പ്രളയബാധിത മേഖലകളിൽ വരാനിരിക്കുന്നത് വരൾച്ച? ; സി.ഡബ്ള്യു.ആർ.ഡി.എം പഠനം നടത്തും




പ്രളയബാധിത പ്രദേശങ്ങളിൽ ഭൂജലനിരപ്പു ക്രമാതീതമായി താഴുന്നു. ഇത് സംബന്ധിച്ച് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്മെന്റ് ആൻഡ്  മാനേജ്‌മെന്റ് (സി.ഡബ്ള്യു.ആർ.ഡി.എം) പഠനം നടത്തും. സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്പനാട്ടു കായലിലും ഉൾപ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴുന്ന പശ്ചാത്തലത്തിലാണ് പഠനം. വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്നാണു പരിശോധിക്കുന്നത്. നദികളിലെ മണലെടുപ്പു വർധിച്ചതും വെള്ളം സംഭരിച്ചുനിർത്തുന്നതിനെ ബാധിച്ചുവെന്നു വിലയിരുത്തപ്പെടുന്നു. പല പ്രദേശങ്ങളിലും ഭൂഗർഭ ജലനിരപ്പ്   താഴുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

പ്രളയത്തിന് ശേഷം പത്തനംതിട്ട ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. പത്തനംതിട്ടയിലെ മലയോര മേഖലയായ കോന്നി,അരുവപ്പുലം, പ്രമാടം,തണ്ണിത്തോട്, നാറാണം മൂഴി പഞ്ചായത്തുകളിലും, പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും, പ്രളയം ബാധിച്ച തിരുവല്ല,കോഴഞ്ചേരി, റാന്നി മേഖലകളിലും ഭൂഗർഭ ജലനിരപ്പ് താഴുന്നതായി പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജിയോളജി, ഹൈഡ്രോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ച്ചറുകൾ, ഭൂജല റീചാർജ്ജിംഗ് എന്നിവയെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജില്ലയിലെ പ്രധാന നദികളായ അച്ചൻകോവിലാറും കല്ലാറും ശോഷിച്ച് തോടുകൾ പോലെയാണ് ഒഴുകുന്നത്. പ്രളയത്തിൽ കരകവിഞ്ഞ് ഒഴുകിയ നദികളാണ് ഇവ. 

 

ഇടുക്കി ചെറുതോണിയിൽ കരകവിഞ്ഞൊഴുകിയ പെരിയാർ ഇപ്പോൾ വറ്റി വരണ്ടു കിടക്കുകയാണ്. പ്രളയത്തിനു ശേഷം പെരിയാറിൽ  ഏഴു മീറ്ററോളം ജലനിരപ്പു താഴ്ന്നു. പുഴയോരത്തെ കിണറുകളിലും വെള്ളം കുറഞ്ഞു. പെരിയാറിൽ നിന്നുള്ള ശുദ്ധജല ഉൽപ്പാദനം 20  ശതമാനം കുറഞ്ഞുവെന്നും കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്നുമാണ് ജല അതോറിറ്റി ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 

 

വയനാട്ടിലും ഇടുക്കിയിലും മണ്ണിലെ ജലാംശം നഷ്ടപ്പെടുകയും മണ്ണിലെ ചൂട് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതോടെ മണ്ണിരകൾ, ഇരുതലമൂരികൾ എന്നിവ കൂട്ടത്തോടെ പുറത്തെത്തുകയും ചത്തൊടുങ്ങുകയും ചെയ്യുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. പ്രളയത്തിന് ശേഷം കനത്ത വരൾച്ചയിലേക്കാണ് കേരളം പോകുന്നതെന്ന ആശങ്കയാണ് വിദഗ്ദർ പങ്ക് വെക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment