ഗാന്ധിയൻ കളക്ടീവ്‌ ദേശീയ സത്യാഗ്രഹം നൂറാം ദിവസത്തിലേയ്ക്ക് 




വെള്ളരിക്കുണ്ട്: ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം ആവശ്യപ്പെടുന്നു (Gandhiji 's India demands Politics for the Poor) എന്ന മുദ്രാവാക്യവുമായി ഗാന്ധിയൻ കളക്ടീവ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിവരുന്ന റിലേ ഉപവാസ സത്യാഗ്രഹം സെപ്റ്റമ്പർ 12 ന് നൂറാം ദിവസത്തിലേയ്ക്ക്. ബീഹാറിലെ ചമ്പാരനിൽ പരിസ്ഥിതി ദിനമായ ജനുവരി 5ന് തുടക്കം കുറിച്ച സത്യാഗ്രഹത്തിൽ ഇതിനോടകം 23 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കാളികളായി. 


കർഷകരെയും തൊഴിലാളികളെയും ഗ്രാമീണ സമ്പദ്ഘടനയെയും പരിസ്ഥിതിയെയും രക്ഷിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഈ സത്യാഗ്രഹത്തിന്റെ ഒന്നാം ഘട്ടം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് സമാപിക്കും. സത്യാഗ്രഹത്തിൽ ഇതിനോടകം പങ്കെടുത്തവരിൽ, പദയാത്രാ ഗാന്ധി എന്നറിയപ്പെടുന്ന പി.വി.രാജഗോപാൽ, മനുഷ്യാവകാശ പ്രവർത്തകയായ ദയാഭായി, ഇന്ത്യയുടെ ജല മനുഷ്യൻ ഡോ.രാജേന്ദ്ര സിംഗ്, മഗ്സസേ അവാർഡ് ജേതാവു് സന്ദീപ് പാണ്ഡെ, തലമുതിർന്ന ഗാന്ധിയൻ നേതാക്കളായ അമർനാഥ്ഭായി, രാധാഭട്ടു്, കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകൻ എസ്.പി.ഉദയകമാർ തുടങ്ങിയ പ്രമുഖരുൾപ്പെടും. 


സത്യാഗ്രഹത്തിന്റെ നൂറാം ദിവസമായ സെപ്റ്റമ്പർ 12 ന് 24 മണിക്കൂർ ഉപവസിക്കുന്നത് ഗാന്ധിയൻ കളക്ടീവ് കേരളാ കോ ഓർഡിനേറ്റർ സണ്ണി പൈകടയാണ്. കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ കൊന്നക്കാടാണ്  ഉപവാസം നടക്കുക. അന്നേദിവസം രാഷ്ട്രീയ പാർട്ടികളോടു് ദരിദ്രപക്ഷ രാഷ്ട്രീയവുമായി ബന്ധപെട്ട ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുള്ള കത്തയക്കൽ കാമ്പയിന് 14 ജില്ലകളിലും തുടക്കം കുറിക്കും.ഈ കാമ്പയിൻ ഒക്ടോബർ 2 വരെ തുടരും. സെപ്റ്റമ്പർ 12-ലെ സത്യാഗ്രഹത്തിന്റെ തയ്യാറെടുപ്പുകൾക്കായുള്ള സംഘാടക സമിതി രൂപീകരണം 7 ന് തിങ്കളാഴ്ച്ച 5 മണിക്ക് കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്സ് ക്ലബ്ബിൽ നടക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment