ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി: പേപ്പർ പുലി ആകാതിരിക്കട്ടെ




വേനൽ മഴയുടെ കാലത്തു തന്നെ കരമനയാർ (തിരുവനന്തപുരം) കര കവിഞ്ഞൊഴുകുവാൻ അവസരമൊരുക്കി, അരുവിക്കര ഡാം രണ്ടാമതും തുറന്നു വിടുകയാണ് എന്ന വാർത്ത തീര പ്രദേശത്തുകാരെ ഉൽക്കണ്ഠയിലാക്കുന്നു. അതേസമയം തന്നെ അറബിക്കടലിൽ ന്യൂനമർദ്ദം ശക്തമാകുകയാണ് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ ദുരന്തങ്ങൾ  നമ്മെ വിട്ടുമാറുന്നില്ല എന്ന് ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.


ഹരിത കേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുവാൻ തുടങ്ങിയ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി, സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേയും ഏതെങ്കിലുമൊരു നീര്‍ച്ചാല്‍ പുനരുജ്ജീവിപ്പിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. സമഗ്രമായ ജല സംരക്ഷണം, കൃഷി വ്യാപനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അങ്ങനെ സംസ്ഥാനത്തെ നദികളെ വൃത്തിയാക്കി, തടസ്സമില്ലാതെ ഒഴുകുവാൻ അവസരം ഒരുക്കന്ന പദ്ധതികൾ എത്ര മാത്രം വിജയകരമാണ് എന്നറിയുവാൻ മൂന്നാറിലെ മുതിര പുഴയാറിനെ പറ്റിയുള്ള ഇന്നത്തെ വാർത്തകൾ പരിശോധിച്ചാൽ മതി. 


മുതിര പുഴയാറിനെ നിറഞ്ഞ് കിടക്കുന്ന മണ്ണും മറ്റു മാലിന്യങ്ങളും പുഴയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമായി തുടരുന്നു എന്നാണ് വാർത്ത. പള്ളി വാസല്‍ ജല വൈദ്യുതി പദ്ധതിയിലേക്ക് ജലം എത്തുന്ന രാമസ്വാമി അയ്യര്‍ ഹെഡ് വർക്‌സ് ഡാം വരെ പുഴയിൽ കല്ലും മണ്ണും മറ്റ് മാലിന്യങ്ങളും കിടക്കുന്ന അവസ്ഥ കഴിഞ്ഞ കാലത്ത് മൂന്നാറിലുണ്ടായ പ്രളയ ദുരന്തങ്ങൾ ആവർത്തിക്കുവാൻ അവസരമുണ്ടാക്കുമോ?


ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ ആരംഭിച്ച (ഒരു വർഷത്തിനു മുൻപ്) ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ തുടങ്ങിയിരുന്നു. 2600 Km നീളത്തിൽ ,ഒന്നര ലക്ഷത്തോളം ആളുകളെ പങ്കെടുപിച്ച് നടത്തിയ ശ്രമങ്ങൾ എവിടെ വരെ എത്തി എന്നത് മഴക്കാലത്തിനു മുൻപ് പരിശോധിക്കേണ്ടിയിരിക്കുന്നു.


നദിയുടെ ഘടനയിലെ (ഒഴുക്കിൽ ഉണ്ടായ) മാറ്റം, മഴയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം തുടങ്ങിയ അനുഭവങ്ങൾ സംസ്ഥാനത്തിന് ദുരന്തമായി മാറുകയാണ്. അതിനുള്ള പരിഹാരം കാടു മുതൽ അരുവികൾ (1st ,2nd ,3rd Stream ), പുഴകളുടെയും നദികളുടെയും അടി മുതൽ തീരങ്ങൾ സുരക്ഷിതമാക്കൽ, കായലിലും അഴിമുഖങ്ങളിലും വരെ വെള്ളം  ഒഴുകുവാൻ അവസരം ഒരുക്കലാണ്.


സംസ്ഥാനത്ത് വൻ ദുരന്തങ്ങൾ ഉണ്ടായ ഇടുക്കി ജില്ലയിൽ 32 നീര്‍ച്ചാലുകള്‍ (28 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി) 72 Km ൽ നവീകരണം സാധ്യമാക്കിയെന്ന് ജില്ലാ ഹരിത കേരളം മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ വിജയിക്കാതെ മഴക്കാല ഭീഷണിയെ പ്രതിരോധിക്കുവാൻ കഴിയില്ല.


സർക്കാർ കണക്കിൽ പുതു ജീവൻ ലഭിച്ച ജലാശയങ്ങൾ 
(ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്കു പുറത്ത് )


.പുനരുജ്ജീവിപ്പിച്ച പുഴ/തോടുകള്‍ 17182 കി.മീ


.റീചാര്‍ജ്ജ് ചെയ്ത കിണറുകള്‍ 48936


.നവീകരിച്ച കുളങ്ങള്‍ 9889


.നിര്‍മ്മിച്ച കുളങ്ങള്‍ 8675


.നവീകരിച്ച കിണറുകള്‍ 4625


.വൃഷ്ടിപ്രദേശ പരിപാലനം 147239 ഏക്കര്‍


.ആകെ 137 പുഴകള്‍/നീര്‍ച്ചാലുകളിലായി 209.415 കി.മീ ദൂരം ഇതിനകം ശുചീകരിച്ചു.


ഇത്തരം കണക്കുകൾ അവതരിപ്പിക്കുന്ന സർക്കാർ , 2018 ലെ വെള്ളപ്പൊക്കത്തിനു ശേഷം നടത്തിയ  പ്രഖ്യാപനങ്ങൾ എവിടെ എത്തി എന്ന് വ്യക്തമാക്കുന്നില്ല.


വെള്ളപൊക്കവും (ബാധിച്ച പ്രദേശങ്ങളെ അടയാളപ്പെടുത്തലും (മാപ്പിംഗ്) അനു ബന്ധ പ്രശ്നങ്ങളും വരൾച്ച മുതലായ ദുരന്തങ്ങളെയും കൈകാര്യം ചെയ്യുവാൻ ഉതകുന്ന ദുരന്ത നിവാരണ പദ്ധതികൾ ( പഞ്ചായത്തു തലത്തിൽ) നടപ്പിലാക്കുവാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് സർക്കാർ എന്ന് പറയുന്നു. 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം നദികളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളെ പറ്റി  പഠിക്കുന്നതിനായി (പമ്പ) ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല.


പുഴയുടെ വിതിയുടെ പകുതി വീതം ഇരു വശങ്ങളിലും സംരക്ഷിക്കൽ,100 മീറ്റർ വീതം തീരങ്ങളെ നദിക്കായി ഒഴിച്ചിടൽ,കാടും ചതുപ്പു നിലങ്ങളും നില നിർത്തൽ, കായൽ സംരക്ഷണം മുതലായ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സംവിധാ നങ്ങൾ ഏതളവു വരെ വിജയിച്ചിട്ടുണ്ട്? അതിനായി നമ്മൾ മറ്റൊരു വെള്ളപ്പൊക്കം വരെ കാത്തിരിക്കണമോ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment