'ഇനി ഞാന്‍ ഒഴുകട്ടെ' - തോടുകളും നീര്‍ച്ചാലുകളും ശുചീകരിക്കുന്നു




കൊച്ചി: ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീര്‍ച്ചാലുകള്‍ ശുചീകരിക്കുന്ന പരിപാടി 'ഇനി ഞാന്‍ ഒഴുകട്ടെ ' ഡിസംബര്‍ 14 മുതല്‍ 22 വരെ നടക്കും. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിലെ ഒരു നീര്‍ച്ചാലെങ്കിലും ക്യാമ്പയിനിന്റെ ഭാഗമായി ശുചീകരിക്കുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ സമിതിഹാളില്‍ നടന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ തീരുമാനിച്ചു.


തോടുകളും നീര്‍ച്ചാലുകളും മലിനമാകുന്നതാണ് പുഴ മലിനമാകുന്നതിന് പ്രധാന കാരണം. അതിനാല്‍ പുഴകള്‍ മാലിന്യമുക്തമാക്കുന്നതിന് കൈവഴികള്‍ ശുചിയാക്കണം. ഈ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രധാനപ്പെട്ട ഒരു തോടോ നീര്‍ച്ചാലോ ജനകീയമായി ശുചിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.


ശുചീകരിച്ച നീര്‍ച്ചാലുകളുടെ തുടര്‍പരിപാലനം പ്രാദേശികമായി സംഘടിപ്പിക്കുന്ന സമിതികള്‍ നിര്‍വ്വഹിക്കും. തദ്ദേശസ്വയംഭരണവകുപ്പ്, ഗ്രാമീണതൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ്, എന്‍.എസ്.എസ്, എന്‍.സി.സി, യുവജന സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ പരിപാടിയില്‍ സഹകരിക്കും. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment