പ്രളയം: മേപ്പാടി, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റുമാർ സത്യം മൂടിവെക്കുന്നു




വയനാട്ടിലെ മേപ്പാടിയിലേയും മലപ്പുറം ജില്ലയിലെ പോത്തുകല്ലിലേയും പഞ്ചായത്തു പ്രസിഡന്റ്മാർ രണ്ടു ചാനലുകളിലായി പങ്കെടുത്തു നടത്തിയ അഭിപ്രായങ്ങളിൽ നാട്ടിലുണ്ടായ ദുരന്തങ്ങളുടെ  നിസ്സായകാവസ്ഥ പ്രകടമായിരുന്നു.


മേപ്പാടി പഞ്ചായത്തിൽ നടന്ന ദാരുണ സംഭവം ലോകത്തെ ആദ്യമായി അറിയിച്ചത് ശ്രീ.സഹദ് എന്ന പഞ്ചായത്ത് അദ്ധ്യക്ഷനാണ്. ചാനൽ ചർച്ചയിൽ  ദുരന്തത്തിനു പിന്നിലെ കാരണങ്ങൾ പ്രസിഡന്റ് വ്യക്തമാക്കി. തനിക്ക് ഓർമ്മ വെക്കും മുമ്പ് പ്രദേശത്തു നടത്തിയ വനം വെട്ടും ഏല കാട്ടിലെ തടം എടുത്ത രീതിയും ദുരന്തത്തിനു കാരണമായിട്ടുണ്ടാകാം എന്ന് പരിഭവിച്ചു. കൃഷിയിൽ വരുത്തേണ്ട മാറ്റങ്ങൾ പറഞ്ഞു തരുവാൻ വിദക്തരെ അദ്ദേഹം നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.


പോത്തുകല്ലിലെ പഞ്ചായത്ത് അദ്ധ്യക്ഷൻ മണ്ണിനടയിൽ പെട്ട മരിച്ചു പോയവരുടെ വിഷയത്തേക്കാൾ  വനത്തിനുള്ളിലേക്കു കടന്നു പോയ നൂറിലധികം ആദിവാസികളെ ഓർത്തായിരുന്നു കൂടുതൽ വേവലാതിപെട്ടത്. കൊല്ലം ജില്ലയിൽ നിന്നുള്ള കുടിയേറ്റ കർഷകനായ നേതാവ് ദുരന്ത കാരണത്തെ പറ്റി വിശദമാക്കിയപ്പോൾ റബ്ബർ കാനകളെ പറ്റിയല്ലാതെ മറ്റു പ്രതികൂല സാഹചര്യങ്ങളെ പറ്റി സൂചിപ്പിച്ചില്ല.അദ്ദേഹവും തന്റെ നാട്ടിലെ കൂട്ടക്കുരുതിയാൽ വിവശനായിരുന്നു.


മേപ്പാടിയും പോത്തുകല്ലും നിലമ്പൂർ കാടുകളുടെ ഭാഗമാണ്. വയനാടിന്റെ പടിഞ്ഞാറുള്ള മേപ്പാടി, മലപ്പുറത്തിന്റെ കിഴക്കേ അറ്റത്തുള്ള  പോത്തുകല്ല് എന്നിവ, 20 വർഷങ്ങൾക്കു മുൻപ് വൻ മലയിടിച്ചിൽ ഉണ്ടായ വനപ്രദേശത്തിന്റെ ഇരു വശത്തായിട്ടാണ് കിടക്കുന്നത്.  മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ കിഴക്ക് 3000 അടി ഉയരത്തിലായി നിലനിൽക്കുന്ന വയനാടിന്റെ ഭൂപാളികളെ പിടിച്ചുലക്കാൻ കഴിയുന്ന  സ്ഫോടനങ്ങൾ നിയന്ത്രണങ്ങളില്ലാതെ ജില്ലകളിൽ  തുടരുകയാണ്. മലപ്പുറത്തു പ്രവർത്തിക്കുന്ന 700 നടുത്ത് ഖനനങ്ങൾ മലപ്പുറത്തെയും വയനാടിനെയും അസ്ഥിരമാക്കി വരുന്നു.
Western Ghat Ecological Expert കമ്മിറ്റി പരിസ്ഥിതി ലോല പ്രദേശങ്ങളിൽ.ഏറ്റവും പ്രധാന ഇടങ്ങളായി അടയാളപ്പെടുത്തിയ  ഇരു പഞ്ചായത്തുകളെയും നിർദ്ദേശ പട്ടികയിൽ നിന്നും ഒഴിവാക്കാൻ സമരങ്ങൾ സംഘടിപ്പിച്ചതിൽ ഇരു പഞ്ചായത്തുകളും ഭരിക്കുന്ന ഇടതുപക്ഷ, ഐക്യ ജനാധിപത്യ മുന്നണികൾ മുൻപിലുണ്ടായിരുന്നു.അന്ന് കുടിയേറ്റ കർഷകരോടായി വാസസ്ഥലവും കൃഷിയിടവും പശു വളർത്തലും ഉപേക്ഷിക്കേണ്ടി വരുമെന്നു പറഞ്ഞ നേതാക്കൾ ഉരുൾപൊട്ടൽ ,മണ്ണിടിച്ചിൽ മുതലായവയെ പരിസ്ഥിതി മാലികവാദികളുടെ  കെട്ടുകഥകളായി വിവരിച്ചു. 


മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് ,കൊഴിഞ്ഞാം പൊയ്ൽ മലകളിൽ ,വന വകുപ്പിന്റെ നിർദ്ദേശത്തെ മാറ്റി വെച്ച് റിസോർട്ടു നിർമ്മിക്കുന്നതിനായി  പഞ്ചായത്തു സമിതിയിലെ അംഗങ്ങൾ ഒറ്റകെട്ടായി നില ഉറപ്പിച്ചു..10 ഏക്കർ വരുന്ന പുത്തുമലയുടെ ഭാഗം ഇടിഞ്ഞു വീണതിൽ  പൈയിലിംഗിന് പ്രധാന പങ്കുണ്ട്. പഞ്ചായത്തു തീരുമാനം ജനങ്ങളെ മരണത്തിലേക്കു തള്ളി വിടുകയായിരുന്നു.
പ്രാദേശിക ഭരണവും അവർക്കൊപ്പം പഞ്ചായത്ത് ആഫീസു മുതലുള്ള സർക്കാർ മെഷിനറികളും ഒറ്റകെട്ടായി നിയമ ലംഘനങ്ങൾക്ക് കൂട്ടു നിന്നു. അപകടമുണ്ടായ മലക്ക് 5 km ചുറ്റളവിൽ 30 ലധികം ഖനനങ്ങൾ നടന്ന വിവരം ശ്രീ.സഹദ് എന്ന CPI m നേതാവ് ദുരന്തത്തിനു ശേഷവും മറച്ചു വെച്ചത് സ്വന്തം നാട്ടിൽ കൂട്ട കൊല നടന്നതിലെ തങ്ങളുടെ പങ്ക് മറച്ചുവെക്കുവാനായിരുന്നു.


കവളപ്പാറയിൽ ചില ഖനനങ്ങൾ നടന്നിരുന്നു എന്ന് സമ്മതിക്കേണ്ടി വന്ന ശ്രീ.കരുണാകരൻ നായർ(കോൺഗ്രസ്സ് നേതാവ്) മലക്കു ചുറ്റും 15 പാറ മടകൾക്ക്  പ്രതിദിനം 100 ലോഡ് വരെ  കടത്തുവാൻ എല്ലാ സഹായവും ചെയ്ത ജനസഭയുടെ  നേതാവാണ്. 10 ദിവസങ്ങൾ കഴിഞ്ഞിട്ടും ഇനിയും പുറത്തെടുക്കുവാൻ കഴിയാത്ത ശവ ശരീരങ്ങൾ. മണ്ണിനടിയിൽ പെട്ടു പോയ പള്ളി, അമ്പലം , പോസ്റ്റാേഫീസ്.  കവളപ്പാറയിൽ മാത്രം 59 മരണം. മരണ ചെട്ടവർ ആരും തന്നെ ഖനന, കെട്ടിട നിർമ്മാണ മാഫിയകളുടെ കൂട്ടു കച്ചവടക്കാരായിരുന്നില്ല. പക്ഷേ അവർ വികസന നായകരുടെ രക്തസാക്ഷികളായി മാറി.


നിലമ്പൂർ MLAയായി സേവനം ചെയ്തു വരുന്ന ശ്രീ. P. V. അൻവർ ദുരിത ബാധിതർക്ക് 10 ലക്ഷം രൂപ നൽകി. അദ്ദേഹത്തിന്റെ നിയമ ലംഘനങ്ങളെ പരമാവധി പിൻതുണച്ച ഇടതുപക്ഷ സർക്കാർ അതേ സമീപനമായിരുന്നു കുട്ടനാട് MLA യും ക്യാബിനറ്റ് അംഗവുമായിരുന്ന തോമസ്സ് ചാണ്ടിയുടെ അനധികൃത നിർമ്മാണത്തിനു വേണ്ടി കൈകൊണ്ടത്.ലുലു മുതലാളിക്കും മറ്റും നിയമത്തിനതീതമായി സഹായങ്ങൾ നൽകി വരുന്നു.


കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം August 25 നാണ് നെൽ വയൽ നീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുവാൻ നിയമം പാസ്സാക്കിയത്, കൃഷിക്കായി മാത്രം അനുവദിച്ച ഭൂമിയിൽ ഖനനം , ഏലക്കാടുകളിലെ മരം മുറിക്കു നൽകിയ അനുമതി, ഇടുക്കിയിലെ 1500 ച. അടി വരെയുള്ള വീടുകൾക്കും സ്ഥലത്തിനും പരി രക്ഷ, തീരദേശ നിയമത്തെ (CRZ) പരമാവധി അശക്തമാക്കിയത് , പാറ ഖനനത്തിന്റെ  ദൂരം 50 മീറ്ററായി നേരത്തെ കുറച്ചത് മുതലായ തീരുമാനങ്ങളിലൂടെ മലനാടു മുതൽ ഇടനാടും തീരപ്രദേശവും തകർക്കുന്നതിൽ  കേരളത്തിലെ പാർട്ടി സംവിധാനങ്ങൾ ഒരുമയോടെ നിലപാടുകൾ എടുക്കുന്നു.  


പ്രളയ കാലത്ത് നേതാക്കൾ  നടത്തുന്ന പണപ്പിരിവ്, അടിച്ചു വാരൽ സേവനം, അനുശോചന പ്രസംഗങ്ങൾ , പ്രളയകാല സെസ്സ് ,പുനർ നിർമ്മാണത്തിന് വിദേശ സ്ഥാപനങ്ങളുടെ ഉപദേശവും സഹായവും തുടങ്ങിയവ  കാപഠ്യ പ്രകടനങ്ങളും സുതാര്യത ഇല്ലാത്ത സാമ്പത്തിക ഇടപാടുമായി തുടരുന്നു. അതിന്റെ പ്രാദേശിക മുഖങ്ങളാണ്  മേപ്പാടിയിലേയും പോത്തു കല്ലിലേയും പഞ്ചായത്തു ഭരണ സമിതികൾ എന്നു  പറയേണ്ടി വരുന്ന സാഹചര്യം ലജ്ജാകരമാണ് .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment