അമ്മക്കടുവ ഉപേക്ഷിച്ചുപോയ കടുവക്കുട്ടിയെ വനം വകുപ്പ് വേട്ടയാടാൻ പഠിപ്പിക്കുന്നു




അമ്മക്കടുവ ഉപേക്ഷിച്ചുപോയ കടുവക്കുട്ടിയെ വനം വകുപ്പ് വേട്ടയാടാന്‍ പഠിപ്പിക്കുന്നു. അപൂര്‍വമായ ഈ കോച്ചിങ് ക്ലാസിനു പിന്നില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമാണ്. വനം വകുപ്പിന്റെ പരിചരണത്തിലുള്ള കടുവക്കുട്ടിക്കു മംഗളാദേവി വനത്തിലുള്ള കരടിക്കവലയിലാണു പരിശീലനം നൽകുന്നത്.


2020 നവംബര്‍ 21നാണു പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മംഗളാദേവി വനമേഖലയില്‍ നിന്ന് 60 ദിവസം പ്രായമായ പെണ്‍കടുവക്കുട്ടിയെ വാച്ചര്‍മാര്‍ കണ്ടെടുത്തത്. കൈകാലുകള്‍ തളര്‍ന്ന് അവശനിലയിലായിരുന്നു കടുവക്കുട്ടി. തള്ളക്കടുവ ജീവനോടെയില്ലെങ്കില്‍ മാത്രമേ കുട്ടികള്‍ ഈ രീതിയില്‍ ഒറ്റപ്പെടാറുള്ളൂ. വനം വകുപ്പ് ഏറെ തിരഞ്ഞെങ്കിലും പെണ്‍കടുവയുടെ മൃതദേഹം ലഭിച്ചില്ല. തള്ളക്കടുവയെ കണ്ടെത്താന്‍ പെരിയാര്‍ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തില്‍ ക്യാമറകള്‍ വച്ചിട്ടും സൂചനയൊന്നും ലഭിച്ചതുമില്ല.


ശാരീരിക അവശതകള്‍ മൂലം കടുവക്കുട്ടിയെ കൂട്ടത്തില്‍ നിന്ന് ഉപേക്ഷിച്ചതാകാമെന്നാണു വനംവകുപ്പിന്റെ ഇപ്പോഴത്തെ നിഗമനം. എന്തായാലും കടുവക്കുട്ടിയെ ഏറ്റെടുത്തിരിക്കുകയാണ് വനം വകുപ്പ്. ചെറിയ വ്യായാമവും ചിട്ടയായ ഭക്ഷണവും നല്‍കി പൂര്‍ണ ആരോഗ്യവതിയാക്കുകയാണ് ആദ്യപടി. ഇതിനൊപ്പം തനിയെ വേട്ടയാടാനുള്ള പരിശീലനവും നല്‍കും. 


മനുഷ്യരുടെ മണം പരിചിതമാകാതിരിക്കാന്‍ പുറംലോകം കാണിക്കാതെയാണു കടുവക്കുട്ടിയെ സംരക്ഷിക്കുന്നത്. കാട്ടില്‍ വിടുന്ന കടുവ മനുഷ്യഗന്ധം കിട്ടി നാട്ടി‍ല്‍ തിരികെ വരാതിരിക്കാനാണ് ഈ മുന്‍കരുതല്‍.പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ വനംവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരായ ശ്യാം ചന്ദ്രനും ബി.ജി.സിബിക്കുമാണു കടുവക്കുട്ടിയുടെ പരിപാലനത്തിന്റെ ചുമതല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment