പാറമടകളുടെ എണ്ണത്തിൽ കള്ളകണക്കുമായി അട്ടിമറി നടത്തി ജിയോളജി വകുപ്പ്




പത്തനംതിട്ട: പാറമട ലോബിയുടെ സ്വന്തം ജിയോളജി വകുപ്പ് സുപ്രീം കോടതി വിധിയും അട്ടിമറിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന പാറമട കണക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പൂഴ്ത്തി. അതീവ പരിസ്ഥിതി ദുർബല മേഖല ഉൾപ്പെടെ വൻതോതിൽ ഖനനം നടത്തിക്കൊണ്ടിരിക്കുന്ന പാറമടകൾക്കുവേണ്ടി പാരിസ്ഥിതികാനുമതി സംബന്ധിച്ച 2012 ലെ സുപ്രീം കോടതി വിധിയിലാണ് ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ഒളിച്ചുകളി. 


ദിനംപ്രതി നൂറുകണക്കിന് ലോഡ് പൊട്ടിച്ചുകടത്തിക്കൊണ്ടിരിക്കുന്ന പാറമടകളുടെ എണ്ണത്തിനും ജിയോളജി വകുപ്പ് മറകെട്ടി. അനിയന്ത്രിതമായ ഖനനം മൂലം ജില്ലയിലെ കിഴക്കൻ മേഖലയാകെ ദുർബലമാകുകയും ഉരുൾപൊട്ടൽ ഭീഷണിയും മറ്റും വ്യാപകമാകുകയും ചെയ്തതോടെ പരിസ്ഥിതി പ്രവർത്തകർ നൽകിയ വിവരവകാശത്തിനുള്ള മറുപടിയിലാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ വെള്ളാനകളുടെ ക്വാറി മുതലാളിമാരോടുള്ള സ്നേഹം കരകവിഞ്ഞൊഴുകിയിരിക്കുന്നത്. എല്ലാത്തരം പാറമടകൾക്കും പാരിസ്ഥിതികാനുമതി നിർബന്ധമാക്കിക്കൊണ്ട് ഹരിയാന സംസ്ഥാന സർക്കാരിനെതിരെ ദീപക് കുമാർ ഫയൽ ചെയ്ത കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ചിരുന്നു.


എന്നാൽ ഈ വിധിക്കു മുൻപ് ലീസ് നേടിയ പാറമടകൾക്ക് പാരിസ്ഥിതികാനുമതി നിർബന്ധമില്ലെന്ന വിചിത്ര മറുപടിയാണ് ജിയോളജി വകുപ്പിലെ ഇൻഫോർമേഷൻ ഓഫീസർ നൽകിയിരിക്കുന്നത്. പാറമടകളുടെയും ക്രഷർ യൂണിറ്റിന്റെയും കാലാവവധി രണ്ടു വർഷം ആണെന്നിരിക്കെ കോടതിവിധിക്ക് മുൻപ് ലീസ് വാങ്ങിയ പാറമടകൾക്ക് 2019 ലും പ്രവർത്തിക്കാമെന്ന വിചിത്ര വാദം ഉന്നയിച്ചു നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കാൻ പോലുമുള്ള ധൈര്യം പാറമട ലോബി വാരിയെറിയുന്ന പണത്തിന്റെ മറവിൽ വകുപ്പ് ഉദ്യോഗസ്‌ഥർ നേടിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. കരിഞ്ചന്തയിൽ വാങ്ങിയ അനുമതികൾ വെച്ച് പ്രവർത്തിക്കുന്നതും യാതൊരുവിധ ലൈസന്സുകളുമില്ലാതെ പ്രവർത്തിക്കുന്നതുമുൾപ്പെടെ നൂറിലധികം പാറമടകൾ ഉള്ള പത്തനംതിട്ട ജില്ലയിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ കണക്കുപ്രകാരം 29 പാറമടകൾ മാത്രമാണ് ജില്ലയിലുള്ളത്. 


വിവരാവകാശ മറുപടി ലിസ്റ്റ് ചെയ്തു തന്നപ്പോഴാകട്ടെ ദിനംപ്രതി നൂറുകണക്കിന് ലോഡ് പാറ പൊട്ടിച്ചു കടത്തിക്കൊണ്ടിരിക്കുന്ന മൂന്ന് പാറമടകളും ഇന്നും ആർത്തിമൂത്ത ഖനനത്തിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ചെമ്പന്മുടി ,കാവുങ്കൽ പാറമടയെപ്പറ്റി അധികൃതർ കേട്ടിട്ടുപോലുമില്ല. കുഴിച്ചുകുഴിച്ചു അടിവാരം തോണ്ടിയ ചിറ്റാർ പഞ്ചായത്തിലെ പാറമടകളും റാന്നി ജണ്ടായിക്കലേ പാറമടകളും ഉൾപ്പെടെ ഇന്നും ഖനനം നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പാറമടകൾ ജിയോളജി വകുപ്പ് മുക്കി. ഇതിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ടാഴ്ച മുൻപ് ജിയോളജി വകുപ്പ് സന്ദർശിച്ച വടശേരിക്കരയിലെ പാറമടയും ഉൾപ്പെടും എന്നതാണ് വിചിത്രം. 


ജനങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുംവിധം അനുദിനം തകർന്നുകൊണ്ടിരിക്കുന്ന ജില്ലയുടെ പശ്ചിമഘട്ട മലനിരകളുടെ പ്രധാന ഘാതകർ ആറന്മുളയിൽ പ്രവർത്തിക്കുന്ന ജില്ലാ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരെണെന്നു പറഞ്ഞാൽ അധികമാവില്ല. അതുകൊണ്ടുതന്നെ കാലങ്ങളായി പാറമടലോബി പടുത്തുയർത്തിയ സമാന്തര അധികാരം ജില്ലാ ഭരണകൂടത്തിനും മുകളിലാണെന്ന നാട്ടുകാരുടെ ആക്ഷേപത്തിൽ അതിശയോക്തിയില്ല.

Green Reporter

Sunil Maloor

Visit our Facebook page...

Responses

0 Comments

Leave your comment