പ്രളയം പരിസ്ഥിതി ജാഗ്രതയ്ക്കായുള്ള ഓർമ്മപ്പെടുത്തൽ : വനം മന്ത്രി




പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് സംസ്ഥാനത്തെ പ്രളയക്കെടുതിയെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. ഭൂമിയെ അലോസരപ്പെടുത്താതെയുള്ള വികസനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിലൂടെ മാത്രമേ ഭാവിയിൽ ദുരന്തങ്ങൾ ഒഴിവാക്കാനാകൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് കാത്ത് നിൽക്കാതെ സന്ദർഭോചിതമായ പ്രവർത്തനങ്ങളാണ് വനപാലകരിൽ നിന്ന് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തിൽ തകർന്ന ആദിവാസി മേഖലകളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾ, വനപ്രദേശങ്ങളിലെ റോഡുകളുടെ പുനർനിർമ്മാണം, പാലങ്ങളുടെ പുനർ നിർമ്മിതി എന്നിവയ്ക്കാകും ഇനി ഊന്നൽ നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

 

വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 15 മുതിർന്ന ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. വനം സംരക്ഷണ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്‌ടമായ വനപാലകരുടെ ഓർമ്മയ്ക്കായുള്ള വാനരക്തസാക്ഷി സ്തൂപവും മന്ത്രി അനാച്ഛാദനം ചെയ്തു. 2013 മുതൽ രാജ്യം സെപ്റ്റംബർ 11 വാനരക്തസാക്ഷി ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് രക്തസാക്ഷി സ്തൂപം ഒരുക്കിയത്. കൃഷ്ണശിലയിലും വെങ്കലത്തിലുമാണ് മൂന്ന് മീറ്റർ ഉയരമുള്ള സ്തൂപം നിർമ്മിച്ചിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment