അഞ്ച് ജില്ലകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു; കാത്തിരിക്കുന്നത് കടുത്ത വരൾച്ച




വേനല്‍ കനത്തതോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു. 50 സെന്റീമിറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ജലം താഴ്ന്നത് എന്നാണ് ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ വരള്‍ച്ചയ്ക്ക് വഴിവെച്ചേക്കും. 


മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത വേനൽ നേരത്തെ എത്തിയിരുന്നു. ഫെബ്രുവരിയുടെ തുടക്കം മുതൽ അനുഭവപ്പെട്ട ചൂട് ഫെബ്രുവരി പകുതിയായപ്പോഴേക്കും  കനത്തിരുന്നു. സാധാരണ ഗതിയിൽ ഏപ്രിൽ - മെയ് മാസങ്ങളിൽ വരാറുള്ള ചൂട് മാർച്ച് തുടക്കത്തിലേ കേരളത്തിൽ തുടങ്ങിയിരുന്നു. സാധാരണ ചൂടായ 36 ഡിഗ്രിയും കടന്ന് 40 ഡിഗ്രി വരെയായി കേരളത്തിലെ ചൂട്. പാലക്കാട് മുണ്ടൂരിൽ ഇടക്ക് 41 ഡിഗ്രി വരെയെത്തിയിരുന്നു.


ചൂട് കൂടിയതോടെ ജലാശയങ്ങൾ എല്ലാം വറ്റി തുടങ്ങി. കുളവും തോടുകളും നേരത്തെ തന്നെ വറ്റിവരണ്ടിരുന്നു. ഇപ്പോൾ പുഴകളും കിണറുകളും വെള്ളമില്ലാതെയായി.  വേനല്‍ മഴ ലഭിച്ചില്ല എങ്കില്‍ സ്ഥിതി ഗുരുതരമാകും എന്നും  ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട്, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലനിരപ്പില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതിനാല്‍ ഈ പ്രദേശങ്ങളെ അപകടമേഖലയായി പ്രഖ്യാപിച്ചു. 


ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം എന്നിങ്ങനെ പ്രളയം ബാധിച്ച മേഖലകളില്‍ ജലദൗര്‍ബല്യം ഇനിയും കൂടും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ജില്ലകളില്‍ ജലദൗര്‍ലഭ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയിലേക്ക് എത്തില്ല. 756 നിരീക്ഷണ കിണറുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.


ഏതാനും മാസങ്ങൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങി നിന്നിരുന്ന ഒരു പ്രദേശമാണ് ഇപ്പോൾ കുടിവെള്ളത്തിന് പോലും കഷ്ടപ്പെടുന്നത്. ലോകം മുഴുവൻ ബാധിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായി മാറുകയാണ് കേരളവും. കാലാവസ്ഥാ വ്യതിയാനങ്ങൾ മറികടക്കാനുള്ള നടപടികളിലേക്ക് ഭരണകൂടം അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട സമയം കടന്ന് പോയികൊണ്ടിരിക്കുകയാണ്. ടാങ്കർ ലോറികളിൽ  വെള്ളമെത്തിച്ച് കേരളത്തിന്റെ പ്രശ്നങ്ങൾ തീർക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment