വെള്ളപ്പൊക്ക നിയന്ത്രണ ആക്റ്റ് നടപ്പിലാക്കണം ; കുസാറ്റ് ശിൽപ്പശാല നിർദ്ദേശം




കേരളം വെള്ളപ്പൊക്ക നിയന്ത്രണ ആക്റ്റ് നടപ്പാക്കണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഏകദിന ശില്പശാല . കുസാറ്റിലെ അന്തരീക്ഷ പഠന വിഭാഗവും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും സംയുക്തമായി സംഘടിപ്പിച്ച 'പ്രളയം മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങളും സമീപനങ്ങളും' എന്ന ശില്പശാലയാണ് പുതിയ ശാസ്ത്രീയ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചത്. കാലാവസ്ഥ പ്രവചനവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്തു അത് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് അവസരമുണ്ടാക്കണമെന്ന് ശില്പശാലയിൽ അഭിപ്രായമുയർന്നു. 

 

ഒരാഴ്ചയ്ക്കകം ശിൽപ്പശാലയിൽ ഉയർന്ന നിർദേശങ്ങൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ മേധാവികൾക്ക് കൈമാറും. ദുരന്തനിവാരണ സമിതി, ഡാം സുരക്ഷാ മാനേജ്മെൻറ് എന്നിവയിൽ കാലാവസ്ഥ, ഭൂമി ശാസ്ത്ര ഗവേഷകരിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തുക, വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ സാധ്യതകൾ അനുസരിച്ച് മേഖലകളാക്കി തിരിച്ചു നിർമ്മാണ നിയന്ത്രണം കൊണ്ടുവരിക, പശ്ചിമഘട്ട സംരക്ഷണം ഹരിതകേരള മിഷന്റെ ഭാഗമാക്കുക, ദുരന്ത പ്രതിരോധം മുന്നിൽക്കണ്ട് കെട്ടിട നിർമ്മാണ ചട്ടം കൊണ്ടുവരിക, സമഗ്ര ദുരന്ത നിവാരണ ഇൻഷുറൻസ് നടപ്പിലാക്കുക, ദുരന്തനിവാരണവും കാലാവസ്ഥാവ്യതിയാനവും പാഠ്യപദ്ധതിയിൽ  ഉൾപ്പെടുത്തുക,  കാലാവസ്ഥാ നിരീക്ഷണവും പ്രാദേശിക അന്തരീക്ഷ പ്രവചനമാർഗങ്ങളും ശക്തമാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളും ശിൽപ്പശാലയിൽ  ഉയർന്നു. 

 

കുസാറ് മറൈൻ സയൻസ് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല സിഎംഎഫ്ആർഐ ഡയറക്ടർ ഡോക്ടർ എ ഗോപാല കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുസാറ്റ് വിസി ഡോക്ടർ എ ലത അധ്യക്ഷയായി. കില ഡയറക്ടർ ഡോക്ടർ ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് സ്വാഗതം പറഞ്ഞു. 

 

കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണം എന്ന് പറയാനാവില്ലെങ്കിലും മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കുസാറ്റ് അന്തരീക്ഷ പഠന വിഭാഗം അസിസ്റ്റന്റ്  പ്രൊഫസർ ഡോ. എസ് അഭിലാഷ് പറഞ്ഞു. 'മാറുന്ന കാലാവസ്ഥയും മാറേണ്ട കേരളവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രമായ മഴയും ആഴമുള്ള മേഘങ്ങളും ഉള്ള സംസ്ഥാനമായി കേരളം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. അറബിക്കടലിൽ തീവ്രമായ ചുഴലിക്കാറ്റുകൾ സാധാരണമെങ്കിലും അടുത്തകാലത്ത് അവയുടെ എണ്ണം കൂടിയിട്ടുണ്ട്. ലഭ്യമായ പ്രവചനങ്ങൾ പ്രകാരം സെപ്തംബറിൽ മഴ കുറയും എന്നാണ് കരുതുന്നത്. അതേസമയം ഒക്ടോബറോടെ കേരളത്തിൽ ഒരു ചുഴലിക്കാറ്റ് കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മിക്ക നദികളും ആഴവും പരപ്പും കുറഞ്ഞ അവസ്ഥയിലാണെന്ന് സിഡബ്ലിയുആർഡിഎം സീനിയർ ശാസ്ത്രജ്ഞൻ ഡോക്ടർ ജോർജ് അബെ പറഞ്ഞു. പെരിയാറും പമ്പയും എല്ലാം ഇതിൻറെ പരിണതഫലങ്ങൾ രൂക്ഷമായി അനുഭവിക്കുന്നവയാണ്. റബ്ബർ പോലുള്ള ഏകവിള കൃഷികളുടെ വ്യാപനം, അനിയന്ത്രിതമായ കൈയേറ്റങ്ങൾ, നഗരം പുറംതള്ളുന്ന അഴുക്കുജലം, മറ്റു മാലിന്യങ്ങൾ എന്നിവ പുഴയുടെ സ്വാഭാവികമായ നിർഗമന മാർഗങ്ങൾ തടയുമ്പോൾ പുഴ സ്വാഭാവിക നിർഗമന മാർഗ്ഗം തിരിച്ചുപിടിക്കും. കേരളത്തിലെ മിക്കവാറും നദികളുടെ കയ്യൊപ്പ് മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം ജി മനോജ്, ഡോ.ഇഗ്നേഷ്യസ് കുഞ്ഞുമോൻ, ഡോ. കെ കെ കറുപ്പൻകുട്ടി, ഡോ. വിഎസ് വിജയൻ, ഡോ. കെ.ജി. താര, അഡ്വക്കറ്റ് ശിവൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment