രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിയിലേറെ ഭാഗങ്ങളും വരൾച്ചയിൽ




രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിയിലേറെ ഭാഗങ്ങളിലും കടുത്ത വരള്‍ച്ചഭീഷണി. പകുതിയിലേറെ തടാകങ്ങള്‍ വറ്റിവരണ്ടു. പല തടാകങ്ങളിലും കടുത്ത ആശങ്കയുണ്ടാക്കിക്കൊണ്ട് വെള്ളം താഴുകയാണ്. ഭൂഗര്‍ഭ ജലനിരപ്പും കുറഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ച നേരിടുകയാണ്. വേനല്‍മഴ കുറവായതും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വൈകിയതുമാണു രാജ്യത്തിന്റെ പലഭാഗത്തും കടുത്ത വരള്‍ച്ചയ്ക്ക് ഇടയാക്കിയതെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.


രാജ്യത്തെ 91 പ്രധാന ജലസംഭരണികളില്‍ മൊത്തം സംഭരണശേഷിയുടെ 17 ശതമാനം മാത്രം വെള്ളമാണുള്ളതെന്ന് ജൂണ്‍ 20-നു ജലശക്തി വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ജലസംഭരണികളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ വെള്ളം കുറവാണ്. 


ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞയാഴ്ച അവസാനമാണ് കാലവര്‍ഷം എത്തിയത്. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍, കര്‍ണാടകം, തെലങ്കാന സംസ്ഥാനങ്ങളിലും കാലവര്‍ഷം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ജൂണ്‍ രണ്ടാംവാരം മഴയെത്തിയെങ്കിലും പിന്നീടു കുറഞ്ഞു.


അതേസമയം, രാജ്യത്തെ പ്രധാന നദികളായ ഗംഗ (9.25 ശതമാനം), കാവേരി (45 ശതമാനം), കൃഷ്ണ (55 ശതമാനം), സബര്‍മതി (42 ശതമാനം), തപി (81 ശതമാനം) എന്നിവയിlum വെള്ളത്തിന്റെ അളവ് കുറഞ്ഞ് വരികയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment