ഇടതുപക്ഷത്തിൻ്റെ കൽപ്രമാണം




ക്വാറികളുടെ ദൂരപരിധി ഉയർത്തിയതിനെതിരെ കേരള സർക്കാരും അദാനിയും മറ്റ് ക്വാറി ഉടമസ്ഥരും കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനുകളിൽ കോടതി വിധി വന്നശേഷം ക്വാറികളുടെ ദൂരപരിധി ഉയർത്തികൊണ്ടുള്ള NGT ഉത്തരവിന് ഇടയായ ഹരിജിക്കാരൻ എം. ഹരിദാസൻ നടത്തിയ പ്രതികരണം


ബഹുമാനപ്പെട്ട ദേശീയ ഹരിത ട്രിബ്യൂണൽ 2020 ജൂലൈ 21ന് ഇറക്കിയ സ്ഫോടനം നടത്തുന്ന ക്വാറികളുടെ ദൂരപരിധി ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ എങ്കിലും വേണമെന്ന ഉത്തരവ് ബഹുമാനപ്പെട്ട കേരളത്തിലെ ഇടതുപക്ഷ സർക്കാർ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ട്രിബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ ഹരജി യിലെ ചില വാദങ്ങൾ  കോടതി അംഗീകരിച്ചതിനാൽ ട്രിബ്യൂണൽ ഉത്തരവ് പൂർണ്ണമായ രീതിയിൽ പ്രാബല്ല്യത്തിൽ വന്നിട്ടില്ല, പൊതു നോട്ടിസ് പുറപ്പെടുവിക്കാതെയും ബന്ധപ്പെട്ടവരെ കേൾക്കാതെയുമാണ് ഹരിത ട്രിബ്യുണലിന്റെ ഉത്തരവെന്ന വാദം അംഗീകരിക്കുകയാണ് ഉണ്ടായത്.


നിയമങ്ങളിലെ സങ്കീർണ്ണതകൾ മുതലെടുത്ത് ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന പാറമടക്കാരെ സഹായിക്കുന്ന നിലപാടണ് സർക്കാർ എടുത്തതെങ്കിലും
നടപടിക്രമം പൂർത്തിയാക്കി  ഹരിത ട്രിബ്യൂണലിന് കേസ് പരിഗണിക്കാവുന്നതാണ്. ജൂലൈ 21 ന് ശേഷം കാലവതി തീരുന്ന ലൈസൻസും പുതിയ അപേക്ഷകളും 200 മീറ്റർ ദൂരപരിധി പാലിക്കണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കും. എന്ന നിലപാടാണ് കോടതി എടുത്തത്.


NGT ഉത്തരവ് ക്വാറികളുടെ ദുരിതം പേറുന്നവർക്ക് ഇപ്പോൾ ഉപകാരപെടാത്തതിൽ സന്തോഷിക്കുന്നവരിൽ മനസ്സിലെങ്കിലും അല്പം ഇടതുപക്ഷ മൂല്യം ഉള്ളവർ മാത്രം ഈ കുറുപ്പിന്റെ തുടർന്നുള്ള ഭാഗം വായിക്കുക .
   

2016ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള ജനതയ്ക്ക് മുൻപിൽ ഇറക്കിയ പ്രകടനപത്രികയിൽ "പരിസ്ഥിതി '' എന്ന ശീർഷകത്തിൽ 76 എന്ന നമ്പറിൽ പറഞ്ഞിരിക്കുന്നത് " ശാസ്ത്രീയമായ പഠനത്തിൻ്റെയും സാമൂഹ്യ നിയന്ത്രണത്തിൻ്റെയും അടിസ്ഥാനത്തിലേ പാറ, മണൽ ഖനനം നടത്താൻ അനുമതി നൽകുകയുള്ളൂ എന്നും 77 എന്ന നമ്പറിൽ കേരളത്തിലെ ഖനിജങ്ങൾ പൊതു ഉടമസ്ഥതയിൽ ആക്കുകയും ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണസംവിധാനം കൊണ്ടു വരികയും ചെയ്യും എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ് എന്നാൽ ഈ പ്രകടനപത്രിക അനുസരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നപ്പോൾ ചെയ്തത് ജനവാസ മേഖലയിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും100 മീറ്റർ ദൂരപരിധി ഉണ്ടായിരുന്നതിന് 50 മീറ്റർ ആക്കി ചുരുക്കി ഖനന മാഫിയയെ സഹായിക്കുകയാണ് ചെയ്തത് ഈ നയം കേരളത്തിലെ സാധാരണക്കാരെ ഏറെ പൊറുതിമുട്ടുകയാണ് ചെയ്തത് ഇതുസംബന്ധിച്ച് പരാതികളൊന്നും കേൾക്കാൻ കൂട്ടാക്കാത്ത സർക്കാർ ഞാനുൾപ്പെടെയുള്ള സാധാരണക്കാർ ബഹുമാനപ്പെട്ട ദേശീയ ഹരിത ട്രിബ്യൂണലിൽ കൊടുത്ത ഹർജി മേൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെ റിപ്പോർട്ട് പ്രകാരം ക്വാറികളുടെ ദൂരപരിധി ചുരുങ്ങിയത് 200 മീറ്റർ വേണമെന്ന് വിധി വന്നപ്പോൾ കോർപറേറ്റ് ഭീമൻ അദാനിയും കേരളത്തിലെ ക്വാറിമുതലാളിമാരും ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചപ്പോൾ സർക്കാരിൻ്റെ അഡീഷണൽ അഡ്വാക്കേറ്റ് ജനറൽ അദാനിയുടെയും ക്വാറിക്കാരുടെയും വക്കീലൻമാരേക്കാൾ ട്രിബ്യൂണൽ ഉത്തരവിനെ എതിർക്കുകയാണ് ചെയ്തത്.അതിനു ശേഷം സർക്കാർ തന്നെ കോടതിയിൽ ട്രിബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്ത് അദാനിയും ക്വാറി ഉടമസ്ഥരും ഉന്നയിച്ച കാര്യങ്ങൾ തന്നെ ഉന്നയിച്ചു കൊണ്ട് റിട്ട് ഹരിജി കൊടുക്കുകയുണ്ടായി.ഇന്ത്യാ ഗവൺമെൻ്റോ മറ്റേതെങ്കിലും സംസ്ഥാന മോ ഈ വിധിക്കെതിരെ കോടതിയിൽ പോയില്ല.


ഒന്ന് ശ്രദ്ദിക്കുക ശ്രീ മുല്ലക്കര രത്നാകരൻ ചെയർമാനായ നിയമസഭ പരിസ്ഥിതി സമിതി ക്വാറികളുടെ ദൂരപരിധി 50 മീറ്ററിൽ നിന്ന് 200 മീറ്റർ ആക്കണം എന്ന റിപ്പോർട്ട് നൽകിയ സന്ദർഭത്തിൽക്കൂടിയാണ് ഈ കേസിന് സർക്കാർ പോകുന്നത് സ്വന്തം  നിയസഭാ സമിതിയേക്കാൾ പ്രാധാന്യം ക്വാറി മുതലാളിമാരുടെ കൊള്ളക്കും നിയമ ലഘന ങ്ങൾക്കും കൂട്ടുനിൽക്കലാണോ? ക്വാറികളിലെ ഇന്നത്തെ സ്ഫോടന ആഘാതം 200 മീറ്റർ ദൂരപരിധി പര്യാപ്തമല്ല .എങ്കിൽ പോലും സാധാരണക്കാർക്ക് ക്വാറികളുടെ ദുരിതം അകറ്റുന്നതിന് ചെറിയ ഒരു പരിഹാരമെങ്കിലും ആക്കുന്ന ഈ വിധി നടപ്പിലാക്കാതെ കോടതിയിൽ അതിനെ ചോദ്യം ചെയ്ത് നിയമത്തിലെ സങ്കീർണ്ണതകൾ മുതലെടുത്ത് പാറമടക്കാരെ സഹായിക്കുകയാണ് ഇടതു മുന്നണി സർക്കാർ ചെയ്തത്! കൂടെ ആഗോള മുതലാളി അദാനിയും കേരളത്തിലെ ക്വാറി മുതലാളിമാരും ! ഇനി ഇതിൻ്റെ എതിർകക്ഷികളോ?  ചെറുകിട കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, വൃദ്ധജനങ്ങൾ തുടങ്ങിയവർ.
ഇവിടെ ഇടതു പക്ഷ സർക്കാർ ആരുടെ കൂടെ നിൽക്കണം?


പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യഗതയെ കുറിച്ച് ജൂൺ 5 ന് സ്ക്കൂളിൽ നിന്ന് പഠിച്ചു വന്ന കുട്ടികൾ ഒപ്പിട്ട ഹരിജിയാണ് ഗ്രീൻ ട്രിബ്യൂണലിൽ കൊടുത്തത്.ആ കുട്ടികളെ സർക്കാർ പഠിപ്പിക്കുന്ന പാഠമെന്താണ്? ക്വാറിയുടെ കിലോമീറ്ററുകൾക്കപ്പുറം ഉള്ള വീട്ടിൽ സ്ഫോടനത്തിൻ്റെ പ്രകംമ്പനം അനുഭവപ്പെട്ട വൃദ്ധജനങ്ങളെ സർക്കാർ പഠിപ്പിക്കുന്ന പാഠം എന്താണ്?


ക്വാറിയിലെ സ്ഫോടനത്തിൽ 200 മീറ്ററിൽ അധികം ദൂരം കല്ല് തെറിച്ചു വന്ന അനുഭവമുള്ള കർഷകരോടും തൊഴിലാളികളോടും സർക്കാരിന് പറയാൻ എന്താണുള്ളത്? സ്ഫോടനത്തിൽ വീടുകൾ വീണ്ടുകീറിയവരോട് എന്താണ് പറയാനുള്ളത്? ഇതിനൊക്കെ " വീടു പണിയേണ്ടേ " "റോഡുപണിയേണ്ടേ " "അതിനൊക്കെ കല്ലുവേണ്ടേ " എന്ന ഏതൊക്കെയോ "ശുംഭൻ"മാർ നൽകിയ ക്യാപ്സൂൾ കമൻ്റുകൾ മതിയാവില്ല. ഇവിടെ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിൽ ഖനനം വേണ്ട എന്ന് പറഞ്ഞിട്ടില്ല, ഇപ്പോൾ നടക്കുന്ന തലതിരിഞ്ഞ ഖനനം മൂലം ഉണ്ടാവുന്ന ദുരിതങ്ങൾക്ക് ചെറിയൊരു ആശ്വാസം എന്ന നിലക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോഡിൻ്റെ നിർദ്ദേശം അംഗീകരിച്ച് ഉത്തരവ് ഇറക്കുകയാണ് ഉണ്ടായത്. അതു തന്നെയാണ് മുല്ലക്കര രത്‌നാകരൻ കമ്മറ്റിയും പറഞ്ഞത് ,അതു പോലും അംഗീകരിക്കാതെ ആഗോള മുതലാളിക്കും കേരളത്തിലെ മാഫിയാ സ്വഭാവമുള്ള ക്വാറി മുതലാളിമാർക്കും വേണ്ടി ഇടതു പക്ഷ സർക്കാർ നിൽക്കുന്നു എന്നത് എത്രത്തോളം അപഹാസ്യമാണ്. സാധാരണക്കാർക്ക് ഒപ്പം നിൽക്കാതെ ബംഗാളിൽ ടാറ്റക്കു വേണ്ടി സാധാരണക്കാരെ കുരുതി കൊടുത്തത് കൊണ്ട് അവിടെ ഇന്ന് ഇടതുപക്ഷത്തിൻ്റെ സ്ഥിതി ഒന്നോർക്കുക.


കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ് അതുകൊണ്ട് ദൂരപരിധി നാലിൽ ഒന്നായി കുറക്കുന്നു എന്നതാണ് മറ്റൊരു കണ്ടെത്തൽ . ജനസാന്ദ്രത കൂടിയ സ്ഥലത്ത് കല്ല് അധികദൂരത്തിൽ തെറിക്കില്ല എന്ന് ഏത് ശാത്രമാണാവോ ആ മഹാനെ പഠിപ്പിച്ചത്.
200 മീറ്ററിന് അപ്പുറത്ത് ഖനനം നടത്താൻ പറയുമ്പോൾ അത് നടക്കില്ല എന്നു പറയുന്നവർ ഇപ്പോൾ ഇത് നടക്കില്ലെങ്കിൽ ഇനിയങ്ങോട്ട് കോടിക്കണക്കിന് വർഷങ്ങൾ വരുന്ന തലമുറ എവിടെ പോയി ഖനനം നടത്തും?അതോ ഇപ്പോൾ ഖനനം നടത്തുവരുടെ കാലശേഷം ലോകം അവസാനിക്കുകയാണോ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment