ജിയോളജിസ്റ്റുകൾ ഇടിച്ചു തകർക്കുന്ന കേരളം




തൃശൂർ ഷൊർണൂർ റോഡിൽ മുള്ളൂർക്കര പഞ്ചായത്തിൽ പെട്ട കുന്ന് ജിയോളജിസ്റ്റിന്റെ അനുമതിയോടെ ജെസിബി വെച്ച് തകർക്കുകയാണ്. ഇതും ദുരന്തനിവാരണമാണ്. ഒരു സ്വകാര്യ വ്യക്തിയുടെ അരയേക്കർ ഭൂമി ലെവലാക്കി എടുക്കാൻ ആദ്യം ജിയോളജിസ്റ്റ് അനുമതി കൊടുത്തു. അത് തടയപ്പെട്ടപ്പോൾ പഞ്ചായത്ത് സെക്രട്ടറിയെക്കൊണ്ട് ഒരു കത്ത് എഴുതി വാങ്ങിച്ചു, ഇത് ഇടിയാൻ സാധ്യതയുണ്ട് അതിനാൽ കുന്ന് തന്നെ മാറ്റിക്കളയുകയാണ്.


കേരളത്തിൽ ഹൈറേഞ്ചിലുൾപ്പെടെ റോഡിൽ നിന്ന് ഉയർന്ന്‌ നിൽക്കുന്ന ഇടങ്ങൾ എത്ര എത്ര.. അതൊക്കെ ഇങ്ങനെ ഇടിച്ചെടുത്താൽ കേരളം ബാക്കിയുണ്ടോ?


ലോക്ഡൗണിൽ പരാതിപ്പെടാനോ പ്രതിഷേധിക്കാനോ തടയാനോ പറ്റാതെ പരിസ്ഥിതി ബോധമുള്ള മനുഷ്യർ വിഷമിക്കുമ്പോൾ മണ്ണുമാഫിയക്ക് പാസിനൊന്നും ഒരു തടസവുമില്ല.
ഈ മണ്ണെല്ലാം ഏതെങ്കിലും പാടം നികത്താനാണ് ഉപയോഗിക്കുക. ആളുകൾ വീട്ടിലിരിക്കും പാടങ്ങൾ പറമ്പാകും.


പ്രളയത്തിനും ഉരുൾപൊട്ടലുകൾക്കും ശേഷം പോലും ഭൂമിക്കു മേലെ വലിയ ആഘാതമുണ്ടാക്കരുത് എന്ന് ഭരിക്കുന്നവർക്കോ ഉദ്യോഗസ്ഥർക്കോ ഒരു നിർബന്ധവുമില്ല. കിട്ടിയ ഗ്യാപ്പിൽ പണമുണ്ടാക്കുക തന്നെ ലക്ഷ്യം.


ജിയോളജി, കേരളം കൊള്ളയടിക്കുന്നവർക്ക് സർവ്വ സന്നാഹങ്ങളും ഒരുക്കിക്കൊടുക്കാനുള്ള വകുപ്പാണോ? ചോദിക്കുന്ന മുഴുവൻ പേർക്കും ക്വാറിക്കും മലയിടിക്കാനും അനുമതി. നമ്മുടെ മണ്ണും പ്രകൃതി വിഭവങ്ങളും കൈകാര്യം ചെയ്യുന്ന ജിയോളജി, വ്യവസായ വകുപ്പിന്റെ കീഴിലാണ്. അത് പരിസ്ഥിതി വകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ കീഴിൽ വരേണ്ടതല്ലേ.?


ജിയോളജിസ്റ്റ് എന്നത് സിനിമാ തിയേറ്ററിൽ ടിക്കറ്റ് കൊടുക്കാനിരിക്കുന്ന ജോലിക്കാരന് സമം. കാശും കടലാസുമായി വരിക പാസുമായിപോവുക. നാടു നശിപ്പിക്കാനായി ഒരു വകുപ്പും ഉദ്യോഗസ്ഥരും..


പ്രൊഫസർ കുസുമം ജോസഫ് (കടപ്പാട്)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment