73 ആം ഇന്ത്യൻ സ്വാതന്ത്ര്യ വാർഷിക ദിന  ആശംസകൾ




ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾക്കൊപ്പം ജനസമൂഹം അനുവർത്തിക്കേണ്ട ഭരണഘടനാപരമായ കടമകൾ  ദേശീയതയെ സുരക്ഷിതമായി പരിലാളിക്കണം എന്നാേർമ്മിപ്പിക്കുന്നു. (അനുച്ഛേദം 51 A) 1976ലെ 42 ആം ഭരണഘടനാ ഭേദഗതി വഴിയാണ് ഇവ ഭരണ ഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത്.


11 മൗലിക കടമകളിൽ ഭരണഘടനയെ അനുസരിക്കുവാൻ ഏവരും ബാധ്യസ്ഥരാണ് എന്നതാണ്  ഒന്നാമത്തേ ഓർമ്മപ്പെടുത്തൽ. ഏഴാമത്തെ മൗലിക കടമയായി 'വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാ ഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവജാലങ്ങളോട് കരുണ കാണിക്കുകയു ചെയ്യുക '.... എന്ന് എഴുതി ചേർത്തിട്ടുണ്ട്.   അതിന്റെ തുടർച്ചയായി ഒൻപതാം ഭാഗത്തിൽ .... 'പൊതു സ്വത്ത് സംരക്ഷിക്കുകയും ആക്രമം ഉപേക്ഷിക്കുകയും ചെയ്യുക '...എന്ന് ഭരണഘടന ആവശ്യപ്പെടുന്നു. 


ദേശീയതയെ തൃപ്ത്തികരമായി പരിഗണിക്കുന്ന ഏതൊരു ഇന്ത്യക്കാരനും നിർബന്ധമായും അംഗീകരിച്ചു നടപ്പിലാക്കേണ്ട മൗലിക കടമയായ  പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ മറന്നു കൊണ്ടുള്ള  നാടിന്റെ വികസന അജണ്ടകൾ  ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയായി രാജ്യം പരിഗണിക്കണം.


കേരളത്തിന്റെ മലകളും കാടും അതിന്റെ നട്ടെല്ലായ പാറ കെട്ടുകളും തകർത്തെറിയുവാൻ മുന്നിൽ നിൽക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അതിനായി അവസരം ഒരുക്കുന്ന സർക്കാർ സംവിധാനവും  ഭരണഘടന ആവശ്യപ്പെടുന്ന മൗലിക കടമകളെ അട്ടിമറിക്കുകയാണ് .നദികളെ ഒഴുകുവാൻ അനുവദിക്കാതെ, കുളങ്ങളും പാടങ്ങളും മൂടി എടുത്ത് , കടൽ തീരങ്ങൾ പിടിച്ചിടക്കിയുള്ള ചെയ്തികൾ ഭരണഘടനക്കെതിരായ വെല്ലുവിളികളായി പരിഗണിക്കണം.  അതിന്റെ ഓരങ്ങളിൽ താമസിക്കുന്നവർ ദുരന്തത്തിൽ പെടുമ്പോൾ അതേ ഭരണഘടന ഉറപ്പു നൽകുന്ന ജനസമൂഹത്തിന്റെ  ചൂഷണത്തിനെതിരായുള്ള  അവകാശം, സമത്വത്തിനുള്ള അവകാശം, ജീവിച്ചിരിക്കുവാനുള്ള അവകാശങ്ങൾ എന്നിവയെ പരിപൂർണ്ണമായും  നിഷേധിക്കുകയാണ് നമ്മുടെ സർക്കാർ.


കേരളത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും പ്രകൃതിക്ഷോഭങ്ങൾ കൂട്ടക്കുരുതി വരെ നിറഞ്ഞ  ദുരന്തമായി മാറിയതിനു പിന്നിൽ പ്രവർത്തിച്ചത്, സർക്കാരുകളുടെ തെറ്റായ സമീപനങ്ങളായിരുന്നു എന്ന് 73 ആം സ്വാതന്ത്ര്യദിനത്തിൽ നമ്മൾ ഓർത്തെടുക്കുവാൻ ബാധ്യസ്ഥരാണ്. 


പ്രകൃതിദുരന്തത്തിൽ രക്തസാക്ഷികളാകേണ്ടി വന്നവരെ സ്വാതന്ത്ര്യദിനത്തിൻ വേദനയോടെ Green Reporter സ്മരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment