മരടും സംസ്ഥാന സർക്കാരിനെ ഒന്നും പഠിപ്പിക്കുന്നില്ല എങ്കിൽ ?




കേരളം വികസിച്ചു മുന്നേറണ്ണമെന്ന ആഗ്രഹത്തില്‍ നാടിനെ അറിയാവുന്ന ഒരാള്‍ക്കും എതിര്‍ അഭിപ്രായം ഉണ്ടാകാറില്ല. അതിനാവശ്യമായ ചര്‍ച്ചകള്‍ കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പ്തന്നെ തുടങ്ങി വെച്ചിരുന്നു.അതില്‍ വലിയ പങ്കു വഹിച്ചവര്‍ രാഷ്ട്രീയ നേതാക്കള്‍ തന്നെയായിരുന്നു. EMS എഴുതിയ ഒന്നേ കാല്‍ കോടി മലയാളികള്‍ (1946) ,കേരളം മലയാളികളുടെ മാതൃഭൂമി(1948)  തുടങ്ങിയ രചനകള്‍ അതിനു സഹായകരമായി.


1957 ലെ EMS തന്നെ നേതൃത്വം കൊടുത്ത മന്ത്രി സഭയുടെ വികസന സമീപനങ്ങള്‍  അവരുടെ കഴിഞ്ഞ കാല സ്വപ്‌നങ്ങളെ ലക്ഷ്യത്തില്‍ എത്തിക്കുവാനാണ് ശ്രമിച്ചത്. ജന്മിത്വത്തിന്‍റെ അടിത്തറ ഇളക്കികൊണ്ട് ഭൂമിയുടെ ഉടമസ്ഥാ വകാശത്തെ പൊളിച്ചെഴുതുവാന്‍ നടത്തിയ ശ്രമം ജമ്മു കാശ്മീര്‍ സംസ്ഥാനത്തിനു ശേഷം ഇന്ത്യയിൽ രണ്ടാമതു നടന്ന  ഭൂപരിഷ്കരണ നടപടിയായിരുന്നു. എന്നാല്‍ ആ നീക്കം കമ്യുണിസ്റ്റ് പാര്‍ട്ടി ആഗ്രഹിച്ച രീതിയില്‍ സമഗ്രമായി നടപ്പില്‍ കൊണ്ടുവന്നില്ല. അതിന്‍റെ പോരായ്മകള്‍ കേരളത്തെ 1970കൾ മുതൽ  വേട്ടയാടി വരുന്നു. ആദ്യ  മന്ത്രി സഭ തന്നെ, ബര്‍ള എന്ന വ്യവസായിയെ  മുളയെ  അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റയോണ്‍സ് വ്യവസായത്തിനായി ക്ഷണിച്ചു കൊണ്ടു വന്നു. അവരുടെ രണ്ടാം മന്ത്രിസഭയും ജപ്പാനില്‍ നിന്നും നിക്ഷേപത്തെ ക്ഷണിക്കുവാന്‍ തയ്യാറായി.


1969 മുതല്‍ 8 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരണം നടത്തിയ CPI-കോണ്‍ഗ്രസ്സ് ഭരണം വ്യവസായങ്ങളും മറ്റു സ്ഥാപനങ്ങളും (CDS, ശ്രീ ചിത്ര മുതലായവ)  കൊണ്ടുവരുവാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. കാര്‍ഷിക-പരമ്പരാഗത വ്യവസായങ്ങള്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേടിയ കേരളം, ഇതേ കാലത്തു തന്നെ GDP വരുമാനത്തില്‍ ദേശിയ GDP ശരാശരിക്ക് മുകളില്‍ എത്തി. അത്തരം അത്ഭുതങ്ങൾ  സംഭവിച്ചതിനു പിന്നില്‍ ഒന്നേകാല്‍ കോടിയിലധികം മലയാളികള്‍ ഗള്‍ഫ്‌ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളില്‍ പണിയെടുത്തുണ്ടാക്കി വന്ന മിച്ച അധ്വാനമായിരുന്നു പ്രവർത്തിച്ചത്. അതിന്‍റെ തണലില്‍ വാര്‍ഷിക വരുമാനം, വിവിധ ശ്രേണിയിലുള്ള ഉപഭോഗ ശീലങ്ങള്‍ എന്നിവയുടെ തോത്  കേരളത്തിൽ ദേശിയ ശരാശരിയേക്കാളും ഏറെ മെച്ചപെട്ടു. കാര്‍ഷിക- വ്യവസായ രംഗത്തിലെ മാന്ദ്യത്തിനൊപ്പം കേരളത്തിനുണ്ടായ സാമ്പത്തിക കുതിപ്പ് തുടരുമ്പോള്‍ കേരള മാതൃകക്ക് ആഗോളമായി അംഗീകാരം ലഭിക്കുവാന്‍ അവസരം ഉണ്ടായത്, കുറഞ്ഞ വരുമാനത്തില്‍ നിന്നു കൊണ്ട് മാനവിക സൂചികയില്‍ വികസിത മുതലാളിത്ത രാജ്യങ്ങളുടെ നിലവാരത്തിലെക്ക് ഉയരുവാന്‍ കഴിഞ്ഞതിലൂടെയാണ്. ആ കാലത്ത് സമ്പത്തിന്റെ വിതരണത്തിൽ അനാരോഗ്യകരമായ വ്യത്യാസം സജ്ജീവമായിരുന്നില്ല.


കേരളത്തിന്‍റെ സമഗ്ര പുരോഗതിക്ക് അടിസ്ഥാനമായി പ്രവര്‍ത്തിച്ചത്  സംസ്ഥാനത്തിന്‍റെ പരിസ്ഥിതി രംഗത്തെ പ്രത്യേകതകൾ ആയിരുന്നു എന്ന് 1980 കള്‍ മുതല്‍ നമ്മുടെ നേതാക്കള്‍ മറക്കുവാന്‍ ഇഷ്ടപെട്ടു.അതിനു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുവാന്‍ ആഗോളവല്‍ക്കരണം സഹായകരമായി . ഭൂമിയെ ഊഹ മൂലധനമാക്കി മാറ്റുവാന്‍ അവസരം ഒരുക്കുന്ന റിയല്‍ എസ്റ്റേറ്റ് ഒരു വ്യസയമായി അമേരിക്ക ഉള്‍പെടുന്ന രാജ്യങ്ങളില്‍ വളര്‍ന്നപ്പോള്‍, അതിന്‍റെ സ്വാധീനം ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ സജ്ജീവമായി തീർന്നു.(ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് വന്‍കിട റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനാണ് എന്നത് അവിചാരിതമല്ല).


സേവന രംഗത്തെ കച്ചവടരംഗമാക്കി മാറ്റിയ അമേരിക്കന്‍ മാതൃക കൂടി കേരളത്തില്‍ സാജ്ജീവമായതിലൂടെ കേരളത്തിന്‍റെ GDP വളര്‍ച്ച ഉയരുകയിരുന്നു. ഊഹ വിപണിയുടെ പിന്തിരിപ്പന്‍ സ്വാധീനം സാമ്പത്തിക രംഗത്ത് മുതല്‍ തൊഴില്‍ രംഗത്തും വ്യക്തികളുടെ ജീവിതത്തിലും വരെ അപകടങ്ങള്‍ വരുത്തി വെക്കും എന്ന് കരുതി വന്ന കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആഗോളവല്‍ക്കരണത്തിനൊപ്പം ചലിക്കുവാന്‍ മടിച്ചില്ല.അങ്ങനെ കേരളം ഉത്പാദനത്തെ മറന്ന് (കൃഷിയെയും പരമ്പരാഗത –വ്യവസായത്തെയും) ദല്ലാള്‍ സ്വഭാവമുള്ള സാമ്പത്തിക ബന്ധങ്ങളില്‍ എത്തി. അതിന്‍റെ അപകടകരമായ സ്വാധീനം രാഷ്ടീയക്കാരില്‍ മുതല്‍ ജാതി-മത നേതാക്കളില്‍ വരെ വ്യാപിച്ചു.ഒരു കാലത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഏറ്റവും കുറവുള്ള ഒരു സമൂഹം എന്ന നിലയില്‍ നിന്നും കേരളം, അവര്‍ തമ്മില്‍ ഏറ്റവും അധികം വ്യത്യാസമുള്ള ആളുകളുടെ നാടായി തീര്‍ന്നു. രാജ്യത്ത് ഭൂമിയുടെ ആളോഹരി വരുമാനം കുറഞ്ഞു കൊണ്ടിരിക്കെ, കേരളത്തില്‍ ഭൂ കേന്ദ്രീകരണം ശക്തമായി കൊണ്ടിരിക്കുന്നു. ഈ സംഭവ പരമ്പരകള്‍ ഉണ്ടാക്കിയ ദുരന്തങ്ങളില്‍ ഏറ്റവും വലുതായിരുന്നു 2018 ലെയും 2019ലെയും മഴക്കാലം.


(നാളെ രണ്ടാം ഭാഗം )

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment