ഹരിത കേരള മിഷന്റെ 1000 ഗ്രാമങ്ങളിലെ കാടു നിർമ്മാണം ലക്ഷ്യം കാണണമെങ്കിൽ ?




ഹരിത കേരളം മിഷൻ സംസ്ഥാനത്ത് 1000 ഗ്രാമങ്ങളില്‍ പച്ചതുരുത്തുകള്‍ ജൂണ്‍ 5 മുതല്‍ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത‍ സന്തോഷകരമാണ്. ഓരോ പഞ്ചായത്തുകളിലും കുറഞ്ഞത്‌ രണ്ടു സെന്റു സ്ഥലത്ത്  സര്‍ക്കാര്‍, സ്വകാര്യ കാടുകള്‍ വെച്ച് പിടിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതം ചെയ്യേണ്ടത് തന്നെ.  


കഴിഞ്ഞ 15 വര്‍ഷത്തിനുള്ളിൽ  5 കോടി തൈകള്‍ (ജൂണ്‍ 5 ന്), സർക്കാർ രേഖയിൽ, വെച്ചുപിടിപ്പിക്കുവാന്‍ ശ്രമിച്ച കേരളം ആ രംഗത്ത്‌  മാതൃകാപരമായ  നേട്ടം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. എന്നതാണു യാഥാർത്ഥ്യം. എല്ലാ വര്‍ഷവും തണല്‍ നടീല്‍ മാമാങ്കം നടത്തി, അവയില്‍ മിക്കതും വളരുവാന്‍ അനുവദിക്കാതെ കരിഞ്ഞു പോകുന്ന അവസ്ഥക്ക് മാറ്റമുണ്ടായിട്ടില്ല.


സംസ്ഥാനത്ത് പ്രകൃതി ദത്ത കാടുകള്‍ കുറയുന്നു എന്നാണ് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നത്. കേരളത്തിന്‍റെ കാടുകള്‍ എന്ന് പറയുന്ന പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണത്തില്‍ എന്നും വിട്ടു വീഴ്ച്ച ചെയ്തിട്ടുള്ള വിവിധ പാര്‍ട്ടികള്‍  തങ്ങളുടെ തെറ്റായ സമീപനങ്ങള്‍ തിരുത്തുവാന്‍ തയ്യാറായല്ല. ഖനങ്ങള്‍ക്കായി  നല്‍കുന്ന കൂടുതല്‍ വിട്ടുവീഴ്ചകള്‍, തോട്ടം മുതലാളിമാരെ സംരക്ഷിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒക്കെ പ്രകൃതിയെ തകര്‍ക്കുവാന്‍ സഹായകരമായികൊണ്ടിരിക്കുന്നു.


പൊന്തന്‍പുഴയും ശാന്തിവനവും സംരക്ഷിക്കുന്നതിനോട് മുഖം തിരിച്ചു നില്‍ക്കുന്ന കേരള സര്‍ക്കാര്‍ തന്നെ 1000 ഗ്രാമങ്ങളില്‍ കാടുകള്‍ വെച്ചു പിടിപ്പിക്കും എന്ന് പറയുമ്പോള്‍ ആ ശ്രമവും ലക്ഷ്യത്തില്‍ എത്തുമോ എന്ന് സംശയിക്കേണ്ടതുണ്ട്. ഒരു വശത്ത് കാടുകള്‍, കുന്നുകള്‍, പുഴകള്‍, കുളങ്ങള്‍, കായലുകള്‍ ഒക്കെ  തകര്‍ക്കുന്ന അതേ അധികാര കേന്ദ്രങ്ങള്‍ കാടുകള്‍ വെച്ച് പിടിപിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അതിനെ ജനങ്ങള്‍ ഏറ്റെടുക്കുവാൻ തയ്യാറായാൽ മാത്രമേ  ലക്ഷ്യത്തില്‍ എത്തിക്കുവാൻ കഴിയൂ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment