പ്രളയമേഖലകളിലെ ജലം പരിശോധിക്കാൻ സൗജന്യ സംവിധാനം




വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് സൗജന്യ സംവിധാനമൊരുക്കുന്നു. കിണറുകളിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും വെള്ളം ജല അതോറിറ്റി ഏർപ്പെടുത്തിയ ലാബുകളിൽ പരിശോധിക്കാം. സൗജന്യ പരിശോധന സെപ്റ്റംബർ 28 വരെ ലഭ്യമാകും. പ്രളയബാധിത പ്രദേശങ്ങൾ ഇപ്പോൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് മലിനമായ ജലം. വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കിണറുകളിലെ വെള്ളം കുടിക്കുന്നത് പകർച്ചവ്യാധി ഭീഷണിയും ഉണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സൗജന്യ ജല പരിശോധനാ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. 

 

പ്രളയത്തിന് ശേഷം മിക്ക കിണറുകളിലും വെള്ളത്തിന് കലക്കൽ, പി എച്ച് മൂല്യത്തിന്റെ കുറവ്, ആവശ്യമായ ക്ലോറിന്റെ അപര്യാപ്തത, ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ജലജന്യ രോഗങ്ങൾ തടയാൻ ജനങ്ങൾ വെള്ളം ഗുണനിലവാര പരിശോധന നടത്തിയ ശേഷം മാത്രം ഉപയോഗിക്കണമെന്ന് ജലഅതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനയിൽ വെള്ളം കുടിക്കാൻ യോഗ്യമാണെന്നു കണ്ടെത്തിയാലും പൊതുജനാരോഗ്യ വകുപ്പിൻറെ നിർദ്ദേശാനുസരണം തിളപ്പിച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

 


നീരേറ്റുപുറം (കുട്ടനാട്), പരുമല (പാണ്ടനാട്), ആറൻമുള പഞ്ചായത്ത് ഓഫീസ്, റാന്നി വാട്ടർ അതോറിറ്റി ഓഫീസ്, വൈക്കം വാട്ടർ അതോറിറ്റി ഓഫീസ്, വടക്കൻ പറവൂർ കുടുംബിസ്ഥാനം മാർക്കറ്റ് ബിൽഡിങ്, ചാലക്കുടി വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസ് എന്നിവിടങ്ങളിലെ 7 താത്കാലിക ലാബുകളിലും സൗജന്യമായി പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര വിഭാഗത്തിൽ സ്റ്റേറ്റ് റഫറൽ ഓഫീസ് (ഫോൺ: 0484 2707278), തിരുവനന്തപുരം ഡിവിഷൻ ഓഫീസ് (ഫോൺ: 0471 2329105), കോഴിക്കോട് ഡിവിഷൻ ഓഫീസ് (ഫോൺ 0495 2374570), തിരുവല്ല റീജണൽ ലാബ് (0469 2600833) എന്നിവയുമായി ഓഫീസ് പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment