ഹാരിസൺ മലയാളം ഭൂമി ഏറ്റെടുക്കൽ ; സർക്കാരിന് സുപ്രീം കോടതിയിലും തിരിച്ചടി




ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ഹാരിസൺ കേസിലെ  ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ  സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ഹാരിസണ്‍ മലയാളത്തിന്റെ 38,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് സുപ്രീം കോടതി ശരിവെച്ചു. ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.

 

കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്നും തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.സര്‍ക്കാര്‍ പറയുന്ന അധികാരങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഇല്ലെന്നും അതിന് സിവില്‍ കോടതിക്ക് മാത്രമാണ് അധികാരമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഭൂമി ഏറ്റെടുക്കൽ റദ്ദാക്കിയത്. 


ഹൈക്കോടതി ചൂണ്ടിക്കാണിച്ച കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവക്കുകയായിരുന്നു. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഡിവിഷന്‍ ബെഞ്ച് കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സർക്കാർ നൽകിയ അപ്പീൽ അഞ്ച് മിനിറ്റ്  വാദം കേട്ട ശേഷം ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, ഇന്ദു മൽഹോത്ര എന്നിവർ അടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു. ഭൂമിയില്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സിവില്‍ കോടതിയില്‍ കേസ് നടത്താന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം സുപ്രീം കോടതിയും ആവർത്തിച്ചു. 

 

പാട്ടക്കാലാവധി കഴിഞ്ഞ 38000 ഏക്കർ ഭൂമിയാണ് സ്‌പെഷ്യൽ ഓഫീസർ വഴി സർക്കാർ ഏറ്റെടുത്തത്. പാട്ടക്കാലാവധി കഴിഞ്ഞ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് വൻകിടക്കാർ കൈവശം വെച്ചിരിക്കുന്നത്. ഈ ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ വിട്ടുവീഴ്‌ച കാണിക്കുന്നു എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ സ്‌പെഷൽ ഓഫീസർ വഴി ഭൂമി ഏറ്റെടുത്ത തീരുമാനത്തിന് കോടതിയുടെ രൂക്ഷ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തു. സര്‍ക്കാര്‍ ഭാഗം സുപ്രീം കോടതിയെ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ട് പറഞ്ഞു. ഹാരിസണ്‍ മലയാളം കേസില്‍ നിര്‍ണായക വിജയങ്ങള്‍ സര്‍ക്കാരിന് നേടിത്തന്ന സുശീല ഭട്ടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിയത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി പുതിയ വിധി മാറും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment