വന നിയമവും വെട്ടി വെളുപ്പിക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ട് - ഭാഗം 1
ഇന്ത്യ അത്യപൂര്‍വ്വമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെ നീങ്ങുമ്പോള്‍, 1980 മുതൽ നിലവിലുളള വന നിയമത്തെ അശക്തമാക്കുവാനുള്ള ശ്രമത്തിലാണ് ദേശീയ സർക്കാർ. രാജ്യം രൂപപ്പെടുത്തിയ ഓരോ പരിസ്ഥിതി നിയമങ്ങളിലും കൂടുതൽ വെള്ളം ചേർക്കുവാൻ ഭരണാധികാരികൾ മടിക്കുന്നില്ല എന്നതിനുള്ള പുതിയ തെളിവാണ് വന നിയമത്തിൽ വരുത്തുവാൻ പാേകുന്ന ഭേദഗതികൾ. പരിസ്ഥിതി ആഘാത നിർണ്ണയ സമിതിയുടെ ഉടച്ചു വാർക്കലിനായുളള (2020) സർക്കാരിന്റെ ഭേദഗതി നിർദ്ദേശങ്ങൾ പരിമിതമായ പ്രകൃതി സംരക്ഷണത്തെ തന്നെ അശക്ത മാക്കുവാൻ സഹായകരമാണ്. അതിനെതിരായ പ്രതിഷേധങ്ങൾ ദേശീയ തലത്തിൽ ശക്തമായി ഉയർന്നിരുന്നു എന്നതിൽ തെല്ലാശ്വസിക്കാം. വന നിയമത്തിലെ ഭേദഗതി ശ്രമങ്ങൾ വൻ തിരിച്ചടികളാകും നാടിനു വരുത്തി വെക്കുക.


ലോകത്തെ ഏറ്റവുമധികം ആളുകൾ പ്രകൃതി ദുരന്തത്താൽ മരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഹിമാലയവും അറബിക്കടലും ബംഗാൾ ഉൾക്കടലും പശ്ചിമഘട്ടവും ഒക്കെ അസ്വാഭാവികമായിട്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. 2500 ജീവനുകളും ഒരു ലക്ഷം കോടി രൂപയുടെ നഷ്ടവും പ്രതി വർഷം കവർന്നെടുക്കുകയാണ് പ്രകൃതി ദുരന്തങ്ങൾ. പകർച്ച വ്യാധിക്കു ശമനമില്ല. കേരളവും ദുരന്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. എന്നിട്ടും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുവാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറല്ല എന്നാണ് വന നിയമത്തിലെ ഭേദഗതി ശ്രമങ്ങളിൽ നിന്നു മനസ്സിലാക്കുവാൻ കഴിയുക.


2015, പാരീസ് സമ്മേളനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ ലോകം പരാജയപ്പെട്ടതിനെ പറ്റി അടുത്ത ദിവസങ്ങളിൽ (ജപ്പാൻ) തുടങ്ങുന്ന COP-26 ൽ ചര്‍ച്ചകൾ ഉയരും. ഈ സാഹചര്യത്തിലും ഇന്ത്യയുടെ നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ പോലും അട്ടിമറിക്കപ്പെടുമ്പോൾ നമ്മൾ അന്തർദേശീയ കരാറുകളിൽ നിന്നു പുറകിലെക്കു പോകുകയാണ് എന്നു സമ്മതിക്കണം.


1927 മുതല്‍ അര ഡസ്സനിലധികം നിയമങ്ങളും ഭരണഘടനാ ഉറപ്പുകളും കടലാസ്സു പുലികളായി മാറിയ നാടാണ്‌ നമ്മുടേത്. അതിന്‍റെ ദുരന്തങ്ങള്‍ ഇന്ന് ഏറ്റവും അധികം അനുഭവിക്കുന്നുണ്ട് ഇന്ത്യക്കാര്‍. രാജ്യം നിലനിര്‍ത്തേണ്ട കാടുകളുടെ വിസ്തൃതി 33% ആണെന്നിരിക്കെ, ഇവിടെ കാടുകള്‍ 25% മാത്രമാണ്. ആഗോള വല്‍ക്കരണത്തിന്‍റെ തുടക്കം മുതല്‍ ഖനന-ഊര്‍ജ്ജ രംഗത്തെ ഇടപെടലുകള്‍ അവശേഷിക്കുന്ന കാടുകള്‍ക്കു ഭീഷണിയായി. തീരങ്ങള്‍ മുതല്‍ കൊടും കാടുകള്‍ വരെ വികസത്തിന്റെ പേരില്‍ തകര്‍ക്കപ്പെടുമ്പോള്‍ ഇന്ത്യ പാരീസ് ഉടമ്പടിയില്‍ സമ്മതിച്ചു കൊടുത്ത പ്രകൃതി സംരക്ഷണ പദ്ധതികളെ മറന്നു എന്നു കാണാം.


1980ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വന സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കുവാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് 1988 ല്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്. എന്നാല്‍ 40 വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ത്യന്‍ കാലാവസ്ഥയില്‍ ദുരന്തങ്ങള്‍ വര്‍ദ്ധിച്ചിരിക്കെ, പുതിയ ഭേദഗതികള്‍ അവശേഷിക്കുന്ന കാടുകള്‍ക്കു കൂടുതല്‍ ഭീഷണിയാകുകയാണ്. അന്തരീക്ഷ ഊഷ്മാവില്‍ ഒരു ഡിഗ്രി വര്‍ധന ഉണ്ടായാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് (GDP) യില്‍ 3%ത്തിന്‍റെ തിരിച്ചടിയുണ്ടാകും. 3 ഡിഗ്രിയില്‍ അധികമാണെങ്കില്‍ അത്10% വരുമാന നഷ്ടം ഉണ്ടാക്കും. വികസനത്തിന്‍റെ പേരില്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന നാട് പരിസ്ഥിതിയെ തകര്‍ത്തു കൊണ്ടാണ് വികസനത്തെ പറ്റി ചിന്തിക്കുന്നത്. അതിനുള്ള വഴി ഒരുക്കുവാനാണ് വന്‍ സംരക്ഷണ നിയമത്തിലെ പുതിയ ഭേദഗതിയിലൂടെ സർക്കാർ  ശ്രമിക്കുന്നത്.


1980ല്‍ നിലവില്‍ വന്ന നിയമത്തിനു കരുത്തു പകരുവാന്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാട്‌ Vs. യൂണിയന്‍ ഓഫ് ഇന്ത്യ കേസ്സ് ഉപകരിച്ചു. ഡിസംബര്‍ 12, 1996 ല്‍ ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മ്മയുടെ ബഞ്ച്, സ്വകാര്യ-സര്‍ക്കാര്‍ ഭൂമി എന്ന വ്യത്യാസമില്ലാതെ സ്വകാര്യ ഭൂമിയിലെ വനത്തിനും സര്‍ക്കാര്‍ വനത്തി നും ഒരേ സുരക്ഷ ഉണ്ടാകണം എന്നു വിധിച്ചു. (Forest means Land  area of more than 0.5 hectare, with a tree canopy cover of more than 10%, which is not primarily under agricultural or other specific non-forest land use). വിധിയിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി വെട്ടി നിരത്തലുകള്‍ക്ക് നിയന്ത്രണമുണ്ടായി. 94 റെയില്‍ വാഗണുകള്‍ (അനധികൃത തടി കടത്തിയ) പിടിച്ചെടുക്കുവാന്‍ കാരണമായ വിധി വന നിയമത്തിന്‍റെ കരുത്ത് വര്‍ധിപ്പിച്ചു.


1980 ലെ വന നിയമം ഭേദഗതി ചെയ്യുവാന്‍ 14 നിര്‍ദ്ദേശങ്ങള്‍ പുതുതായി സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്നു. ഭേദഗതികൾ  അവശേഷിക്കുന്ന വന ഭൂമിക്കു ഭീഷണിയാണ് എന്നു വ്യക്തമാണ്. 


1. സ്വകാര്യ വന ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ അനുവദിക്കണം. നിലവിലെ നിയമം വികസനത്തിനു തടസ്സം നില്‍ക്കുന്നു എന്നാണ് പുതിയ നിർദ്ദേശം. 


ഗോദ വര്‍മ്മ കേസ്സിലെ എല്ലാ വന ഭൂമിക്കും ഒരേ സംരക്ഷണം എന്ന അവസരം ഇവിടെ അട്ടിമറിക്കപെടുവാന്‍ അവസരം ഒരുക്കുന്നു.


2. റെയില്‍-ദേശിയ റോഡ്‌ വകുപ്പു മുതലായവരുടെ ഉടമസ്ഥതയിലുള്ളതും വനം എന്ന നിര്‍വചനത്തില്‍ വരുന്നതുമായ ഇടങ്ങള്‍ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ നിലവില്‍ വനവല്‍ക്കരണ പദ്ധതികള്‍ (Compensatory afforestation) / Net present Value നടത്തി / നൽകി വേണം നടപ്പിലാക്കുവാൻ. ഹെക്ടറിന് ഏകദേശം 9 ലക്ഷം രൂപയാണ് അതിനു വരുന്ന ചെലവ്. ഇത്തരം നിബന്ധനകൾ ഒഴിവാക്കി നല്‍കുവാന്‍ (25-10-1980 നു മുന്‍പുള്ള) കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. 


റെയില്‍-റോഡു വകുപ്പുകളുടെ ഉടമസ്ഥതയില്‍ 40 വര്‍ഷമായി സ്ഥിതി ചെയ്യുന്ന, വനത്തിന്‍റെ നിര്‍വചനത്തില്‍ വരുന്ന, ഇടങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ്.


3. a. രാജ്യത്തിന്‍റെ കാലാവസ്ഥാ പ്രത്യേകതകള്‍ കൊണ്ട് കൂടുതല്‍ വേഗത്തില്‍ തണലുകള്‍ വളരാറുണ്ട്. എന്നാല്‍ അവയെ വനം എന്ന നിര്‍വചനത്തില്‍ പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് ഗവ: ഭേദഗതിയിൽ പറയുന്നു. ആയതിനാല്‍ അതിനുള്ള അവസരം ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കും.


സ്വകാര്യ ഭൂമിയിലെ മരം മുറി കേരളത്തിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കി. പുതിയ സർക്കാർ ശ്രമങ്ങൾ മരം മുറിക്കുള്ള സർവ്വ നിയന്ത്രണങ്ങൾക്കും അവസാനം കുറിക്കും.


b. രാജ്യത്തിന്‍റെ ദേശിയ വന നയം (1988) അനുസരിച്ച് മൂന്നിലൊന്നു പ്രദേശവും കാടായിരിക്കണം. നിലവില്‍ 24.56% വനം മാത്രമേ രാജ്യത്ത് നില നില്‍ക്കുന്നുള്ളൂ എന്ന് സർക്കാർ പറയുന്നു. സ്വാഭാവിക വനം വര്‍ദ്ധിപ്പിക്കുവാന്‍ തടസ്സങ്ങള്‍ ഉണ്ട്. പകരം സ്വകാര്യ ഭൂമിയെ കാടുകളാക്കുവാന്‍ ശ്രമിക്കും എന്നാണ് ക്രേന്ദ്രം ഉറപ്പു നൽകുന്നത്. 


സ്വാകാര്യ വനങ്ങള്‍ സാധാരണ പ്രദേശമായി മാറ്റുവാന്‍ അവസരം ഉണ്ടാക്കും എന്ന് പറയുന്ന അതെ പേജില്‍ തന്നെ തുറസ്സായ സ്വകാര്യ ഭൂമി വനമാക്കുവാന്‍ ശ്രമിക്കും എന്നും സര്‍ക്കാര്‍ പറയുമ്പോൾ എന്തായിരിക്കും സംഭവിക്കുക?


c. രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം 250 കോടി മുതല്‍ 300 കോടി ടൺ വരെ കുറയ്ക്കുവാന്‍ 2030 കൊണ്ട് രാജ്യത്തിനു കഴിയണം. ഇന്ത്യയിലേക്ക് 45000 കോടിയുടെ തടി വിഭവങ്ങള്‍ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നു. അതിന്‍റെ അളവ് കുറക്കണം എന്ന് ഭേദഗതി ആഗ്രഹിക്കുന്നു. അതിനായി വ്യക്തികള്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്.


ഒരു വശത്ത് സ്വകാര്യ വനങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ മടിക്കുന്നു. എന്നാല്‍ ഒറ്റപെട്ട മരങ്ങള്‍ വെച്ച് പിടിപ്പിക്കുവാന്‍ തയ്യാറകണം എന്നുകൂടി പറയുന്നതിലൂടെ ഒന്നിലധികം മരങ്ങൾ വളർന്ന് തണൽ വിരിക്കാനുള്ള സാധാരണ ഭൂമിയിലെ അവസ രങ്ങൾ വരെ ഒഴിവാക്കുവാനാണ് 2021ലെ വന നിയമ ഭേദഗഗതി വഴി അധികാരികൾ ശ്രമിക്കുന്നത്.


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment