കൊല്ലം ഇട്ടിവ കുപ്പിവെള്ള ഫാക്‌ടറി അനുമതി ഹൈക്കോടതി റദ്ദ് ചെയ്‌തു




കൊല്ലം ജില്ലയിൽ അഞ്ചലിന് സമീപം ഇട്ടിവ പഞ്ചായത്തിൽ ആരംഭിക്കാനിരുന്ന കുപ്പിവെള്ള ഫാക്ടറിക്ക് വ്യവസായവകുപ്പ് ഏകജാലകം വഴി നൽകിയ അനുമതി ഹൈക്കോടതി ഡിസംബർ 6 ന് സുപ്രധാന വിധിയിലൂടെ റദ്ദ് ചെയ്തു. അനുമതിക്ക് വേണ്ടി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറും പൊല്യൂഷൻ കൺട്രോൾ ബോർഡും ഉൾപ്പെടെ നൽകിയ എല്ലാ എൻ ഓ സി യും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ  ബഞ്ച് റദ്ദാക്കി. 


2015 മുതൽ  ഇട്ടിവയിൽ നിരന്തരമായതും ശക്തവുമായ ജനകീയ സമരത്തിന് നേതൃത്വം നൽകി വരുന്ന ഉറവ ജനകീയ സമരസമിതി നൽകിയ പരാതിയിലാണു് സുപ്രധാനമായ ഈ ഉത്തരവ്. മാസങ്ങൾക്കു് മുമ്പ് കുപ്പിവെള്ള ഫാക്ടറിക്കുള്ള നിർമ്മാണങ്ങൾ സ്റ്റേ ചെയ്തിരുന്ന കേസിന്റെ തീർപ്പു് ഉത്തരവാണു് ഇപ്പോൾ ഉണ്ടായത് .കുടിവെള്ള സ്റോതസ്സുകളുടെ നിയന്ത്രണാവകാശം ഗ്രാമ പഞ്ചായത്ത് കളിൽ നിക്ഷിപ്തമാണെന്നും വ്യവസായ വകുപ്പ് മുകളിൽ നിന്ന് നേരിട്ട് ഒരു ഗ്രാമത്തിന്റെയാകെ കുടിവെള്ളം ഇല്ലാതാക്കുന്ന വാട്ടർബോട്ടിൽ പ്ലാന്റിന് അനുമതി നൽകുന്നത് പഞ്ചായത്ത് രാജ് ആക്ട് പഞ്ചായത്ത് കൾക്കു് നൽകിയിട്ടുള്ള അധികാരത്തെ മറികടന്നുള്ള നടപടിയാണെന്നും അതിനാൽ അനുമതി റദ്ദു ചെയ്യണമെന്നും  ജനകീയ സമിതിക്ക് വേണ്ടി കോടതിയിൽ ഉയർത്തിയ വാദം അംഗീകരിച്ചാണ് ഈ സുപ്രധാന വിധി. കൂടാതെ പ്രതിയായ  ഫാക്ടറി ഉടമക്ക് വേണമെങ്കിൽ  പഞ്ചായത്തിൽ പുതിയ അനുമതിക്കായി അപേക്ഷിക്കാമെന്നും കോടതി നിരീക്ഷിച്ചു. ഗ്രീൻ റിപ്പോർട്ടർ ഇത് വളരെ സുപ്രധാനമായ ഒരു വിധിയായി കാണുന്നു.


1. പഞ്ചായത്ത് രാജ് ആക്ടിനെയും അത് വഴി ജനാധികാര പ്രക്രിയയെയും കോടതി ഉയർത്തിപ്പിടിക്കുന്നു. അതിനാൽ സമാനമായി പഞ്ചായത്ത് അധികാരത്തെ മറികടന്ന് കുപ്പിവെള്ള യൂണിറ്റുകൾക്കും, ജലചൂഷണത്തിനും, ക്രഷർ യൂണിറ്റുകൾക്കും അsക്കം വ്യവസായ വകുപ്പ് വികസനമെന്ന പേരിൽ നൽകിയ അനുമതികൾ എല്ലാം ഈ വിധിയോടെ റദ്ദു ചെയ്യപ്പെടുന്നു .അത് ഉണ്ടാകുന്നില്ലെങ്കിൽ ഓരോ അനുമതിയും കോടതിയിൽ ചോദ്യം ചെയ്യേണ്ടതായി വരുന്നു.


2. വീണ്ടും അനുമതിക്കായി പഞ്ചായത്തിനെ സമീപിക്കുമ്പോഴും അനുമതി ലഭിക്കാൻ ഒരു സാഹചര്യവുമില്ല.കാരണം  ഒന്നാമത് ജനാഭിപ്രായം മാനിക്കാതെ പഞ്ചായത്തിന് മറ്റൊരു താത്പര്യം വച്ച് തീരുമാനമെടുക്കാനാകില്ല. മറിച്ചാണെങ്കിൽ സമതി വീണ്ടും കോടതിയെ സമീപിക്കും. രണ്ടാമത് പഞ്ചായത്തിന് ഇത്തരമൊരപേക്ഷ പ്രാധമികമായി പരിഗണിക്കണമെങ്കിൽ അനുബന്ധ വകുപ്പുകളുടെ (ഗ്രൗണ്ട് വാട്ടർ അടക്കം) എൻ ഓ സി വേണം. അത് കോടതി റദ്ദ് ചെയ്തത് വീണ്ടും നൽകാനും അവർക്കാകില്ല. അങ്ങിനെ ചെയ്താലും ചോദ്യം ചെയ്യപ്പെടും. ചുരുക്കത്തിൽ ഒരു ഡബിൾ പൂട്ടാണ് ഇവിടെ കോടതി പൂട്ടിയിരിക്കുന്നത്.


കോടതിയോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ജനകീയ സമിതിക്കു വേണ്ടി കേസ് ഏറ്റെടുത്ത് വിജയിപ്പിച്ച അഡ്വ.ജോൺസൺ പി ജോൺ (പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതി, സംസ്ഥാന കമ്മിറ്റി ) അഡ്വ.മുഹമ്മദ് ഷാ  എന്നിവരേയും ഗ്രീൻ റിപ്പോർട്ടർ  ഉറവ ജനകീയ സമിതിക്കു വേണ്ടി നന്ദി അറിയിക്കുന്നു

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment