എൻഡോ സൾഫാൻ പീഡിതരുടെ അവകാശ സമരത്തെ പിന്തുണയ്ക്കുക; ഗാന്ധിയൻ കളക്ടീവ്




എൻഡോ സൾഫാൻ പീഡിതർക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പിലാക്കുക, മതിയായ ചികിത്സ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻഡോ സൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിവരുന്ന സമരങ്ങൾക്ക് പിന്തുണ അറിയിച്ച് ഗാന്ധിയൻ കളക്ടീവ്. ജൂലൈ 30 ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രഖ്യാപിച്ചിട്ടുളള അവകാശ ദിനാചരണത്തോടു് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടു് ഗാന്ധിയൻ കളക്ടീവ് ജില്ലകളിൽ സത്യാഗ്രഹം നടത്തുന്നു.


പ്ലാന്റേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ കാസർഗോട്ടുള്ള കശുമാവിൻ തോട്ടങ്ങളിൽ 1976 മുതൽ 2000 വരെ എൻഡോ സൾഫാൻ കീടനാശിനി തളിച്ചതിന്റെ ഫലമായി സമാനതകളില്ലാത്ത ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന എൻഡോ സൾഫാൻ ഇരകൾക്ക്  ഇനിയുംനീതി ലഭിച്ചിട്ടില്ല. മനുഷ്യാവകാശ കമ്മീഷനും സു പ്രീം കോടതിയും ഉത്തരവിട്ടിട്ടും എൻഡോ സൾഫാൻ പീഡിതരായ മുഴുവൻ ആളുകൾക്കും നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ തയ്യാറായിട്ടില്ല. 


2017ലെ സുപ്രീം കോടതി വിധിയനുസരിച്ച് ഇരകളായവർക്ക് 5 ലക്ഷം രൂപ വീതം ലഭിക്കേണ്ടതാണ്. 3717 പേർക്ക് 5 ലക്ഷം രൂപ വീതവും 1568 പേർക്ക് 2ലക്ഷം രൂപ വീതവും ഇനിയും ലഭിക്കാനുണ്ട്. ദുരിത ബാധിതർക്ക് നൽകിയിരുന്ന പെൻഷൻ വെട്ടിക്കുറക്കുകയും കൃത്യമായി നൽകാതിരിക്കുകയും ചെയ്യുന്നു. മൃതപ്രായരായി ജീവിക്കുന്ന എൻഡോ സൾഫാൻ ഇരകൾക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനും സർക്കാർ തയ്യാറായിട്ടില്ല. ഇരകളെ സഹായിക്കുന്നതിനു പകരം പലവിധത്തിൽ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ഇപ്പോഴത്തെ കളക്ടർ സ്വീകരിച്ചിരിക്കുന്നത്. 


ഈ സാഹചര്യത്തിലാണ് ഗാന്ധിയൻ കളക്ടീവ് പിന്തുണയുമായി എത്തിയത്. എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കുന്നതിനു വേണ്ടി നടക്കുന്ന എല്ലാ നീക്കങ്ങളെയും പിന്തുണയ്ക്കാൻ മനസാക്ഷിയുള്ള മുഴുവനാളുകളും തയ്യാറാവണമെന്ന് ഗാന്ധിയൻ കളക്ടീവിനു വേണ്ടി ചെയർമാൻ സണ്ണി പൈകട, ജന.കൺ വീനർ അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ എന്നിവർ ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment