ഇടുക്കി മുതൽ വയനാടു വരെ ഇടിഞ്ഞു താഴുന്ന മലകൾ




ഇടുക്കി ജില്ലയുടെ തെക്കേ അറ്റം മുതൽ വയനാടു വരെ  മലകൾ ഇടിഞ്ഞു താഴുകയാണ്.പെട്ടിമുടി ദുരന്തം ആരുടെയും കരളലിയിക്കേണ്ടതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ വെള്ളപ്പൊക്ക ദുരന്തങ്ങളിൽ ഇടുക്കി ജില്ലയുടെ സ്ഥാനം ഒട്ടും പിറകിലായിരുന്നില്ല.സംസ്ഥാനത്തെ മഴയുടെ സ്വഭാവ ത്തിൽ വലിയ വ്യതിയാനമുണ്ടായ രണ്ടു ജില്ലകളാണ് വയനാടും ഇടുക്കിയും.സംസ്ഥാനത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങൾ വരുത്തി വെക്കുന്ന ജില്ലയായി ഇതു രണ്ടും അടയാളപ്പെടുത്തി കൊണ്ടിരിക്കുന്നു.ഈ വർഷത്തെ മൺസൂൺ കാലത്ത് ആദ്യ രണ്ടു മാസം  കുറവ് മഴ രേഖപ്പെടുത്തിയത് ഈ ജില്ലകളിലായിരുന്നു. 


ആഗസ്റ്റു മുതൽ ഇടുക്കിയിലും വയനാട്ടിലും വൻ തോതിൽ മഴ തുടരുകയാണ്.200 മില്ലി മീറ്ററിൽ അധികം(24 മണിക്കൂറിനകം) മഴ ലഭിക്കുന്ന അതിതീവൃ സാഹചര്യം ആവർത്തിക്കുമ്പോൾ ,മേപ്പാടിയിൽ വീണ്ടും ഉരുൾപൊട്ടിയതായി വാർത്ത വന്നു.പോത്തുകല്ലിലും സ്ഥിതി വ്യത്വസ്ഥമല്ല. 2020ലെ ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ച്ചയിൽ തന്നെ പാേത്തു കല്ലും പുതു മലയും മൂന്നാറിലെ പെട്ടി മുടിയിൽ ഉണ്ടായിരിക്കുന്നു.കഴിഞ്ഞ വർഷത്തെ ഉരുൾ പാെട്ടൽ /മണ്ണിടിച്ചിൽ വിഷയത്തിൻ്റെ കാരണങ്ങൾ അന്നു പഞ്ചായത്ത് അധികാരികൾ മറച്ചുവെക്കുവാൻ ശ്രമിച്ചു.പുതു മലയുടെ ഒരു ഭാഗത്ത് നടന്ന,റിസോർട്ടിനായുള്ള അനധികൃത പൈലിംഗും മറ്റു നിർമ്മാണവും ഭൂമിയിൽ വിള്ളൽ ഉണ്ടാക്കി.പോത്തു കല്ലിൽ അനധി കൃതമായി രണ്ടു ഡസൻ ഖനന യൂണിറ്റുകൾ പ്രവർത്തിക്കുവാൻ പഞ്ചായത്തും മറ്റും അനുവദിച്ചു.ഇത്തരം സംഭവങ്ങളിലൂടെ 100 നടുത്ത് ആളുകൾ മരിച്ചിട്ടും അനധികൃത നിർമ്മാണങ്ങൾക്കും ഖനനങ്ങൾക്കും കൂട്ടു നിന്ന പഞ്ചായത്ത് അധികാരികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവർക്കെതിരെ ഒരു തരത്തിലുമുള്ള ശിക്ഷാ നടപടികൾ ഇതുവരെ എടുത്തിട്ടില്ല.ജീവനും സ്വത്തും നഷ്ട്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക്  അർഹതപ്പെട്ട എന്തു ഭാവി സുരക്ഷയാണ് കേരളം നൽകിയത് എന്നുകൂടി ഓർക്കേണ്ടതുണ്ട്.


വികസനം എപ്രകാരമാണ് ഇടുക്കിയെ തകർത്തെറിയുന്നത് എന്നറിയുവാൻ അവിടെ നിർമ്മിച്ച കെട്ടിടങ്ങൾ  തെളിവാണ്.നിവേദിതാ ഹരൻ,രാജ മാണിക്കം റിപ്പോർട്ടുകൾ,വിവിധ കാലത്തെ ജില്ലാ ഭരണ കൂടത്തിൻ്റെ അന്വേഷണ റിപ്പോർട്ടുകൾ വൻ നിർമ്മാണങ്ങളുടെ  അപകടങ്ങൾ  സൂചിപ്പിച്ചിരുന്നു. എന്നാൽ എല്ലാ നിർദ്ദേശങ്ങളെയും അവഗണിക്കുവാൻ രാഷ്ട്രീയക്കാരും റിയൽ എസ്റ്റേറ്റ് ലാേബിയും ഒന്നിച്ചു.


എറണാകുളം-ധനുഷ് കോടി പാത നിർമ്മാണത്തിൻ്റെ പേരിൽ ഗ്യാപ്പ് റോഡ് ഭാഗത്ത് നടത്തിയ നശീകരണം ,കിളവി പാറ ഏരിയയിൽ വൻ മലയിടിച്ചിലുണ്ടാക്കി.100 ഏക്കർ ഭൂമി ഒലിച്ചു പോയി. 5 Km ചുറ്റളവിൽ കൃഷി അസാധ്യമാക്കി.ഒരു വർഷത്തിനിടയിൽ 20 മലയിടിച്ചിലുകൾ പ്രദേശത്തുണ്ടായി.200 മീറ്റർ റോഡു തന്നെ ഇല്ലാതെയായി.റോഡു നിർമ്മാണം നടക്കുന്ന ദേവികുളം മുതൽ ബോഡിമെട്ട് വരെ ഈ സ്ഥിതി തുടരുകയാണ്. 


കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ സാധാരണക്കാർക്കുണ്ടായ തീരാ നഷ്ട്ടം  ഇടുക്കിയിലെ മറ്റിടങ്ങളിലും ഉണ്ടാകും വിധമാണ് നിയമ ലംഘനങ്ങൾ തുടരുന്നത്.ദുരന്തങ്ങൾ ഉണ്ടാകാത്ത വിധം നാടിനെ സംരക്ഷിക്കുവാൻ ചുമതലപ്പെട്ടവർ, ദുരന്ത മുഖത്ത് നടത്തുന്ന പ്രഖ്യാപനങ്ങൾ ജലരേഖ മാത്രമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment