അനധികൃത ഖനനം: മലപ്പുറം ജില്ലയിലെ രണ്ട് താലൂക്കിൽ നിന്ന് മാത്രം പിടികൂടിയത് അമ്പതോളം വാഹനങ്ങൾ 




മലപ്പുറം: ഓണക്കാലത്തെ അനധികൃത ഖനനം തടയാനായി രുപീകരിച്ച സ്‌പെഷ്യൽ സ്ക്വാഡ് പിടികൂടിയത് 25 ലോറികളും മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും. തിരൂർ താലൂക്കിൽ നിന്ന് മാത്രമാണ് മണ്ണ്, ചെങ്കല്ല് ഖനനം നടത്തിയ ഇത്രയും വാഹനങ്ങൾ പിടികൂടിയത്. കുറ്റിപ്പുറം, കോട്ടക്കൽ, കാടാമ്പുഴ, വളാഞ്ചേരി, കുറുമ്പത്തൂർ, പൊന്മുണ്ടം, പൊന്മള എന്നീ പ്രദേശങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്.


സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ അനധികൃതമായി ഖനനം നടത്തിയിരുന്ന ചെങ്കൽ ക്വാറികൾ കണ്ടെത്തി. എടയൂർ, മേൽമുറി, കുറുമ്പത്തൂർ എന്നിവിടങ്ങളിലുള്ള ക്വാറികളാണ് കണ്ടെത്തിയത്. ഇവയുടെ പ്രവർത്തനം സ്‌പെഷ്യൽ സ്ക്വാഡ് തടഞ്ഞിട്ടുണ്ട്.


അനധികൃതമായി ഖനനം നടത്തിയിരുന്ന ക്വാറികളുടെ സ്ഥലത്തിന്റെ ഉടമകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. അനധികൃതമായി പിടിച്ചെടുത്ത വാഹനങ്ങൾ തിരൂർ തഹസിൽദാർ ഓഫീസിലേക്ക് മാറ്റി. വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകി.


അതേസമയം, മലപ്പുറം ജില്ലയിലെ തന്നെ പെരിന്തൽമണ്ണ താലൂക്കിൽ നടന്ന സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലും അനധികൃതമായി ഖനനത്തിന് ശ്രമിച്ച വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. 13 ലോറികളും രണ്ട്  മണ്ണ് മാന്തി യന്ത്രങ്ങളുമാണ് ഇവിടെ നിന്ന് പിടികൂടിയത്. ഇതോടെ ജില്ലയിലെ രണ്ട് താലൂക്കിൽ നിന്നും ആകെ പിടികൂടിയത് 43 വാഹനങ്ങളാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment