ഇടുക്കി ജില്ലയിലെ ഭൂമി കൈയ്യേറ്റക്കാര്‍ക്ക് ശക്തമായ താക്കീതായി കയ്യേറ്റം ഒഴിപ്പിച്ച നടപടി




പക്ഷപാതരഹിതവും കാര്യക്ഷമവുമായ നിര്‍വ്വഹണം ഉറപ്പാക്കുമ്പോഴാണ് നിയമങ്ങള്‍ സാര്‍ത്ഥകമാകുന്നത്. നയപരമായ തീരുമാനങ്ങള്‍ക്കപ്പുറം, വിട്ടുവീഴ്ചയില്ലാത്ത നടപടിക്രമങ്ങളിലൂടെ ഇത് സാധ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണ്ണായകമാണ്.  ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത അത്തരം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും അഭിമാനമാകുന്നതു പോലെ തന്നെ, ഭൂമാഫിയ വച്ചുനീട്ടുന്ന ഔദാര്യങ്ങള്‍ക്കും വിരട്ടലുകള്‍ക്കും വഴങ്ങുന്നവര്‍ നാടിന്‍റെ ശാപവുമാണ്.


ഇടുക്കിയിലെ ചിന്നക്കനാല്‍ വില്ലേജിലെ 3542-ാം നമ്പര്‍ തണ്ടപ്പേരില്‍ സര്‍വ്വേ നമ്പര്‍ 20/1-ല്‍പ്പെട്ട 1.5945 ഹെക്ടറും സര്‍വ്വേ നമ്പര്‍ 509-ല്‍പ്പെട്ട 0.4898 ഹെക്ടറും സര്‍വ്വേ നമ്പര്‍ 34/1-ല്‍പ്പെട്ട 1.5700 ഹെക്ടറും ഭൂമി, ഒരു സ്വകാര്യ വ്യക്തി വ്യാജ പട്ടയം ചമച്ച് കൈവശം വച്ചിരുന്നത് റവന്യു ഉദ്യോഗസ്ഥര്‍ കണ്ടെത്തി പട്ടയം റദ്ദ് ചെയ്യുകയുണ്ടായി. ഈ ഉത്തരവിനെ ജിമ്മി സഖറിയ, വെള്ളൂക്കുന്നേല്‍ എന്നയാള്‍  ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.   തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ സര്‍വ്വേ ടീം ടി ഭൂമി വ്യകതമായി സര്‍വ്വേ ചെയ്യുകയും, ഭൂരേഖകള്‍ സൂക്ഷമമായി പരിശോധിക്കുകയും ചെയ്തയില്‍ പട്ടയം റദ്ദാക്കിയ അഡീഷണല്‍ തഹസീല്‍ദാരുടെ നടപടി ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ സമര്‍പ്പിക്കുകയും കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുകയും ചെയ്യുകയുണ്ടായി ഇക്കഴിഞ്ഞ ദിവസം. 


ഈ നടപടി ഇടുക്കി ജില്ലയിലെ ഭൂമി കൈയ്യേറ്റക്കാര്‍ക്ക് ശക്തമായ താക്കീതാണ്. നിയമ വാഴ്ച ഉറപ്പാക്കുന്ന ഈ ധീരമായ നടപടിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഇടുക്കി ജില്ലാ കളക്ടര്‍ ദിനേശന്‍, ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, താലൂക്ക് റവന്യു ഉദ്യോഗസ്ഥര്‍, സര്‍വ്വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഒപ്പം, കൈയ്യേറ്റക്കാരെ സഹായിക്കാന്‍ രേഖകളില്‍ കൃത്രിമം കാട്ടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഉറപ്പ് നല്‍കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment