ചീങ്കണ്ണിപ്പാലി തടയണ: പൊളിച്ചതുമായി ബന്ധപ്പെട്ടു വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശം
കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ പൊളിച്ചതുമായി ബന്ധപ്പെട്ടു വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശം. പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് പൊളിച്ച് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ട തടയണ. എന്നാൽ തടയണ പൊളിക്കുന്നതിൽ ഹൈക്കോടതി നിർദേശം പൂർണമായി പാലിച്ചിട്ടില്ല എന്ന പരാതിയെതുടർന്നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടത്.


മലപ്പുറം ജില്ലാ കളക്ടറോടാണ് ഹൈക്കോടതി വിശദ റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടത്. കേസ് വീണ്ടും ഈ മാസം 22 ന് പരിഗണിക്കും. അപ്പോൾ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. തടയണ പൊളിക്കാനുള്ള നിർദേശവും കളക്ടർക്ക് തന്നെയാണ് നൽകിയിരുന്നത്. 


തടയണ പൊളിച്ചും വെള്ളം തുറന്നു വിട്ടും അപകട ഭീഷണി ഒഴിവാക്കിയെന്നാണ് കഴിഞ്ഞ ദിവസം സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. അടിത്തട്ടിൽ 6 മീറ്ററും ജലനിരപ്പിൽ 12 മീറ്ററും മുകൾ ഭാഗത്ത് 25 മീറ്ററും വിസ്തൃതിയിൽ തടയണ പൊളിക്കണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ജൂണിൽ മലപ്പുറം കളക്ടർക്ക് നിർദേശം നൽകിയത്.


എന്നാൽ തടയണയുടെ അടിത്തട്ടിൽ 4 മീറ്റർ വിസ്തൃതിയിൽ മാത്രമാണ് മണ്ണ് നീക്കിയതെന്നും തടയണയിൽ ഇപ്പോഴും വെള്ളം  കെട്ടി നിൽക്കുകയാണെന്നുമാണ് പരാതിക്കാരനായ എം പി വിനോദ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തടയണ പൊളിച്ചത് സംബന്ധിച്ച് ഹൈക്കോടതി വിശദ റിപ്പോർട്ട് തേടിയത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment