യുദ്ധം ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് 




യുദ്ധം സമാനതകളില്ലാത്ത  പരിസ്ഥിതി ദുരന്തമാണ്. അവയില്‍ ഏറ്റവും പ്രധാനം മനുഷ്യരുടെ കൂട്ട കുരുതികളും. ഒന്നാം ലോക യുദ്ധം 2 കോടി ജനങ്ങളെ കൊലപ്പെടുത്തി. രണ്ടാം യുദ്ധത്തില്‍ എണ്ണം അതിന്‍റെ ഇരട്ടിയായിരുന്നു. കൊറിയന്‍ യുദ്ധത്തിലെ മരണ സംഖ്യ 30 ലക്ഷം. വീയറ്റ്നാം യുദ്ധത്തില്‍ കൊല്ലപെട്ടതാകട്ടെ 25 ലക്ഷം ജനങ്ങള്‍. ഇറാക്ക്-അഫ്ഗാന്‍ യുദ്ധം തകർത്തെറിഞ്ഞത് 10 ലക്ഷത്തോളം  ആളുകളെ.  


യുദ്ധത്തിന്‍റെ കെടുതികള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ദുരന്തങ്ങള്‍ എന്നും മനസ്സിലാക്കുവാന്‍  ഹിരോഷിമ നാഗസാക്കി ബോബിംഗ് അനുഭവങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. Little Boy, Fat Man എന്നീ രണ്ട് ആണവ ബോംബുകള്‍ 1945 ആഗസ്റ്റ്‌ 6,9 തീയതികളില്‍ ജപ്പാൻ നഗരങ്ങളിൽ പതിച്ചപ്പോള്‍  ആദ്യ ദിവസങ്ങളില്‍ മരിച്ചത് 2 ലക്ഷത്തില്‍ അധികമാളുകള്‍ ആയിരുന്നു. ബോംബുകളുടെ ശക്തി (U235) 15000 ടണ്ണും (Pu-239)21000 ടണ്ണും. ഹിരോഷിമയില്‍ 25000 അടി ഉയരത്തില്‍ എത്തിയ പൊടി പടലങ്ങള്‍ സൂര്യനെ മറച്ചു. ദശകങ്ങളോളം ആണവ വികിരണം തുടര്‍ന്നതിനാല്‍ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ശക്തമായി. തകര്‍ന്നടിഞ്ഞ നഗരത്തിന്‍റെ ചിത്രം വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ കഴിയില്ല. ഹിരോഷിമയുടെ ഓട്ട നദിയും  ആണവ വികിരണങ്ങള്‍ കൊണ്ട് നിറഞ്ഞു. ഇന്നു ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആണവ ആയുധങ്ങളുടെ ശക്തിയാല്‍ ഭൂമിയെ 500 തവണ ചുട്ടു കരിക്കുവാന്‍ കഴിയും. റഷ്യയുടെ  സാര്‍ എന്ന പേരിലുള്ള ആറ്റം ബോംബിന്‍റെ ശക്തി ജപ്പാനില്‍ ഉപയോഗിച്ചതിന്‍റെ 3330 ഇരട്ടിയാണ്. (50 മെട്രിക്ക് ton= 50 ലക്ഷം ടൺ). മറ്റൊരു ആണവയുദ്ധം ഉണ്ടായാല്‍ ഭൂമുഖത്ത് എന്തായിരിക്കും അവശേഷിക്കുക എന്നത് വിവരണാതീതമാണ്.


രണ്ടാം ലോക യുദ്ധകാലത്ത് ഒട്ടു മിക്ക ഭൂഖണ്ഡങ്ങളിലും നടത്തിയ ബോംബ്‌ വര്‍ഷങ്ങള്‍, അതുണ്ടാക്കിയ മലിനീ കരണങ്ങള്‍, പട്ടാള കൂട്ടങ്ങളുടെ ക്യാമ്പ് സ്ഥാപിക്കല്‍, അധികമായി യുദ്ധ മുഖത്ത് കത്തിച്ചു കളഞ്ഞ ഇന്ധനം ഇവ  ഒന്നും തന്നെ പ്രകൃതിക്ക് ആശാവഹമായിരുന്നില്ല.


രണ്ടാം ലോകയുദ്ധത്തില്‍ ഉപയോഗിച്ച സ്ഫോടന വസ്തുക്കള്‍ 2 കോടി ടണ്ണിലധികമാണ്. കൊറിയന്‍ യുദ്ധത്തില്‍ 33 ലക്ഷം ടണ്ണും വിയറ്റ്നാമില്‍ അതില്‍ എത്രയോ അധികവും പ്രയോഗിച്ചു. വിയറ്റ്നാം ആകാശത്ത് നിന്നും 2 കോടി ബോംബുകള്‍ 23 കോടി ആര്‍ട്ടിലറി ഷെല്ലുകള്‍ 10 ഗ്രനേഡ്കള്‍ അമേരിക്ക വിക്ഷേപിച്ചു. Agent orange എന്ന 2-4-5 T + 2-4 D മിശ്രിതം 35 ലക്ഷം ഏക്കര്‍ കാടുകളെ കരിച്ചു.


ഒന്നാം ലോകയുദ്ധത്തില്‍ നിരവധി രാസ വസ്തുക്കള്‍ ഉപയോഗിച്ചു. ക്ലോറിന്‍,ഫോസ്ജീന്‍,ക്ലോറോ മീതയില്‍ ക്ലോറോ ഫോര്‍മേറ്റ്, ക്ലോറോ പൈറിസിന്‍,മസ്റ്റാടു ഗ്യാസ് എന്നിവ ഒരു ലക്ഷം ആളുകളുടെ മരണത്തിനും 13 ലക്ഷം ആളുകള്‍ക്ക് മുറിവേല്‍ക്കുവാനും ഇടയുണ്ടാക്കി.

രണ്ടാം ലോകയുദ്ധകാലത്ത് ആണവ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ലോക രാജ്യങ്ങള്‍ മടിക്കുമ്പോഴും ആണവ പരീക്ഷണങ്ങള്‍ വിവിധ സ്ഥലങ്ങളുടെ ഘടനകളെ മാറ്റി മറിച്ചു എന്ന് ആണവ നിയന്ത്രണ സമിതി വിശദമാക്കുന്നു. അമേരിക്കയിലെ ന്യൂ മെക്സിക്കോ, മാര്‍ഷല്‍ ദ്വീപ്‌, ബിക്കിന്‍ അറ്റോള്‍,മ്യൂറോമ അറ്റോള്‍, നോവയ്യ സേമലിയ തുടങ്ങിയവ ആണവ പരീക്ഷണത്താല്‍ നിരവധി വ്യതിയാനങ്ങള്‍ ഉണ്ടായ ഇടങ്ങളാണ്. യുദ്ധത്തില്‍ ഉപയോഗിക്കുന്ന സ്ട്രോണ്‍ഷിയം90 ശരീരത്തില്‍ കടന്ന് എല്ലിനെയും മറ്റും തകര്‍ക്കുന്നു. ലോകത്തെ ഏറ്റവും അധികം ക്യാന്‍സര്‍ രോഗികള്‍ ജീവിക്കുന്നത്  ഇന്നത്തെ ഇറാക്കിലാണ്. അവിടെ അമേരിക്ക നടത്തിയ യുറേനിയം മാലിന്യം(Depleted Uranium) നിറച്ച ബോംബുകളുടെ വര്‍ഷം നാട്ടുകാരെ രോഗികളാക്കി.


യുദ്ധ സന്നാഹങ്ങള്‍ക്കായി Yellow നദിയില്‍ കൃതൃമ വെള്ളപൊക്കം ഉണ്ടാക്കിയിരുന്നു. (ചൈന-ജപ്പാന്‍ യുദ്ധത്തില്‍) ലബനോനെ ഇസ്രായേല്‍ ആക്രമിച്ചപ്പോള്‍ ഉണ്ടായ എണ്ണ ചോര്‍ച്ചയും കത്തിക്കലും കുവൈറ്റ്-ഇറാക്ക്  യുദ്ധത്തിലും കണ്ടതാണ്. ഇറാന്‍-ഇറാക്ക് യുദ്ധത്തിലും എണ്ണ കിണറുകൾ കത്തിയമർന്നു. (ടിപ്പുവിന്‍റെ പടയോട്ടം തടുക്കുവാന്‍ പെരിയാര്‍ നദിയില്‍ വെള്ളം ഉയര്‍ത്തി നിര്‍ത്തിയ സംഭവം തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ ഭാഗമാണ്).


പല യുദ്ധങ്ങളും ചില ജീവികളുടെ വംശ നാശത്തിന് പോലും ഇടനല്‍കിയിട്ടുണ്ട്. ബോര്‍(1898-1900) യുദ്ധകാലത്ത് മാനുകളുടെ വേട്ട വര്‍ദ്ധിച്ചത്( Pere david Deer) അവയുടെ എണ്ണം ഏറെ കുറയുവാന്‍ കാരണമായി. ആഫ്രിക്കയിലെ വെളുത്ത റയിനോകളും കറുത്ത റയിനോകളും ആനകളും യുദ്ധത്താല്‍ വലിയ തരത്തില്‍ കൊല്ലപെട്ടു. കൊളംബിയയിലും കോംഗോയിലും റിബല്‍ സൈന്യങ്ങള്‍ കാട് വെട്ടി തെളിച്ച് ഓപ്പിയം കൃഷിയും മൃഗങ്ങളെ കള്ളകടത്ത് നടത്തി പണവും നേടുന്നു.   


ഇന്‍ഡോ-പാക് യുദ്ധങ്ങളും ചൈന-ഇന്ത്യ യുദ്ധങ്ങളും ഹിമാലയന്‍ മല നിരകളില്‍ വലിയ ആഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പട്ടാളത്തിനായി റോഡുകള്‍, ബാരിക്കേഡുകള്‍,യുദ്ധ പരിശീലനങ്ങള്‍(ഇവക്കായി നടത്തുന്ന നിര്‍മ്മാണങ്ങള്‍), വെടിയൊച്ചകള്‍, രാസ, വെടി മരുന്നുകളുടെ സാനിധ്യം അങ്ങനെ നീണ്ടു പോകുന്ന പ്രശ്നങ്ങള്‍ക്കൊപ്പം മരങ്ങള്‍ വെട്ടുന്നതും ഹിമാലയന്‍ കാടുകളെ പ്രതിസന്ധിയിലാക്കി. ഹിമാലയത്തില്‍ നിന്നും ഉത്ഭവിക്കുന്ന നദികളും അതിന്‍റെ പോഷക നദികളും ഏറ്റുവാങ്ങുന്ന തിരിച്ചടികളില്‍ സുരക്ഷാ ഏറ്റുമുട്ടലുകള്‍ക്കും അനുബന്ധ സംഭവങ്ങള്‍ക്കും പങ്കുണ്ട്. ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ജീവി വര്‍ഗ്ഗങ്ങള്‍ക്ക്  യുദ്ധവും അനുബന്ധ പ്രവര്‍ത്തനവും ഭീഷണിയാണ്.


പാകിസ്ഥാനില്‍ നിന്നുള്ള തീവ്ര വാദികളുടെ നുഴഞ്ഞു കയറ്റവും പ്രതിരോധ തയ്യാറെടുപ്പുകളും ഭീകര വാദികളുടെ പരിശീലനവും പ്രതിരോധത്തിനായുള്ള പട്ടാളത്തിന്‍റെ ചെറുത്തുനില്‍പ്പുകളും മലനിരകളുടെ സംതുലത്തിനെ പ്രതികൂലമായി ബാധിക്കും. യുദ്ധം മനുഷ്യ കുലത്തിന് മാത്രമല്ല എല്ലാ ജീവ ജാലങ്ങള്‍ക്കും നദിക്കും മറ്റു നീരുറവകള്‍ക്കും കാടിനും ദുരന്തം മാത്രമേ വരുത്തി വെക്കുന്നുള്ളൂ. ഹിമാലയ നിരകളില്‍ പണിതുയര്‍ത്തുന്ന ഡാമുകള്‍ റോഡുകള്‍ അമിതമായി വര്‍ദ്ധിക്കുവാന്‍ അത്രുത്തി തര്‍ക്കങ്ങള്‍  പ്രധാന പങ്കുവഹിച്ചു വരുന്നു .


രാജ്യ സുരക്ഷയുടെ മാര്‍ഗ്ഗം യുദ്ധമല്ല, എല്ലാ തരം  ഭീകരവാദികളെയും ഒറ്റപെടുത്തുവാന്‍ സമൂഹത്തെ തയ്യാറാക്കുക.അധികാരി വർഗ്ഗങ്ങളുടെ യുദ്ധ കൊതി ജനം തിരിച്ചറിയുക. രാജ്യാന്തര തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക തുടങ്ങിയ തീരുമാനങ്ങളിലേക്ക് ലോകം എത്തി ചേരേണ്ടതുണ്ട്. യുദ്ധം പ്രകൃതിയില്‍ ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ വളരെ ഗൗരവതരമാണ്. അത് മണ്ണിനെയും മരങ്ങളേയും പുഴകളേയും കാറ്റിനെ പോലും വിഷമയമാക്കും. അവ മനുഷ്യ ജീവിതത്തെ അസാധ്യമാക്കും. യുദ്ധത്തിനു നല്‍കുവാനുള്ളത് നശീകരണത്തിന്‍റെ കണക്കുകള്‍ മാത്രം. 


യുദ്ധങ്ങൾക്ക്  പരാജിതരുടെ കഥകളെ   ലോകത്തോട് പറയുവാനുള്ളൂ. 
പ്രകൃതി സമാധാനത്തെ മാത്രം ഇഷ്ടപ്പെടുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment