ഹിമാചലിലെ ജഘാനി ഗ്രാമത്തില്‍ നടക്കുന്ന സമരം ചിപ്കോ പ്രക്ഷോഭത്തെ ഓര്‍മ്മിപ്പിക്കുന്നു




1973 ലെ ചിപ്കോ പ്രക്ഷോഭത്തെ ഓര്‍മ്മിപ്പിക്കും വിധം ഹിമാചലിലെ ബാഗേശ്വറില്‍ പെട്ട ജഘാനി ഗ്രാമത്തില്‍ നടന്നു വരുന്ന സമരം ഗ്രാമത്തിലെ 500 മരങ്ങളെ സംരക്ഷിക്കുവാനായിരുന്നു. കാമേദി ദേവി-രംഗാത്ര റോഡ്‌ നിര്‍മ്മാണത്തിനായി മരങ്ങള്‍ വെട്ടി മാറ്റുവാന്‍ ശ്രമിക്കവെയാണ് പ്രകൃതി എന്നത് സുസ്ഥിരമായ സാമ്പത്തിക ലോകമാണ് ("Ecology is the permanent economy) എന്ന ചിപ്കോ പ്രസ്ഥാനത്തിൻ്റെ മുദ്രാവാക്യത്തെ നാട്ടുകാര്‍ വീണ്ടും ഉയര്‍ത്തുന്നത്. കൊട്ഗിരി ദേവിയുടെ വാസ ഭൂമിയിലെ മരങ്ങള്‍ മുറിക്കരുത് എന്ന വാദമുയര്‍ത്തി സ്ത്രീകള്‍ മരങ്ങളെ കെട്ടി പുണര്‍ന്നു നിന്നാണ് സമരം നടത്തിയത്. നിലവില്‍ യാത്ര ചെയ്യുവാന്‍ റോഡുകള്‍ ഉണ്ടെന്നിരിക്കെ, മരങ്ങള്‍ മുറിച്ചു മാറ്റി റോഡുകള്‍ വേണ്ടതില്ല എന്ന് ഗ്രാമീണര്‍ ഒറ്റകെട്ടായി പറയുമ്പോള്‍ അവരുടെ വാദങ്ങള്‍ മൂന്നു നൂറ്റാണ്ട് മുന്‍പ് നടന്ന ഖേജരാളി സമരത്തെ ഓര്‍ത്തു പോകും. വൈഷ്ണവി സമുദായം മരങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവരെ കൂട്ട കൊലക്ക് മാര്‍വാര്‍ രാജ കുടുംബം വിധേയമാക്കി. ആ ഓര്‍മ്മകളില്‍ നിന്നാണ് ചിപ്കോ സമരം ആരംഭിച്ചത്. ശ്രീമതി ഇന്ദിരാഗാന്ധി സമരത്തെ തുടര്‍ന്ന് 1980 മുതല്‍ 15 വര്‍ഷം ഹിമാലയത്തില്‍ മരങ്ങള്‍ മുറിക്കുന്നതിന് നിരോധനം ഏര്‍പെടുത്തി.

കേരളത്തിലെ വനത്തിന്‍റെ കരുത്തു ചോര്‍ന്നു വരുകയും എന്നാല്‍ വികസനത്തെ മുന്‍ നിര്‍ത്തി മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്യുമ്പോള്‍ അതിനെ പ്രതിരോധിക്കു വാന്‍ നാട്ടുകാര്‍ മടിച്ചു നില്‍ക്കുകയാണ്. വനത്തിനു പുറത്ത് വളര്‍ന്നു നില്‍ക്കുന്ന മുക്കാല്‍ കോടി മരങ്ങളെ മുഴുവന്‍ വെട്ടി മാറ്റുവാന്‍ അവസരം ഉണ്ടാക്കുന്ന തീരുമാനം നിലവിലെ സര്‍ക്കാര്‍ എടുത്തത്‌ കര്‍ഷകരുടെ പേരിലായിരുന്നു. ആ തീരുമാനത്തില്‍ നിന്നും താല്‍കാലികമായി സര്‍ക്കാര്‍ പിന്നോക്കും പോയി എങ്കിലും നിര്‍മ്മാണങ്ങളുടെ മറവില്‍ മരം മുറിയും വെട്ടിതെളിക്കലും കേരളത്തില്‍ സജ്ജീവമാണ്.     


സാക്ഷരതയിൽ പിന്നിൽ നിൽക്കുന്ന ഗ്രാമീണർ, വിശിഷ്യ സ്ത്രീകൾ, മരങ്ങളെ കെട്ടി പുണർന്നു സംരക്ഷിക്കുവാൻ ശ്രമിക്കുമ്പോൾ, കേരളത്തിൻ്റെ പരിസ്ഥിതി സുരക്ഷക്കായി അത്തരത്തിലുള്ള ശക്തമായ സമരങ്ങൾ ഉയരുന്നില്ല എന്നതാണ് വസ്തുത.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment