ഓടുചുട്ടു പടുക്കയിലെ വനഭൂമിയെ പരിവർത്തിപ്പിക്കാൻ അനുവദിക്കരുത്




ഓടുചുട്ടു പടുക്കയിലെ വനഭൂമിയെ പരിവർത്തിപ്പിക്കാൻ IMA യെ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട ജൈവ കലവറ പരിപാലന ഫോറം (WHCF) പെരിങ്ങമ്മല പഞ്ചായത്ത് സെക്രട്ടറിക്കും പെരിങ്ങമ്മല കൃഷി ഓഫീസർക്കും ഇന്ന് നിവേദനം നൽകി.


നിവേദനത്തിന്റെ പൂർണരൂപം 


ബഹു: പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് സെക്രട്ടറി / കൃഷി ഓഫീസർ,


വിഷയം: പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം വാർഡിലെ ഓടു ചുട്ട പടുക്കയിലെ  അതീവ ജൈവ വൈവിധ്യ മേഖലയിലെ ചതുപ്പ് ഭൂമിയിൽ സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷി ചെയ്യാൻ IMA ക്ക്  അനുമതി നൽകാനുള്ള നീക്കം സംബന്ധിച്ച്.


സർ,
ഹിമാലയത്തിനേക്കാൾ പുരാതന ആവാസ വ്യവസ്ഥയായി ശാസ്ത്രലോകം കാണുന്നതും, പശ്ചിമഘട്ട മലനിരകളെ ജൈവ വൈവിധ്യ കലവറകളുടെ കലവറയായി ഐക്യരാഷ്ട സംഘടന (UN) പ്രഖ്യാപിക്കുവാൻ കാരണവുമായത് ഈ മേഖലയിൽ മാത്രമുള്ള  കാട്ടുജാതി ശുദ്ധജല കണ്ടൽ ചതുപ്പുകൾ കാരണമായാണ്. ലോകത്താകെ ഇന്ന് 200 ഹെക്ടറിൽ താഴെ മാത്രമുള്ള ഈ കാട്ടുജാതി ശുദ്ധജല കണ്ടൽ ചതുപ്പുകളിലെ 80 %  കാണപ്പെടുന്നത് പെരിങ്ങമ്മല പഞ്ചായത്തിലെ വനപ്രദേശങ്ങളിലെ ചതുപ്പു സ്ഥലങ്ങളിലാണ്.


അതിൽപെട്ട ഏറ്റവും പ്രധാനപ്പെട്ട ചതുപ്പുസ്ഥലമാണ് ഇലവു പാലം വാർഡിലെ ഓടു ചുട്ട പടുക്കയിലേത്.  റിസർവ്വ് ഫോറസ്റ്റിനാൽ ചുറ്റപ്പെട്ട ഈ ഭൂമിയിൽ IMA (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ബയോ മെഡിക്കൽ വേസ്റ്റ് പ്ലാൻറിനായി IMAGE എന്ന പദ്ധതി തയ്യാറാക്കിയിരുന്നു. പരിസ്ഥിതി പ്രവർത്തകർ ഈ ഭൂമിയുടെ പാരിസ്ഥിതിക പ്രത്യേകതകൾ ചൂണ്ടിക്കാട്ടി എതിർത്തതിനാൽ പ്രസ്തുത പദ്ധതിക്ക് ഗവൺമെൻ്റ് അനുമതി നിഷേധിച്ചിരുന്നു. 


ജൈവ വൈവിധ്യ കലവറകളുടെ കലവറയും, ആനകളുടെ പ്രജനന സ്ഥലമുൾപ്പെടെയുള്ളവന്യ ജീവികളുടെ വിഹാര കേന്ദ്രമായ
ഈ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കണമെന്ന്  പരിസ്ഥിതി പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടു വരികയുമാണ്.


അതീവ പരിസ്ഥിതി ലോല മേഖലയിലെ ഈ ഭൂമിയിൽ കൃഷി ചെയ്യാൻ അനുമതി നൽകിയാൽ ഇവിടെയുള്ള അപൂർവ്വമായ സസ്യജന്തു ജാലങ്ങളുടെ നാശത്തിനു പുറമേ, ഇവിടെയുള്ള വന്യജീവികൾ കൂടി മറ്റു പ്രദേശങ്ങളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യം സംജാതമാകും. വന്യ ജീവി ശല്യത്താൽ പൊറുതിമുട്ടുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ കർഷകർക്ക് മറ്റൊരു ആഘാതം കൂടിയായിരിക്കുമിത്.  


ആയതിനാൽ വനത്താൽ ചുറ്റപ്പെട്ട ഓടു ചുട്ട പടുക്കയിലെ IMA യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ  യാതൊരു കാരണവശാലും കൃഷിക്കോ മറ്റിതര ആവശ്യങ്ങൾക്കോ അനുമതി നൽകരുതെന്നും ഈ ഭൂമി വനം വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിത പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു.


വിശ്വാസപൂർവ്വം,


സാലി പാലോട് , (വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ).
M. നിസാർ മുഹമ്മദ് സുൾഫി (ചെയർമാൻ).
സലീം പള്ളിവിള (ജനറൽ കൺവീനർ).
സി.മഹാസേനൻ (കോഡിനേറ്റർ).


പശ്ചിമഘട്ട ജൈവകലവറ പരിപാലന ഫോറം (WHCF).


22.06.2020
പെരിങ്ങമ്മല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment