ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു; വർഷക്കാലത്ത് ആപത്താകുമെന്ന് വിദഗ്ദർ




കോട്ടയം: ഇടുക്കി ഡാമിലേക്ക് വേനല്‍ മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായി. വൈദ്യുതി ഉല്പാദനമാകട്ടെ മൂന്നിലൊന്നായി ചുരുങ്ങി. ഇതോടെ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് കൂടി. വര്‍ഷകാലം ആരംഭിക്കാനിരിക്കെ ഇത്രയും ജലം ജലാശയത്തില്‍ കെട്ടിനില്ക്കുന്നത് ആപത്തിലേക്കാണ് വഴിതുറക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 411.077 ദശലക്ഷം വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇപ്പോള്‍ ഇടുക്കി ജലാശയത്തിലുള്ളത്. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ 43 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്.


ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വൈദ്യുതിയുടെ ഉപയോഗം കുറ‌ഞ്ഞതാണ് വൈദ്യുതി ഉല്പാദനത്തില്‍ വന്‍ ഇടിവ് സംഭവിക്കാന്‍ ഒരു കാരണം. കൂടാതെ ആറ് ജനറേറ്ററുകളില്‍ മൂന്നും കേടായിക്കിടക്കുകയാണ്. 130 മെഗാവാട്ടിന്റെ ജനറേറ്ററുകളാണ് ഇടുക്കിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ജനുവരി 20നും ഫെബ്രുവരി ഒന്നിനുമാണ് ഓരോ ജനറേറ്ററര്‍വീതം പൊട്ടിത്തെറിച്ച്‌ കത്തി നശിച്ചത്. ഇതിന്റെ പണി കഴിഞ്ഞയാഴ്ച ആരംഭിച്ചുവെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. ആറാം നമ്ബര്‍ ജനറേറ്റര്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവച്ചിരിക്കയാണ്. ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ വീണ്ടും തകരാറിലായതും വൈദ്യുതി വകുപ്പിനെ നിരാശയിലാക്കി.


ഇപ്പോള്‍ 43 ശതമാനം വെള്ളം അണക്കെട്ടില്‍ കെട്ടിക്കിടക്കുന്നുണ്ട്. കാലവര്‍ഷം എത്തിയാല്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തും. ഇതോടെ കാലവര്‍ഷം എത്തിയാല്‍ ഉടന ഇടുക്കി ഡാമില്‍നിന്നും വെള്ളം ഒഴുക്കിവിടേണ്ടതായി വരും. രണ്ടുവര്‍ഷം മുമ്പുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ നിന്നും വെള്ളം ഒഴുക്കി വിടേണ്ടതായി വന്നിരുന്നു. ഇതോടെ സംഭവിച്ച നാശനഷ്ടം ഇടുക്കിയിലെ ജനം മറന്നിട്ടില്ല.


കാലവര്‍ഷം എത്തും മുൻപേ കൂടുതലുള്ള വെള്ളം ഒഴുക്കിക്കളയണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാം എന്നു കരുതി വെള്ളം ശേഖരിച്ചുവയ്ക്കുന്നത് ആപത്താവുമെന്നാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment