പ്രകൃതിയുടെ മനോഹര കാഴ്ച്ചയൊരുക്കി ഗവി വീണ്ടും സജീവമാകുന്നു




വിനോദ സഞ്ചാര കേന്ദ്രമായ ഗവി വീണ്ടും സജീവമാകുന്നു. ഇവിടേക്ക് സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സഞ്ചാരികള്‍ക്കു വീണ്ടും പ്രവേശനം അനുവദിച്ചത്. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്ന 30 വാഹനങ്ങള്‍ക്കാണ് ഒരു ദിവസം പ്രവേശനം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.


ബുക്ക് ചെയ്യുന്നവര്‍ ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസില്‍ നിന്ന് പാസ് എടുത്താണ് യാത്ര തുടങ്ങേണ്ടത്. ഇവിടെ എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും ഇവരുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന് കിളിയെറിഞ്ഞാന്‍കല്ല് ചെക്ക് പോസ്റ്റില്‍ പാസുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് യാത്ര അനുവദിക്കുക. പൂര്‍ണമായും വനത്തിലൂടെയാണ് യാത്ര.


ഗവിയിലേക്കു പ്രവേശനം ലഭിക്കുന്ന സഞ്ചാരികള്‍ മൂഴിയാര്‍, കക്കി, ആനത്തോട്, പച്ചക്കാനം,വള്ളക്കടവ് പ്രദേശത്ത് പൊലീസ്-ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളിലും പരിശോധനയ്ക്കു വിധേയരാകണം. പാസ് എടുക്കാന്‍ റേഞ്ച് ഓഫിസില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുചിമുറി സമുച്ചയം തുറന്നിട്ടുണ്ട്.


അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കുന്നതിനടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്. ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസിനു സമീപവും, മൂഴിയാര്‍ 40 ഏക്കര്‍, കൊച്ചുപമ്പ കെഎസ്‌ഇബി കന്റിനുകളിലും മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു ഭക്ഷണം ലഭിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment