റിസോർട്ട് നിർമാണത്തിന് വേണ്ടി വനനശീകരണം; ഗോവ മുഖ്യമന്ത്രിയുടെ മകനെതിരെ ഹൈക്കോടതി നോട്ടീസ്




റിസോര്‍ട്ട് നിര്‍മിക്കാന്‍ വനഭൂമി നശിപ്പിച്ച കേസില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ആഭിജാത് പരീക്കര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ആഭിജാതിന് പുറമെ ചീഫ് സെക്രട്ടറി, വനം പരിസ്ഥിതി സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റർ എന്നിവർ ഉൾപ്പെടെ മറ്റു 11 പേർക്ക് കൂടി നോട്ടീസ് അയച്ചിട്ടുണ്ട്. ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി നശിപ്പിച്ചു എന്നാണ് കേസ്.


റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നേത്രാവതി വില്ലേജ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹൈഡ് എവേ എന്ന പേരില്‍ എക്കോ റിസോര്‍ട്ട് നിര്‍മിക്കാന്‍ വനം നശിപ്പിച്ചുവെന്നും നിര്‍മാണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന നിരവധി ബൈലോകള്‍ പാസാക്കിയെന്നും പരാതിയില്‍ പറയുന്നു.


നിര്‍മാണം ഫാസ്റ്റ് ട്രാക്കില്‍ നടത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നുവെന്നും പനാജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് നിര്‍മാണം ഇതിനകം തന്നെ കോണ്‍ഗ്രസ് ബി.ജെ.പി വാക്‌പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ആഭിജാതിന് വേണ്ടി സ്വജന പക്ഷപാതം കാണിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിട്ടുണ്ട്. 


വനം നശിച്ച് റിസോർട്ടുകൾ പണിയുന്നത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന് വരികയാണ്. കേരളവും ഇക്കാര്യത്തിൽ പുറകിലല്ല. ടൂറിസത്തിന്റെ മറവിലാണ് ഇത്തരം കാട് കയ്യേറ്റങ്ങളും നശീകരണവും നടക്കുന്നത്. വിദേശ രാഷ്ട്രങ്ങളിൽ പലയിടത്തും ടൂറിസത്തിന്റെ ഭാഗമായി വനവത്കരണം നടക്കുമ്പോൾ ഇന്ത്യയിൽ കാര്യങ്ങൾ നേരെ തിരിച്ചാണ് നടക്കുന്നത്. ഇതിന് ഒത്താശ ചെയ്യുന്നത് രാഷ്ട്രീയക്കാരും അവരുടെ മക്കളുമാണ് എന്ന വസ്തുതയും മറക്കാതെ പോകരുത്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment