ത്രിപുരയെ പിടിച്ചുലച്ച് കനത്ത കാറ്റും മഴയും




അഗർത്തല: ത്രിപുരയെ പിടിച്ചുലച്ച് കനത്ത കാറ്റും മഴയും. കാറ്റിലും മഴയിലും കനത്ത നാശ നഷ്‌ടം റിപ്പോർട്ട് ചെയ്തു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 700 ലധികം ആൾക്കാരെ ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി മരങ്ങളും മറ്റും കടപുഴകി വീണിട്ടുണ്ട്. പ്രകൃതിക്കും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. 


1039 വീടുകൾ സംസ്ഥാനത്ത് പൂർണമായോ ഭാഗികമായോ തകർന്നതായാണ് പുറത്ത് വരുന്ന വിവരം. വടക്കന്‍ ത്രിപുര, ഉനക്കൊട്ടി, ധാലാ ജില്ലകളിലാണ് മഴ രൂക്ഷമായി ബാധിച്ചത്. 739 ആളുകളുടെ വീടുകൾ തകർന്നതിനെ തുടർന്ന് ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിൽ 358 പേർ ഉനക്കൊട്ടി ജില്ലയിൽ നിന്നുള്ളവരും 381 പേർ വടക്കന്‍ ത്രിപുര ജില്ലയിൽ നിന്നുള്ളവരുമാണ്. 


എൻഡിആർഎഫും ത്രിപുര സ്റ്റേറ്റ് റൈഫിൾസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നലംപതിച്ചു. ആളുകളെ രക്ഷപെടുത്താനായി 40 ലധികം ബോട്ടുകൾ രംഗത്തിറക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ ഉനക്കൊട്ടി ജില്ലയിൽ പുഴകൾ കരകവിഞ്ഞൊഴുകി. മനു നദിയിൽ ഇന്നലെ ഉച്ചയോടെ തന്നെ  അപകട ലൈൻ കടന്ന് വെള്ളം ഒഴുകാൻ തുടങ്ങിയിരുന്നു. ഇന്നും സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment