ആഗോളതാപനം: ധ്രുവക്കരടികൾ വൈകാതെ ഓർമ്മയാകും 




2100 ഓടെ മിക്ക ധ്രുവക്കരടികളും ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാനുള്ള സാധ്യത ചൂണ്ടി കാണിച്ച് പഠന റിപ്പോര്‍ട്ട്. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോളതാപനം വില്ലനാകുമെന്നും ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വലിയ ഇടിവു സംഭവിക്കുമെന്നും പഠനത്തിൽ പറയുന്നു.


ആർട്ടിക്കിന്റെ തകർച്ചയോടെ അതിജീവനം അസാധ്യമായ ഇടത്തേയ്ക്ക് കുടിയേറാന്‍ ധ്രുവക്കരടികളെ നിര്‍ബന്ധിതമാക്കുമെന്ന് ഗവേഷണം അവകാശപ്പെടുന്നു. ഇതോടെ, ലോകത്തിലെ ഏറ്റവും വലിയ മാംസഭോജിയുടെ വംശം തന്നെ ഭൂമുഖത്തു നിന്നും ഇല്ലാതാകുമെന്നു പറയപ്പെടുന്നു. 2040 ഓടെ മിക്കവാറും എല്ലാ ധ്രുവക്കരടികളും ഏതെങ്കിലും തരത്തിലുള്ള പട്ടിണി നേരിടും. വെറും 20 വര്‍ഷത്തിനുള്ളില്‍ പ്രത്യുല്‍പാദന സമ്മര്‍ദ്ദം ഇവ അനുഭവിക്കുമെന്നു പഠനം നടത്തിയ കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. 


ധ്രുവക്കരടികള്‍ ഭക്ഷണം കഴിക്കാതെ എത്രനേരം നിലനില്‍ക്കുമെന്ന് നിരീക്ഷിക്കാനും പ്രവചിക്കാനും അവര്‍ ഒരു കമ്ബ്യൂട്ടര്‍ മോഡല്‍ സൃഷ്ടിച്ചു. ഇതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചത്.


ആര്‍ട്ടിക് ധ്രുവക്കരടികളുടെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ കാര്യമായ കുറവുണ്ട്. ഉയര്‍ന്ന ഹരിതഗൃഹ വാതകമാണ് ഇവയുടെ ജീവനു വെല്ലുവിളി ഉയര്‍ത്തുന്നത്. സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നതു കാരണം ആര്‍ട്ടിക്ക് പ്രദേശത്തെക്കാള്‍ മറ്റൊരിടത്തും ഇവയ്ക്കു സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വികിരണ സാഹചര്യത്തില്‍, 2100 ഓടെ ധ്രുവക്കരടി നിലനില്‍ക്കുന്ന ഒരേയൊരു സ്ഥാനം ക്വീന്‍ എലിസബത്ത് ദ്വീപുകളിലാവാമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment