വേട്ടക്കാരെ മാത്രം സംരക്ഷിക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണൽ !




ഹരിത ട്രിബ്യുണൽ പ്രവർത്തിക്കുന്നത് ആരുടെ പക്ഷം പിടിക്കാൻ എന്ന ചോദ്യം വീണ്ടും ഉയർന്നു വരികയാണ്.  ജീവന്റെയും പരിസ്ഥിതിയുടെയും നിലനിൽപ്പിനായി തെരുവിൽ ഇറങ്ങിയ ഒരു ജനതയെ വെടിവെച്ച് കൊന്നതിന്റെ രക്തക്കറ പുരണ്ട ഒരു കമ്പനിക്ക് പ്രവർത്തനാനുമതി നൽകുന്നതിലൂടെ ഈ ചോദ്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു. രാജ്യം പിന്തുടരുന്ന തെറ്റായ പരിസ്ഥിതി സമീപനത്തിനുള്ള മറ്റൊരു തെളിവായി മാറുകയാണ് തൂത്തുകുടിയിലെ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലിങ് ചെമ്പ് വ്യവസായ യുണിറ്റ് വീണ്ടും തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ച ദേശിയ ട്രിബ്യൂണല്‍ തീരുമാനം. 

ദിവസങ്ങൾക്ക് മുന്‍പ് പശ്ചിമഘട്ടത്തിലെ 863 ച.കി.മീ പരിസ്ഥിതി പ്രധാന മേഖലയിലെ നിര്‍മ്മാണങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളയുവാനുള്ള ഹരിത ട്രിബ്യൂണല്‍ തീരുമാനത്തെ കയ്യടിച്ച് സ്വീകരിച്ചവരാണ് നമ്മുടെ മാധ്യമങ്ങൾ. അതു കൊണ്ടു തന്നെ മാധ്യമങ്ങള്‍ക്ക് വേദാന്തയുടെ ഉടമസ്ഥതയില്‍, നിയമങ്ങളെ കാറ്റില്‍ പറത്തി പ്രവര്‍ത്തിച്ചു വന്ന സ്ഥാപനം വീണ്ടും തുറക്കുന്നതില്‍ ഒരു ഉല്‍ക്കണ്oയും ഇല്ല. മാധ്യമങ്ങൾ ഇതൊരു സാധാരണ സംഭവമായി കാണുന്നതോടെ വിഷയത്തിന് പുറത്തുള്ള ജനങ്ങളും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താതെ വരും. അത് വീണ്ടും വലിയ നഷ്ടങ്ങളിലേക്കുള്ള വഴിവെട്ടലാകും. 

2018 മെയ് 22 നാണ് തൂത്തുക്കുടിയിൽ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലിങ് ചെമ്പ് വ്യവസായ യൂണിറ്റിനെതിരെ കലക്ടറേറ്റ് മാർച്ച് നടക്കുന്നത്. ഈ കമ്പനിക്കെതിരെ നടക്കുന്ന ആദ്യസമരമായിരുന്നില്ല അത്. 1999 മുതൽ പലഘട്ടങ്ങളിലായി വേദാന്തക്കെതിരെ സമരങ്ങൾ നടന്നുവരുന്നുണ്ടായിരുന്നു. എന്നാൽ ആ സമരങ്ങളിൽ നിന്നും വ്യത്യസ്തമായി മെയ് 22 ലെ സമരം ലോകശ്രദ്ധയാകർഷിച്ചു. അവകാശങ്ങൾക്കായി പോരാടിയ ഒരു ജനതക്കെതിരെ ഭരണകൂടം അതിന്റെ മർദ്ദന മുറകൾ പുറത്തെടുത്തതാണ് ഈ സമരം ശ്രദ്ധിക്കപ്പെടാൻ കാരണമായത്. പോലീസ് നരനായാട്ടിൽ 13 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 

ലോകത്തെ വളരെ പരിസ്ഥിതി പ്രധാനമായ മാന്നാര്‍ കടലിടുക്കില്‍ നിന്നും 15 കി.മീ. അകലെ മാത്രം സ്ഥിതി ചെയ്യുന്ന തൂത്തുക്കുടിയിലെ വന്‍കിട ചെമ്പ് ഫാക്ടറിക്കെതിരെ 1999 മുതല്‍ പലകുറി സമരങ്ങള്‍ നടന്നുവരുന്നുണ്ട്. കമ്പനി പ്രവർത്തിച്ചത് മൂലം ജലമലിനീകരണം അനുവദിച്ചതിലും 12 ഇരട്ടിയാണ് പ്രദേശത്ത് ഉണ്ടാക്കിയത്. ഇത്  രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് എത്തിച്ചു. യൂണിറ്റിലുണ്ടായ സള്‍ഫര്‍ ചോര്‍ച്ചയുടെ ഭാഗമായി ഉണ്ടായ മരണമാണ് ജനങ്ങളെ തെരുവിലിറക്കിയത്. സമരം ശക്തമായതോടെ തമിഴ്നാട്‌ സര്‍ക്കാര്‍ ഫാക്ടറി പൂട്ടാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹരിത ട്രിബ്യൂണല്‍ ഫാക്റ്ററി പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു.

പിന്നീട്, വ്യവസായം വിപുലീകരിക്കുവാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ നല്‍കിയ സഹായം സ്വീകരിച്ചുള്ള പ്രവര്‍ത്തനവുമായി ഉടമകള്‍ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇതിനെതിരെ നടന്ന സമരത്തിലാണ് 13 പേരുടെ ജീവൻ ബലികഴിക്കപ്പെടുന്നത്. ജന രോക്ഷത്താല്‍ അടച്ചിട്ട ഫാക്റ്ററി വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ പണ്ടെന്നപോലെ ഹരിത ട്രിബ്യൂണല്‍ ഇപ്പോൾ അനുവാദം കൊടുത്തിരിക്കുകയാണ്. ജനത്തെ ഭയന്നാണെങ്കിലും തമിഴ്നാട്‌ സര്‍ക്കാര്‍ ഫാക്റ്ററിക്കെതിരെ താഴെ പറയുന്ന വസ്തുതകള്‍ നിരത്തുന്നുണ്ട്. 

1. സ്ഥലത്തെ ഭൂ ഗര്‍ഭ ജലവിതാന റിപ്പോര്‍ട്ട്‌ ലഭ്യമല്ല.

2. ചെമ്പ് ഐര് ഉപ്പാറില്‍ പുഴയില്‍ ഒഴുകി ഇറങ്ങുന്നതിനെ നിയന്ത്രിക്കുവാന്‍ മതിലില്ല.

3. അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ അടക്കം ചെയ്യുവാന്‍ സംവിധാനം ഇല്ല.

4. വായൂ മലിനീകരണത്തെ പരിശോധിക്കുവാന്‍ അവസരമില്ല.   

5. മലിനീകരണ ബോര്‍ഡ്‌ പറയും പ്രകാരം ജിപ്സം ബോര്‍ഡുകൊണ്ട് വേണ്ട സുരക്ഷ ഒരുക്കിയിട്ടില്ല .

വേദാന്തക്ക് എല്ലാ ഒത്താശയും ചെയ്തു വന്ന  തമിഴ്നാട് സര്‍ക്കാര്‍ പോലും ഫാക്ടറിയുടെ നിയമലംഘനങ്ങള്‍ അക്കമിട്ടു നിരത്തുമ്പോള്‍, തൂത്തുക്കുടിയെ കണ്ണീരണിയിച്ച സംഭവങ്ങള്‍ക്ക് കാരണക്കാരായ, പരിസ്ഥിതിയെ തകര്‍ത്തു വരുന്ന കമ്പനിക്കായി, ദേശിയ ഹരിത ട്രിബ്യൂണല്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തുകയാണ്.

കേരളത്തിലെ പരിസ്ഥിതി വിഷങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ നീതി തേടി പോകുന്ന ദേശിയ ട്രിബ്യൂണല്‍ എടുക്കുന്ന സമീപനങ്ങള്‍ ആശവാഹമല്ല. രാജ്യം പിന്തുടരുന്ന അപകടകരമായ പരിസ്ഥിതി സമീപനങ്ങള്‍ക്കെതിരെ ദേശ വ്യാപകമായ വന്‍ പ്രക്ഷോഭങ്ങള്‍ അനിവര്യമായിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment