വനനിയമവും വെട്ടിവെളുപ്പിക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ട് - ഭാഗം 2
4. നിലവിലെ രേഖകളില്‍ വന ഭൂമി എന്നും റവന്യൂ ഭൂമി എന്നും ഒരേ സ്ഥലങ്ങളെ രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതിനു പരിഹാരം കാണും എന്ന് പുതിയ വന നിയമ ഭേദഗതികളിൽ നാലാമതായി പറയുന്നു. 12-12-1996 നു ശേഷം റവന്യൂ ഭൂമിയായി പരിഗണിക്കുന്ന ഏതു തരം സ്ഥലത്തെയും റവന്യൂ ഭൂമിയായി മാത്രം പരിഗണിച്ചാൽ മതി എന്നാണ് സര്‍ക്കാര്‍ പറയുന്നത്.


അര ഹെക്ടര്‍ സ്ഥലത്ത് 10% തണല്‍ ഉണ്ടെങ്കില്‍ അതിനെ വനമായി പരിഗണിക്കണം എന്ന നിയമം നിലവില്‍ ഉള്ള നാട്ടിൽ, വനശോഷണം ശക്തമായി നടക്കുമ്പോള്‍ നിലവിലെ കാടുകളെ തന്നെ സാധാരണ ഭൂമിയായി പരിഗണിക്കുവാനുള്ള  പുതിയ ശ്രമം വെട്ടി വെളിപ്പിക്കൽ വര്‍ധിപ്പിക്കും.


5. റോഡുകള്‍ക്കും റെയിലിനും ചേര്‍ന്നു കിടക്കുന്ന സ്ട്രിപ്പ് കാടുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്.


സ്വാഭാവികമായി റെയില്‍-റോഡു തണലുകള്‍ ഒഴിവാക്കി റിബണ്‍ വികസനത്തി നായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്ഥലങ്ങള്‍ വിട്ടു കൊടുക്കുവനാണ് വന നിയമത്തെ  ചുരുക്കുന്നതിന്റെ ലക്ഷ്യം.


6. 40 വര്‍ഷത്തിനിടയില്‍ പരിസ്ഥിതിക്ക് മാറ്റങ്ങള്‍ സംഭവിച്ചു.അത് പല തിരിച്ചടിയും ഉണ്ടാക്കുന്നു.അതുകൊണ്ട് നമ്മുടെ നിയമങ്ങള്‍ ശക്തമാക്കണമെന്ന് സര്‍ക്കാര്‍ പറയുന്നു.


ഇത്തരം ഉറപ്പുകള്‍ പറയുകയും എന്നാല്‍ വന നിയമത്തെ നിരായുധമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വളരെ പ്രകടമാണ്.


7. രാജ്യാന്തര അത്രുത്തികളില്‍ സ്ഥിതി ചെയ്യുന്ന കാടുകളെ വന നിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കും.


രാജ്യത്തിന്‍റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍,ഹിമാലയന്‍ നിരകള്‍ എന്നിവിടങ്ങളിലെ അത്യപൂര്‍വ്വ കാടുകള്‍,കണ്ടല്‍ കാടുകള്‍,ആന്റമാന്‍-നിക്കോ ബാര്‍ ദ്വീപുകള്‍,ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലെ പരിസ്ഥിതി സൗഹൃദ ഇടങ്ങൾ  തകര്‍ക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് അവസരം ഒരുക്കുകയാണ് പുതിയ നിര്‍ദ്ദേശങ്ങളിലൂടെ.


8. നിലവിലെ വന നിയമത്തില്‍ Subsection section2(!!),Subsection section2(!!!) എന്നീ വകുപ്പുകള്‍ നിലവിലുണ്ട്.Subsection section2(!!)വനഭൂമി വന ഇതര ആവശ്യ ങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ പറ്റിയും subsection section2(!!!) ഖനനത്തിനും മറ്റും ലീസിനു നല്‍കുന്നതിനെ പറ്റിയും പ്രതിപാദിക്കുന്നു.ഈ രണ്ടു തരത്തിലുള്ള വിശദീകണം സംരംഭകര്‍ക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നു.അതിനാല്‍ രണ്ടമത്തെ  subsection section ഒഴിവാക്കുകയാണ് ഭേദഗതിയിലൂടെ .


വനഭൂമിയും പ്ലാന്‍റെഷന്‍ ഭൂമിയും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ രണ്ടു തര ത്തിലുളള മാര്‍ഗ്ഗങ്ങള്‍ തേടണം എന്ന നിയന്ത്രണത്തെ ലഘൂകരിക്കുവാന്‍ sub- section section2 (!!!) റദ്ദാക്കും എന്നാണ് സർക്കാർ അറിയിപ്പ്. അങ്ങനെ വനം മറ്റാവശ്യങ്ങള്‍ക്ക് വേഗത്തില്‍ ഉപയോഗിക്കാന്‍ അവസരം ഉണ്ടാക്കും.


9. വന ഭൂമിയുടെ അടിയില്‍ വനത്തിനു പുറത്തു നിന്നും തുരങ്കങ്ങള്‍ ഉണ്ടാക്കുന്ന Extended Reach Drilling ന് ഇന്ന് അനുവാദം നല്‍കുന്നില്ല. ഇനി മുതല്‍ ERD ഉപയോഗിക്കുവാന്‍ സാഹചര്യം നൽകും.


വനം എന്നത് കേവലം മേല്‍ മണ്ണോ അതിലെ കാടുകളോ അല്ല. ഭൂമിക്കടിയിൽ ഗുഹകള്‍ ഉണ്ടാക്കി അതില്‍ നിന്നും ഖനിജങ്ങള്‍ എടുത്താല്‍ അത് വനത്തിന്‍റെ സുരക്ഷക്കും അരുവികളുടെ രൂപീകരണത്തിനും ഭീഷണിയായി തീരും എന്ന് മറന്നു കൊണ്ട് വന നിയമം ഭേദഗതി ചെയ്യുകയാണ്.


10. സുപ്രീംകോടതി വിധിയിലൂടെ (12-12-96 ലെ) വന ഭൂമിയായി പരിഗണിച്ച സ്വകാര്യ വനങ്ങളില്‍ 250 ച.മീറ്റര്‍ വരെ വലിപ്പമുള്ള കെട്ടിടങ്ങള്‍ പണിയുവാന്‍ അവസരം നല്‍കും.


സ്വകാര്യ വനത്തില്‍ കൃഷിക്കും മറ്റും ചെറു നിര്‍മ്മാണങ്ങള്‍ അനുവദിക്കുന്നതിനു പകരം വൻ കിട നിര്‍മ്മാണങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ വെക്കുന്ന പുതിയ നിര്‍ദ്ദേശം നിലവിലുള്ള വനത്തിന്‍റെ തകര്‍ച്ചക്ക് അവസരമൊരുക്കുമെന്ന് വ്യക്തം.


11. മൃഗശാല, സഫാരി പാര്‍ക്ക് എന്നിവയെ വനേതര പ്രവര്‍ത്തനമായി കണ്ടിരുന്ന രീതിക്ക് മാറ്റമുണ്ടാക്കും.


ഈ സമീപനത്തിലൂടെ സഫാരി പാര്‍ക്ക്, വന പരിശീലന കേന്ദ്രങ്ങുടെ നിര്‍മ്മാണം എന്നിവ വന സംരക്ഷണത്തിന്‍റെ ഭാഗമാകുമ്പോള്‍ നിരവധി നിര്‍മ്മാണങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ നടത്തുവാന്‍ കാട്ടില്‍ അവസരം ഉണ്ടാകുകയാണ്.  


12. നിലവിലെ നിയമത്തില്‍ വന ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ ഒന്നിലധികം ഫീസ് അടക്കേണ്ടുന്നതിനാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും.


തുശ്ചമായ പണം നല്‍കി വന ഭൂമിയെ തരം മാറ്റുവാന്‍ വേദി ഒരുക്കുകയാണ് സര്‍ക്കാര്‍.


13. നിലവിലുള്ള വന നിയമം സെക്ഷന്‍ 2 ലെ ശിക്ഷ ശക്തമാക്കും.തടവും പിഴയും ഏര്‍പ്പെടുത്തും.സെക്ഷന്‍ 3A യിലെ ശിക്ഷയും വര്‍ധിപ്പിക്കും. പിഴപ്പണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ വാങ്ങി എടുക്കും. (Compensatory Afforestation Fund Act, CAMPA).


നിയമങ്ങള്‍ പരമാവധി ലഘൂകരിച്ച ശേഷം കുറ്റത്തിന് കൂടിയ ശിക്ഷ തീരുമാനിക്കുക. വസൂലാക്കുന്ന പണം സംസ്ഥാനങ്ങള്‍ക്ക് പകരം കേന്ദ്രം വാങ്ങും എന്ന് പുതിയ നിയമം പറയുന്നതിലെ ഉദ്ദേശം വ്യക്തമാണ്‌.


14. വനത്തിനുള്ളില്‍ സര്‍വ്വേ, മറ്റു പഠനങ്ങള്‍ നടത്തുന്നതിന് നിലവില്‍ സര്‍ക്കാരിന്‍റെ അനുമതി വേണ്ടതുണ്ട്.ഇനി മുതല്‍ അത് ഒഴിവാക്കി കൊടുക്കും.


വനത്തിനുള്ളില്‍ നടത്തുന്ന പഠനവും മറ്റും വന ഇതര പ്രവര്‍ത്തനമായി പരിഗണിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വനത്തിനുള്ളില്‍ നിലനില്‍ക്കുന്ന എല്ലാ നിയന്ത്രണവും അവസാനിപ്പിക്കും എന്നാണ് പറയാതെ പറയുന്നത്.


ലോക കാലാവസ്ഥാ സമ്മേളനം (COP 26) നടക്കുന്ന വേദിയില്‍ ഇന്ത്യയുടെ പ്രധാന മന്ത്രി സ്വന്തം രാജ്യത്തെ അവശേഷിക്കുന്ന കാടുകള്‍ക്ക് കൂടി ചരമ ഗീതം രചിക്കു വാന്‍ അവസരം ഒരുക്കുന്ന കരടു നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷമാണ് മറ്റു രാജ്യ ങ്ങളെ ഉപദേശിക്കുവാന്‍ ശ്രമിക്കുന്നത് . അറബിക്കടലും ബംഗാള്‍ സമുദ്രവും വലിയ ചുഴലിക്കാറ്റുകള്‍ക്ക് വേദിയാകുന്നു.സുന്ദര്‍ബാനും മ്യാന്മാര്‍ അത്രുത്തിയിലെ കാടു കളും ഹിമാലയവും ആരവല്ലിയും പശ്ചിമഘട്ടവും ഒക്കെ തകര്‍ന്നു കൊണ്ടിരി ക്കുന്നു.രാജ്യത്തെ കാലാവസ്ഥാ തിരിച്ചടി പരിഹരിക്കുവാന്‍ 2015-30 വര്‍ഷങ്ങളില്‍ 2.5 ലക്ഷം കോടി ഡോളര്‍(185 ലക്ഷം കോടി രൂപ)മാറ്റി വെക്കണം എന്ന് പാരിസ് സമ്മേളനത്തില്‍ സൂചിപ്പിച്ചു.മുൻകരുതലെടുത്തില്ല എങ്കിൽ അടുത്ത 50 വര്‍ഷത്തി നിടയില്‍ 35 ലക്ഷം കോടി ഡോളര്‍(2590 ലക്ഷം കോടി രൂപ) സാമ്പത്തിക നഷ്ട്ടം നാടിനുണ്ടാകും എന്നാണ്  പ്രകൃതി ശാസ്ത്രഞ്ജര്‍ അഭിപ്രായപെട്ടത്.


രാജ്യത്തെ നിലവിലുള്ള കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കുവാന്‍ ശ്രമിച്ചില്ല എങ്കില്‍ പ്രതിവര്‍ഷം 52 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തിരിച്ചടി ഇന്ത്യ നേരിടും എന്ന് അറിഞ്ഞിട്ടും രാജ്യത്തെ നിലവിലുള്ള വന നിയമത്തെ പൂര്‍ണ്ണമായും അട്ടിമറിക്കുവാന്‍ ഉതകും വിധമുള്ള 14 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നു.അതിന്‍ മേല്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനുള്ള സമയം 24 മണിക്കൂറിനുള്ളില്‍ അവസാനിക്കുക യുമാണ്.കോവിഡു പോലെയുള്ള വ്യാധികള്‍ പിടിമുറുക്കിയ ഈ കാലത്തു പോലും രാജ്യത്തെ കടലിനെയും(നീല സാമ്പത്തിക പരിഷ്കരണം) കാടിനേയും തര്‍ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതില്‍ പ്രതിഷേധിക്കുവാന്‍ ഇന്ത്യക്കാര്‍ക്കു  ശക്തമായി കഴിഞ്ഞില്ല എങ്കിൽ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment