സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി പീച്ചിഡാമിന് സമീപത്തെ മുളയം കുന്നില്‍ വ്യാപക മണ്ണെടുപ്പ്




മലയും കുന്നും ഇടിച്ച് നിരത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെ കാറ്റില്‍ പറത്തി വകുപ്പുകളുടെ അനുമതിയോടെ കുന്നിടിക്കുന്നു. പീച്ചിഡാമിന്റെ വൃഷ്ടിപ്രദേശമുള്‍പ്പെടുന്ന മുളയം കുന്നാണ് ഇടിച്ച് നിരത്ത് മണ്ണ് കടത്തുന്നത്. കഴിഞ്ഞ ദിവസം മണ്ണെടുത്ത് കടത്താനായി 14 ടോറസ് വാഹനങ്ങള്‍ എത്തിയതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മണ്ണെടുപ്പ് താൽകാലികമായി നിറുത്തിവെച്ചിരിക്കുകയാണ്.


വീട് നിർമിക്കാൻ മണ്ണെടുക്കുന്നു എന്ന ധാരണയിലാണ് നാട്ടുകാർ വിഷയത്തെ ആദ്യം ഗൗരവമായി എടുക്കാതിരുന്നത്. എന്നാൽ പിന്നീട് സ്ഥലം സന്ദർശിച്ചതോടെയാണ് വ്യാപകമായി കുന്നിടിക്കൽ ഉണ്ടെന്ന് മനസിലായത്. ഇതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധം ഉയർത്തുകയായിരുന്നു.


ഒല്ലൂക്കര മുളയം മുല്ലക്കര റോഡിലെ മുളയംകുന്നില്‍ 20 സെന്റില്‍ നിന്നും 847 ക്യൂബിക് മീറ്റര്‍ മണ്ണെടുക്കുന്നതിനാണ് ജിയോളജി വകുപ്പ് അനുമതി നല്‍കിയത്. വീട് നിര്‍മ്മാണത്തിനെന്ന പേരിലാണ് അനുമതി വാങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ 11നാണ് അനുമതി നല്‍കിയിരിക്കുന്നത്. 25നുള്ളില്‍ മണ്ണ് നീക്കം ചെയ്യണമെന്നും അനുമതി ഉത്തരവിലുണ്ട്.


അതേസമയം,  നാട്ടുകാര്‍ സംഘടിച്ച് ജിയോളജി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍, കോര്‍പ്പറേഷന്‍ അസി.സെക്രട്ടറിയാണ് സമ്മതം നല്‍കിയിരിക്കുന്നതെന്നും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനാണ് തങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും പറഞ്ഞ് ഒഴിയുകയാണുണ്ടായത്.


നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ മണ്ണെടുപ്പ് താല്‍ക്കാലികമായി നിറുത്തിവെച്ചു. പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശവും അതി സുരക്ഷാ മേഖലയുമാണ് മുളയം കുന്നുള്‍പ്പെടുന്ന പ്രദേശം. മണ്ണെടുക്കാന്‍ അനുമതി നല്‍കിയ ഖനന ഭൂഗര്‍ഭ വിഭാഗത്തിനും കോര്‍പ്പറേഷനുമെതിരെ നിയമനടപടിക്കാണ് നാട്ടുകാരുടെ തീരുമാനം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment