ഇന്ത്യയുടെ 'ഫോറസ്റ്റ് മാന്റെ' ജീവചരിത്രം ഇനി അമേരിക്കയിൽ പഠന വിഷയം; രാജ്യത്തിന് അഭിമാനം ഈ പരിസ്ഥിതി പ്രവർത്തകൻ




'ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ' എന്ന് അറിയപ്പെടുന്ന അസമില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകനും, കർഷകനുമായ ജാദവ് പായാംഗിന്റെ ജീവിതം അമേരിക്കയിൽ പാഠ്യപദ്ധതിയിൽ ചേർത്തിരിക്കുന്നു. ഇന്ത്യക്കാകെ അഭിമാനമാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. ആയിരം ഏക്കറോളം വരുന്ന ഹരിതവനം സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച അദ്ദേഹം പത്മശ്രീ അവാര്‍ഡ് ജേതാവുകൂടിയാണ്. 

 


ജാദവ് പായാംഗിന്റെ ജീവിതം സ്വന്തം രാജ്യത്തിന് മാത്രമല്ല, വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഒരു പ്രചോദനമായി മാറുകയാണ്. അദ്ദേഹത്തിന്റെ കഥയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഇനി ആ വിദ്യാര്‍ത്ഥികള്‍ പഠിക്കും. നാലു പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ജീവിതയാത്ര ഇപ്പോള്‍ ബ്രിസ്റ്റോള്‍ കണക്റ്റിക്കട്ട് സ്‍കൂളിലെ ആറാംക്ലാസുകാരുടെ പാഠ്യപദ്ധതിയിലാണ് ഇടം നേടിയിരിക്കുന്നത്. ബ്രിസ്റ്റോള്‍ കണക്റ്റിക്കട്ടിലെ ഗ്രീന്‍ ഹില്‍സ് സ്‍കൂളിലെ അദ്ധ്യാപികയായ നവമി ശര്‍മ്മയാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. 


ഒരു വ്യക്തി വിചാരിച്ചാലും മാറ്റങ്ങള്‍ കൊണ്ടുവരാനാകും എന്നും, ദൃഢനിശ്ചയവും, സമര്‍പ്പണവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ ഒരു വലിയ പോസിറ്റീവ് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും കുട്ടികളെ ബോധ്യപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു. ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ എക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് കരിക്കുലത്തിന്‍റെ ഭാഗമായാണ് പയംഗിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഗ്രീന്‍മിഷനെ എടുത്തുകാണിക്കുന്ന ഏതാനും ഡോക്യുമെന്‍ററികളും വിദ്യാര്‍ത്ഥികളെ കാണിക്കും.

 


യുഎസ് സ്ഥാപനത്തില്‍ നിന്ന് ഔദ്യോഗിക ആശയവിനിമയം നടന്നിട്ടില്ലെങ്കിലും, തന്റെ കഥ ഇപ്പോള്‍ അമേരിക്കയിലെ കുട്ടികള്‍ പഠിക്കുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പയംഗ് പറഞ്ഞു. അമേരിക്കന്‍ സ്‌കൂള്‍ പയംഗിന് നല്‍കിയ ബഹുമതിയെ പ്രശംസിച്ച് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ രംഗത്ത് വന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment