏറെ നഷ്ടമായി.വെള്ളം വലിച്ചെടുത്ത് സൂക്ഷിക്കാനുള്ള ശേഷി ഇതോടെ മിക്ക പുഴകള്‍ക്കും നഷ്ടപ്പെട്ടു. തുലാവര്‍ഷം മോശമായതും നേരത്തെ തന്നെ പുഴകള്‍ വറ്റാന്‍ കാരണമായി.


തുലാവര്‍ഷത്തില്‍ ഏറ്റവും കുറച്ച് മഴകിട്ടിയ വടക്കന്‍ കേരളത്തിലാണ് സ്ഥിതി രൂക്ഷം. മലയോര മേഖലയിലെ പ്രധാന പുഴകളെല്ലാം വറ്റി.ഇവിടെ വരള്‍ച്ച രൂക്ഷമാണ്.വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ പ്രശ്നം അതീവ ഗുരുതരമാവും. മഴ കിട്ടുമ്പോള്‍ വെള്ളം സംഭരിച്ച് പതുക്കെ പുറം തള്ളുന്ന പുഴകളുടെ സ്വാഭാവിക സ്വഭാവം തിരികെ കിട്ടും വരെ നീരൊഴുക്കില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.


പുഴകളോടൊപ്പം മറ്റു ജലസംഭരണികളായ കിണറുകളും, കുളങ്ങളും, തടാകങ്ങളും വറ്റി വരളുകയാണ്. വേനൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ കടന്ന് വേണം വര്ഷകാലത്തിലേക്ക് കടക്കാൻ എന്നിരിക്കെ സംസ്ഥാനത്ത് കടുത്ത വരൾച്ചയ്ക്കും ഇക്കുറി ഉണ്ടാകുക എന്ന് വിദഗ്ദർ ചൂണ്ടി കാണിക്കുന്നു. വേനൽ മഴയിൽ മാത്രമാണ് ഏക പ്രതീക്ഷയുള്ളത്. പ്രളയത്തിന്റെ ദുരന്തങ്ങൾ കടുത്ത ജലക്ഷാമമായും കേരളത്തെ വേട്ടയാടുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment