കേരളം കത്തുമ്പോൾ വിളകൾക്ക് എന്ത് സംഭവിക്കും? 




കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഏതു മാറ്റവും വിളകളെ പ്രതികൂലമായി ബാധിക്കും എന്ന് അനുഭവങ്ങള്‍ നമ്മേ പഠിപ്പിക്കുന്നു. പഠനങ്ങള്‍ പലപ്പോഴും നടത്തിയ കണ്ടെത്തലുകള്‍ ഇന്നു കണ്മുന്‍പില്‍ എത്തിക്കഴിഞ്ഞു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ കൃഷിയില്‍ 10% വരെ തിരിച്ചടി ഉണ്ടാക്കുന്നുണ്ട്. അതുവഴി GDP വരുമാനത്തില്‍ (ദേശിയ ഉത്‌പാദനത്തില്‍) ഒന്നര ശതമാനം കുറവ് വരുത്തുവാന്‍  കഴിയും. ഏകദേശം മൂന്നു ലക്ഷം കോടിയില്‍ കുറയാത്ത നഷ്ട്ടം ഉണ്ടാകുന്നു എന്നര്‍ഥം. ചൂട് കൂടുന്ന കാലവസ്ഥയില്‍ നെല്ല്, ഗോതമ്പ്, ചോളം എന്നിവയുടെ ഉത്പാദന ക്ഷമത കുറയും. ഉള്ളി, സോയാബീന്‍, എന്നിവയുടെ വിള കൂടുവാന്‍ അവസരം ഉണ്ടാക്കും. ശുദ്ധ ജല മത്സ്യങ്ങള്‍ നശിക്കും. കടല്‍ മത്സ്യങ്ങള്‍ തീരങ്ങള്‍ വിടും. ഉരുളക്കിഴങ്ങ് ഉത്പാദനം ആദ്യ ഒരു ഡിഗ്രീ ചൂടിന്‍റെ വര്‍ധനവിനാല്‍ കൂടുകയും പിന്നീടു കുറയുകയും ചെയ്യും.  


ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ദക്ഷിണ ആഫ്രിക്ക  (ചോളം) മുതലായ രാജ്യങ്ങളെ ആളുകളുടെ പ്രധാന ഭക്ഷ്യ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം വളരെ ഗുരുതരമാണ്. രാജ്യത്തിന്‍റെ പ്രതിദിന ഭക്ഷ്യ ആവശ്യം 550 ഗ്രാം ആയിരിക്കെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40% വര്‍ധനവ്‌ കാര്‍ഷിക രംഗത്ത് ഉണ്ടായിരിക്കണം എന്നാൽ ഇവിടെ വര്‍ധിച്ച ചൂട് വില്ലനായി തീരുന്നു. 


കേരളത്തിലെ വെള്ളപൊക്കം തകര്‍ത്തു കളഞ്ഞ കൃഷിയും കൃഷിയിടങ്ങളും എത്ര എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ തെങ്ങ്,റബ്ബര്‍, തേയില,കാപ്പി മുതലായ ദീര്‍ഘ കാല വിളകള്‍ക്ക് വന്‍ മഴയും വരള്‍ച്ചയും ദീർഘകാല  പ്രതിസന്ധികള്‍ സൃഷ്ടിക്കും. അവയ്ക്കുണ്ടാകുന്ന തിരിച്ചടികള്‍ പരിഹരിക്കുവാന്‍ നീണ്ട കാലങ്ങള്‍ എടുക്കുന്നു. ചൂട് കൂടുന്ന അവസ്ഥ റബ്ബര്‍ ഉത്പാദനത്തെയും തെങ്ങ്, അടക്കാമരം,ജാതി,ഏലം തുടങ്ങി മിക്ക വിളകള്‍ക്കും നാശം ഉണ്ടാക്കും. അനവസരത്തില്‍ എത്തുന്ന മഴയും മഞ്ഞും വിളകള്‍ക്ക് പ്രതികൂലമാണ്.


കടലില്‍ ഉണ്ടാകുന്ന വര്‍ധിച്ച ചൂട്, തീരങ്ങള്‍ വിട്ടു പോകുവാൻ മത്തി, നെത്തോലി മുതലായവയെ നിർബന്ധിതമാക്കി. മത്സ്യ തൊഴിലാളികള്‍ക്ക് വരുമാനം കുറഞ്ഞു വരുന്നതിനാല്‍ അവര്‍ കപ്പല്‍ ചാനലുകള്‍ കടന്ന് അപകടകരമായ മീന്‍ പിടുത്തം നടത്തുവാൻ  നിര്‍ബന്ധിതരായി തീർന്നു. സംസ്ഥാനത്തെ ഇപ്പോള്‍ അനുഭവിക്കുന്ന വര്‍ധിച്ച ചൂട് ജല ക്ഷാമത്തിനും ഒപ്പം ചിക്കന്‍ പോക്സ് പോലെയുള്ള രോഗങ്ങള്‍ വര്‍ധിക്കുവാനും അവസരം ഉണ്ടാക്കിയിട്ടുണ്ട്.          


ജല ലാഭ്യത കുറവ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ദേശിയ തലത്തില്‍  അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. 1951ല്‍ രാജ്യത്തിന്‍റെ ജല ലഭ്യത പ്രതിവര്‍ഷം 5147 മീറ്റര്‍ ക്യൂബ് ആയിരുന്നു എങ്കില്‍ 2001 ല്‍ 1820 മീറ്റര്‍ ക്യൂബ് ആയി കുറഞ്ഞു. 2025 ഓടെ തോത് 1341 ആയി കുറയും. നദികളുടെ കാര്യങ്ങൾ എടുത്താല്‍ പ്രതിസന്ധി ഏറെ കൂടുതലാണ്.. ഇന്‍ഡസ്സ് നദിയില്‍, ഒരു മാസം ഒഴിച്ചു നിര്‍ത്തിയാല്‍, 11 മാസവും വെള്ളത്തിന്‍റെ കുറവ് വളരെ അധികമാണ്. കാവേരിയില്‍ മൂന്നു മാസം മാത്രമേ സാമാന്യതോതില്‍ വെള്ളമുള്ളൂ. ഈ രണ്ടു നദികളിലും ഒരുമാസം പോലും തൃപ്തികരമായ തോതില്‍ വെള്ളം ഒഴുകുന്നില്ല. 45.5 കോടി ജനങ്ങള്‍ താമസിക്കുന്ന ഗംഗാ നദിയുടെ തീരങ്ങള്‍ വെള്ളക്കുറവിനാല്‍ ബുദ്ധിമുട്ടുകയാണ്. 12 മാസവും സുരക്ഷിതമായി ജലം ഒഴുകുന്ന ഏക ദേശിയ നദി ബ്രഹ്മമ പുത്ര മാത്രം. അതിന്‍റെ താഴ്വരയില്‍ 6.5 കോടി ജനങ്ങള്‍ താമസിക്കുന്നു.


സംസ്ഥാനം അനുഭവിക്കുന്ന വര്‍ധിച്ച ചൂട്, ആഗസ്റ്റിലെ വെള്ളപോക്കത്തിന്‍റെ എതിര്‍ സ്വഭാവം പ്രകൃതി പ്രകടിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കണം. കേരളത്തിന്‍റെ പച്ചപ്പുകളും അവയുടെ അരുവികളും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുവാന്‍ കഴിയാതെ നമുക്ക് കാലാവസ്ഥയുടെ വര്‍ധിച്ചു വരുന്ന  അട്ടിമറികളെ പ്രതിരോധിക്കുവാന്‍ കഴിയില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment