ഹിമാലയത്തിലെ  ഹിന്ദു കുഷ് നിരകളുടെ തകർച്ച 200 കോടി ജനങ്ങളെ നേരിട്ട് ബാധിക്കും




ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മലനിരയായ ഹിമാലയം ഒരു ഡസൻ രാജ്യങ്ങളുടെ നിത്യജീവിതത്തിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. ഹിമാലയത്തിലെ  ഹിന്ദു കുഷ് നിരകളെ മൂന്നാമത്തെ ധ്രുവ കേന്ദ്രം എന്നു വിളിക്കുന്നത്  (Third Pole) അതിൽ ഉറഞ്ഞു കൂടി കിടക്കുന്ന മഞ്ഞിന്റെ വലിപ്പത്തെ സൂചിപ്പിക്കുവാനായിട്ടാണ്. ഇരു ധ്രുവങ്ങളും കഴിഞ്ഞാൽ എറ്റവും അധികം മഞ്ഞു പാളികളെ ഇവിടെ കാണാം.


3500 ച.കി.മീറ്ററിൽ 8 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഹിന്ദു കുഷ് ഹിമാലയത്തെ (HKH) water Tower of Asia എന്നു വിളിച്ചു. ലോക ജന സംഖ്യയിലെ മൂന്നിലൊന്നു വരുന്നവർക്ക് വെളളം നൽകുവാൻ സഹായിക്കുന്ന HKH യ്ക്ക് ഉണ്ടാകുന്ന തകർച്ച 200 കോടിയാളുകളെ നേരിട്ടു ബാധിക്കും. അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വൈദ്യുതി നിലയങ്ങളുടെ ഉൽപ്പാദനം ഇപ്പാേൾ 500 ജിഗാ വാട്ട് ആണ്. അന്തരീക്ഷ ഊഷ്മാവിലെ വർദ്ധന മഞ്ഞു പാളികൾ ഉരുകി, പാളികളുടെ തുടർച്ച നഷ്ടപ്പെടുവാൻ ഇടയുണ്ടാക്കും. പാളികൾ മുറിഞ്ഞുമാറി മഞ്ഞിടിച്ചിൽ സംഭവിക്കും. നദികളിൽ അധികമായി വെള്ളം പൊങ്ങുകയും ഭാവിയിൽ നദികൾ വറ്റി വരളുകയും ചെയ്യും.


കാർബണിന്റെ തോത് അന്തരീക്ഷത്തിൽ നിയന്ത്രിക്കുന്ന കാര്യത്തിൽ  നല്ല പങ്കു വഹിക്കുന്ന മഞ്ഞു മലകളുടെ ഉരുകൽ കാർബൺ വലിച്ചെടുക്കലിനെ പ്രതികൂലമായി ബാധിക്കും. അന്തരീക്ഷത്തിലെ കാർബൺ വർദ്ധന മണ്ണിന്റെ ഘടന മുതൽ സസ്യങ്ങളുടെ വളർച്ചയെ, ധാന്യങ്ങളുടെയും പഴങ്ങളുടെയും ഉള്ളടക്കത്തെ, ജീവിവർഗ്ഗങ്ങളുടെ ശാരീരിക പ്രവർത്തനത്തെ വരെ മന്ദീഭവിപ്പിക്കും.


ഹിന്ദു കുഷ് മലനിരകളിലെ  ഇന്നത്തെ മഞ്ഞു പാളിയുടെ ഘനം 27% കണ്ടു കുറഞ്ഞിരിക്കുന്നു. 2060 ആകുമ്പോഴേക്കും മലനിരകളുടെ വലിപ്പം പകുതിയായി ചുരുങ്ങും. 2070  ഓടെ തിരിച്ചു വരുവാൻ കഴിയാത്ത തരത്തിൽ മഞ്ഞു മലകൾ തകർന്നു വീഴും. 


ലോക കാലാവസ്ഥ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഹിമാലയ ത്തിന്റെ ഘടനയിലെ മാറ്റങ്ങൾക്ക് അവിശ്വസനീയമായ ദുരിതകങ്ങൾ വരുത്തി വെക്കുവാൻ കഴിയും .അതിന്റെ ആദ്യ ഇരകളിൽ മുഖ്യ സ്ഥാനം ഇന്ത്യക്കായിരിക്കും എന്നതാണ് കൂടുതൽ ദുഖകരം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment