'മരങ്ങാളാണ് ഞങ്ങൾക്ക് വലുത്' - ശവസംസ്കാര ആചാരം മാറ്റി ഒരു സമുദായം




ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി ജനതകളിലൊന്നായ ഗോണ്ട് സമുദായം പ്രകൃതി സംരക്ഷണത്തിലെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ്. സ്വന്തം സമുദായത്തിലെ ആചാരം തന്നെ മാറ്റി പ്രകൃതിക്ക് പ്രാധാന്യം നൽകുകയാണ് ഇവർ. ഛത്തീസ്‍ഗഢിലുള്ള സമുദായം മരിച്ചവരെ മരങ്ങൾ ഉപയോഗിച്ച് ദഹിപ്പിക്കുന്നതിന് പകരം സംസ്‍കരിക്കാനായി മറ്റ് രീതിയിലേക്ക് മാറിയിരിക്കുകയാണ്


നമ്മുടെ നാട്ടിലെ ചില വിഭാഗങ്ങളുടെ എന്നതുപോലെ, ഗോണ്ട് സമുദായത്തെ സംബന്ധിച്ചിടത്തോളം, ആരെങ്കിലും മരിക്കുമ്പോള്‍ മൃതദേഹം ദഹിപ്പിക്കുന്നത് അവരുടെ അന്തിമ ചടങ്ങുകളുടെ ഭാഗമാണ്.  മൃതദേഹം വിറകുകള്‍ക്ക് മുകളില്‍ വച്ച്‌ ദഹിപ്പിക്കുക എന്നത് തന്നെയാണ് അവരുടെയും രീതി. എന്നാല്‍, ഈ പുരാതന ആചാരം വേണോ പരിസ്ഥിതി സംരക്ഷണം വേണോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ പ്രകൃതി സംരക്ഷണമായിരുന്നു ഗോണ്ട് സമുദായം തെരഞ്ഞെടുത്തത്. 


ഗോണ്ട് സമുദായത്തിന് പ്രകൃതിയുമായി അവിഭാജ്യമായ ബന്ധമുണ്ട്. വനത്തിലെ എല്ലാ കാര്യങ്ങളും ആത്മീയ പ്രാധാന്യമുള്ളവയാണ്. അതിനാല്‍, പ്രകൃതിയെ എല്ലാ രൂപത്തിലും സുരക്ഷിതമാക്കാനും മനുഷ്യവര്‍ഗത്തിനായി മരങ്ങള്‍ സംരക്ഷിക്കാനും അവർ തീരുമാനിച്ചു. വലിയ അളവില്‍ വിറകുകള്‍ ആവശ്യം വരികയും അത് കത്തിച്ചാരമാവുകയും ചെയ്യുന്ന മൃതദേഹം ദഹിപ്പിക്കുന്ന രീതി അതിനാല്‍ തന്നെ ഇവർ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.


ദഹിപ്പിക്കുന്നതിന് പകരം മരിച്ചവരെ അടക്കം ചെയ്യുന്ന രീതി സ്വീകരിച്ചാല്‍ മരങ്ങള്‍ വലിയ തോതില്‍ മുറിച്ചു മാറ്റുന്നത് തടയാനാവും. അതിനാല്‍ തങ്ങളുടെ ഭരണഘടനയില്‍ മൃതദേഹം അടക്കം ചെയ്യുന്നത് ഉള്‍പ്പെടുത്താന്‍ സമുദായം തീരുമാനിച്ചു'. മാര്‍ച്ച്‌ ആറിനും മാര്‍ച്ച്‌ ഏഴിനും കബീര്‍ദാം ജില്ലയില്‍ നടന്ന ദ്വിദിന കമ്മ്യൂണിറ്റി കോണ്‍ഫറന്‍സായ 'ഗോണ്ട് മഹാസമ്മേള'ന്‍റെ കൂട്ടായ തീരുമാനത്തെ പരാമര്‍ശിച്ച്‌, ഗോണ്ട് സമുദായത്തില്‍ പെടുന്ന വ്യക്തിയും ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ഛത്തീസ്‍ഗഢിലെ കബീര്‍ദാം ജില്ലയിലെ, ജില്ലാ ഗോണ്ട് സേവാ സമിതിയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ധ് റാം മെരവി പറഞ്ഞു  


നിലനില്‍പ്പിനും അതിജീവനത്തിനുമായി വനങ്ങളെ ആശ്രയിക്കുന്ന സമുദായം കൂടിയാണ് ഗോണ്ട് സമുദായം. വനവിഭവങ്ങളെ ആശ്രയിക്കുന്ന സമുദായത്തിന് കാടും മരങ്ങളും അവര്‍ക്ക് അഭയവും മരുന്നും വെള്ളവും ഭക്ഷണവുമാണ്. രാമായണത്തില്‍ ഗോണ്ട് സമുദായത്തെ കുറിച്ചും, 1,300 മുതല്‍ 1,600 വരെ കാലങ്ങളില്‍ ഉള്ള അവരുടെ നാല് രാജവംശത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്ത് ഗോണ്ട് സമുദായത്തില്‍ പെടുന്ന 1.2 കോടിയിലധികം ജനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതില്‍ പ്രധാനമായും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, ഒഡീഷ, തെലങ്കാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഈ സംസ്ഥാനങ്ങളില്‍ പലതിലും തങ്ങളുടെ കാര്‍ബണ്‍ സംഭരണത്തില്‍ കുറവുണ്ടായതായി പഠനങ്ങളുണ്ടായി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment