കൊറോണ കാലത്ത് കേരളത്തിന്റെ കുതികാൽ വെട്ടുന്ന വ്യവസായ മന്ത്രി




2018ല്‍ ഭൂമിയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനു വിധേയമായ രണ്ടാമത്തെ നാടായിരുന്നു കേരളം.അങ്ങനെയുള്ള ദുരന്തം ഉണ്ടായതില്‍ കേരളത്തിലെ ജനങ്ങളെ പോലെ ആകുലപെട്ടത് ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ആയിരുന്നു.കഴിഞ്ഞു പോയ രണ്ട് ആഗസ്റ്റ് മാസങ്ങളും കേരളത്തെ വല്ലാതെ പിടിച്ചു ലച്ചു.മുഖ്യമന്ത്രിയുടെ ആ സമയത്തെ പ്രസംഗങ്ങളിൽ ഇനിയുള്ള കേരളം പല തെറ്റുകളും തിരുത്തി മുന്നോട്ടു പോകും എന്ന് പറയുകയുണ്ടായി. രണ്ടു വര്‍ഷങ്ങള്‍ ക്കു മുന്‍പ് ഉണ്ടായ ദുരന്തത്തില്‍ മരിച്ചു പോയവര്‍ 500 നടത്തു വരും.അതില്‍ ഒരു ഡസ്സന്‍ ആളുകളുടെ ഭൗതിക ശരീരം കണ്ടെത്തുവാന്‍ പോലും കഴിഞ്ഞില്ല. (തൊട്ടടുത്ത വര്‍ഷവും അതാവര്‍ത്തിച്ചു)


ഭരിക്കുന്ന കക്ഷികള്‍ മാറാന്‍ തയ്യാറല്ല എന്ന് 2018 വെള്ള പൊക്കത്തിന്‍റെ താണ്ടവം അവസാനിക്കുന്നതിന് മുന്‍പ് തന്നെ വ്യക്തമാക്കപ്പെട്ടു. അവരെ പിന്തുണക്കുവാന്‍ പ്രതിപക്ഷത്ത് നിന്ന് കേരളാ കോണ്‍ഗ്രസ്സിന്‍റെ പരമോന്നത നേതാവും ഉണ്ടായി രുന്നു. നിലമ്പൂര്‍, മൂന്നാര്‍, കുട്ടനാട് MLAമാര്‍ അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം മരം മുറിക്കലും പാറ പൊട്ടിക്കലും പ്രകൃതിക്ക് ദോഷം വരുത്തുകയില്ല എന്നു വിശദീകരിച്ചു.അവിടെ ശ്രീ.V.S അച്യുതാനന്ദന്‍റെ ഉല്‍കണ്ഠയെ പിന്തുണക്കുവാന്‍  പാര്‍ട്ടിയില്‍ നിന്ന് ആരയും കണ്ടില്ല.അതിനു ശേഷമുണ്ടായ കവളപ്പാറ യിലെയും മേപ്പാടിയിലേയും ഉരുള്‍ പൊട്ടല്‍ (മണ്ണിടിച്ചില്‍) റബ്ബര്‍ തോട്ടങ്ങളുടെയും മറ്റും തടയിണ നിര്‍മ്മാണത്തിലൂടെ സംഭവിച്ചതാണ് എന്ന് പറയുവാന്‍ ഇരു പഞ്ചായത്തിലേയും ഇരു മുന്നണിയിലും പെട്ട ഭരണ പ്രതിപക്ഷങ്ങൾ റഡിയായിരുന്നു.സ്വന്തം നാട്ടുകാരുടെ മുകളില്‍ മല പിളര്‍ന്നു വീണതിനു പിന്നില്‍ മേപ്പാടിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ആണ് എന്ന് മറച്ചു വെച്ചുകൊണ്ട് സംസാരിച്ച യുവ നേതാവും (ഇടതു പാർട്ടി) അദ്ധേഹത്തിന്‍റെ പാര്‍ട്ടിയും തുടരുന്ന നീതി ബോധം എത്ര ക്രൂരമാണ് എന്ന് കേരളം എന്നാകും തിരിച്ചറിയുക? കവളപ്പാറ പഞ്ചായത്തിൻ്റെഅധ്യക്ഷന്‍ തന്‍റെ പഞ്ചായത്തില്‍ ഖനനങ്ങള്‍ ഇല്ല എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഉണ്ടായിരുന്നു എന്ന് ഗാന്ധി ഭക്തനു പിന്നീടു സമ്മതിക്കേണ്ടി വന്നു. 


രണ്ടു വര്‍ഷമായി ഉണ്ടായ വെള്ളപൊക്കം കേരളത്തില്‍ ഉണ്ടാക്കിയ ആള്‍ നാശം (650 ലധികം)ബാധിച്ചവര്‍ മുക്കാല്‍ കോടി.സാമ്പത്തികമായ നഷ്ടം കുറഞ്ഞത്  അര ലക്ഷം കോടി. KIIFB യിലൂടെ ആകെ പ്രതീക്ഷിക്കുന്ന മുതല്‍ മുടക്കിന് തുല്യം തുക,രണ്ടു വര്‍ഷങ്ങളിലെ പതിനാല് ദിവസം കൊണ്ടു നഷ്ടപെട്ടു.അത്തരത്തിൽ കാര്യങ്ങളെ കാണാൻ മടിക്കുന്ന ധന വകുപ്പും രാഷ്ട്രീയ ലോകവും കേരളീയരുടെ ജീവിതം കുളം തൊണ്ടുവാൻ മാത്രം ആഗ്രഹിക്കുന്നവരാണ് ?

 


കേരളം വികസിക്കണം എന്ന് ആവര്‍ത്തിക്കുന്ന ഭരണ നേതൃത്വം ,എന്നും പറയുവാന്‍ മടിക്കുന്നത്, ആര്‍ക്കു വേണ്ടി വികസിക്കണം എന്നാണ്. നമ്മുടെ കൃഷിയും (ചാക്കിലെ കൃഷിയല്ല), വ്യവഹാരവും (ഗോള്‍ഡ്‌ സൂക്കുകളല്ല) പശ്ചാത്തല സൗകര്യവും (മരട് മാതൃകയല്ല) ഐക്യ രാഷ്ട്ര സമിതി മുന്നോട്ട് വെക്കുന്ന സുസ്ഥിര വികസ നത്തെ മുന്‍ നിര്‍ത്തി എങ്കിലുമായായിരിക്കണം പോഷിപ്പിക്കേണ്ടത്.അവിടെ കാടും മേടും കുളവും പുഴയും പാടവും കായലും സുരക്ഷിതമായിരിക്കും. ഇന്നത്തെ മൂന്നേകാല്‍ കോടി മനുഷ്യരും അവരുടെ വരും തല മുറയും പ്രകൃതി ദുരന്തങ്ങളുടെ ഇരകളാകില്ല എന്ന് സമൂഹിക ബോധമുള്ള ആര്‍ക്കും മനസ്സിലാക്കും.


ഒരു ഹെക്ടര്‍ നെല്പാടം ഒരു കോടി രൂപയുടെ മൂല്യം (പ്രതി വര്‍ഷം)നല്‍കുന്നു എന്നു ശാസ്ത്രഞ്ജര്‍ പറയുമ്പോള്‍ , കേരളം മണ്ണിട്ട്‌ മൂടി നശിപ്പിച്ച പാടങ്ങളിലൂടെ ഉണ്ടായ പ്രതി വര്‍ഷ നഷ്ടം ഏഴു ലക്ഷം കോടി രൂപയുടേതാണ്. 50 വർഷത്തിനിടയിൽ 9 ലക്ഷം ഹെക്ടർ കാടുകൾ (പശ്ചിമ ഘട്ടം) നമുക്ക് നഷ്ടപെട്ടു.ഒരു ഹെക്ടർ കാടിൻ്റെ വില 1 കോടി എന്ന ശരാശരിയിൽ എടുത്താൽ നാടു നഷ്ടപ്പെടുത്തിയത് 9 ലക്ഷം കോടി രൂപയാണ്. 

 


സംസ്ഥാനത്ത് കുടുംബങ്ങളുടെ എണ്ണം 74 ലക്ഷവും വീടുകളുടെ എണ്ണം ഒരു  കോടിയിലധികവും. എന്നാൽ വീടുകളില്ലാത്തവർ മൂന്നര ലക്ഷവും കെട്ടുറപ്പിലാത്തവ 6 ലക്ഷവും എന്ന് Life പദ്ധതി പറയുന്നു.ഫ്ലാറ്റ് നിർമ്മാണങ്ങൾക്കു കുറവില്ല. മരട് മാതൃകയിൽ 12000 കെട്ടിടങ്ങൾ പൊളിച്ചുകളയുവാൻ വരും ദിവസങ്ങളിൽ  നിർബന്ധിതമാകേണ്ട നാട്ടിൽ, INKELഎന്ന സ്ഥാപനം ലക്ഷ്യം വെച്ചിരുന്ന പ്രധാന പദ്ധതികൾ നിർമ്മാണ പ്രവർത്തനങ്ങളാണ്. (Infra Structure എന്ന പേരിനെ കെട്ടിടം പണിയും റോഡുപണിയുമായി മാത്രം ഇവിടെ ബന്ധിപ്പിക്കുന്നു.) നിർമ്മാണ പദ്ധതിയിൽ നിന്നും Super Quarrying ൽ എത്തിച്ചേരുവാനുള്ള ശ്രമത്തിലാണ് ഗൾഫ് മുതലാളിമാർക്ക് മാത്രം സ്വാധീനമുള്ള lNKEL.


സംസ്ഥാനത്തിൻ്റെ ശാേഷിച്ച സാമ്പത്തിക രംഗം,തളർന്നു കിടക്കുന്ന കാർഷിക മേഖല, കൊട്ടിയടക്കപ്പെട്ട വ്യവസായ ലോകം, പുരാ വസ്തു കണക്കെ മാറിക്കഴിഞ്ഞ പരമ്പരാഗത മേഖല,മൂല്യങ്ങൾ നഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടികൾ,സംഘടിത മത സംവിധാനം,ജാതി സംഘങ്ങൾ,അഴിമതിയും നാടകളും കൊണ്ട് കുരുങ്ങി കിടക്കുന്ന സർവ്വീസ് രംഗം.എല്ലാത്തിനെയും നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തിക ലോകം. ഒന്നും കണ്ടില്ല എന്നു നടിക്കുന്ന യുവജന സംഘടനകൾ.

ഈ സാഹചര്യങ്ങളെ വൻ തോതിൽ ദുരുപയോഗം ചെയ്യുവാൻ ശ്രമിക്കുന്നവർ ക്കായി പദ്ധതി തയ്യാറാക്കലാണ് സർക്കാർ പരിപാടി  എന്നു തോന്നിപ്പിക്കും വിധമാണ് കാര്യങ്ങൾ നീങ്ങുന്നത്.


സംസ്ഥാനത്ത് ഒരു തരത്തിലുള്ള നിർമ്മാണങ്ങളും പാടില്ല എന്ന സമീപനം ആശ്വാസകരമല്ല.അത്യാവശ്യവും ആവശ്യവുമായ നിർമ്മാണങ്ങൾ വേണ്ടിവരും. അനാവശ്യവും പൊങ്ങച്ച മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതും ഊഹ മൂലധന സ്വഭാവമുള്ളതുമായ കച്ചവടങ്ങൾ ഈ രംഗത്ത് നിരുത്സാഹപ്പെടുത്തണം.അതിൻ്റെ തുടർച്ചയായി ഖനനങ്ങൾ നിയന്ത്രിക്കണം. 

 


പ്രകൃതിക്ക് മേൽ തിരിച്ചടി ഉണ്ടാക്കുന്ന ഖനന സംവിധാനത്തിൽ, അനധികൃത യൂണിറ്റുകൾ യുദ്ധകാല അടിസ്ഥാനത്തിൽ നിർത്തുക. നിയമപരമായത് നിയമ ലംഘനം നടത്താതിരിക്കുവാനുള്ള ഉറപ്പ്. 
 ഇടതു പക്ഷ മുന്നണി നൽകിയ വാഗ്ദാനത്തെ മുൻ നിർത്തി, ഖനനത്തെ പരിപൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ എത്തിക്കൽ 
 14 ജില്ലകളിലായി ആവശ്യത്തിനു മാത്രം പാറകൾ പൊട്ടിച്ചെടുക്കുവാനും മെറ്റൽ ആക്കി മാറ്റുവാനും സർക്കാർ തൊഴിലാളി സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിൽ Super Quarrying & Crusher Unit കൾ. അവ എല്ലാ നിയമങ്ങളും അനുസരിച്ചു പ്രവർത്തിക്കുകയാണെന്ന് ഉറപ്പു വരുത്തുക. ഇത്തരം സമീപനങ്ങൾക്കു പകരം സംസ്ഥാനത്തു പുതുതായി വൻകിട പാറ ഖനനം സാധ്യമാക്കുന്ന തരത്തിൽ PPP പദ്ധതിയുടെ മറവിൽ നിന്ന്, lNKEL ലക്ഷ്യം വെക്കുന്നത് മറ്റൊരു വലിയ പ്രകൃതി നശീകരണ പ്രവർത്തനമാണ്.


INKEL ൻ്റെ ഡയറക്ടർമാരിൽ എല്ലാവരും ഗൾഫിൽ നിന്നു പണം സമ്പാതിച്ചവരും അതിൽ തന്നെ ചിലർ സംസ്ഥാനത്തെ പൊതു ഇടങ്ങൾ കൈയ്യേറിയവരുമാണ്. ഇടപ്പള്ളിയിലെ കെട്ടിട സമുച്ചയത്തിൻ്റെ കൈയ്യേറ്റത്തിനു വിധേയമായ ഇടപ്പള്ളി തോട്, പാർക്കിംഗ് ഫീസിൽ നടത്തിയ നിയമ ലംഘനങ്ങൾ, തിരുവനന്തപുരം ചാക്കയിൽ നെൽവയൽ-തണ്ണീർതട നിയമത്തെ വെല്ലുവിളിച്ച് നടത്തുന്ന കെട്ടിട നിർമ്മാണം മുതലായ ട്രാക്കു റിക്കാർഡുകളുള്ള സ്ഥാപന ഉടമയുടെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ഖനന രംഗത്തേക്കു പ്രവേശിക്കുന്ന lNKEL എന്തു നിയമ ലംഘനങ്ങൾ നടത്തുവാനും മടിക്കില്ല. lNKELൻ്റെ മറ്റൊരു പ്രധാനി ബഹറിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്. അദ്ദേഹത്തിൻ്റെ ജനാധിപത്യ ബോധത്തിൻ്റെ തീവ്രത അനുഭവിച്ച പല മലയാളികളും ബഹറിനിൽ ഇന്നുമുണ്ട്.ഇവിടെ വ്യക്തികളുടെ ഗുണദോഷങ്ങൾ വിവരിക്കുവാൻ ശ്രമിക്കുകയല്ല.  പകരം Public Private Participation ലേബലിൽ, സംസ്ഥാന വ്യവസായ വകുപ്പിൻ്റെ പൂർണ്ണ നിയന്ത്രണത്തിൽ എന്ന വ്യാജേന വൻതോതിലുള്ള പാറ ഖനനം നടത്തുവാൻ അവസരമൊരുക്കുമ്പോൾ, ഗുണ ഭോക്താക്കൾ നാട്ടുകാരോ, തൊഴിലാളിയോ, സർക്കാരോ അല്ല ,പകരം ശത കോടീശ്വരന്മായ കുറേ കോട്ടുധാരികളായിരിക്കും  എന്ന് കേരളം തിരിച്ചറിയണം.


പാരിസ്ഥിതികമായി വൻ പ്രതിസന്ധിയിലെത്തിയ കേരളം Nipha ക്കു ശേഷം  കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നു.ഏവരും ഭയ ചിത്തരാണ്.അടുത്ത മഴക്കാലത്തെ കേരളത്തിൻ്റെ അവസ്ഥ എന്തെന്നു പറയുവാൻ ഇപ്പോൾ കഴിയില്ല. അപ്പോഴും കേരള സർക്കാർ പശ്ചിമ ഘട്ടത്തെ പൊട്ടിച്ചു കടത്തുക ലക്ഷ്യം വെച്ച്  INKEL നെ മുന്നിൽ നിർത്തി കരുക്കൾ നീക്കുമ്പോൾ, അതിനെതിരെ ശക്തമായി പ്രതിഷേധിക്കുവാൻ ജനം  ഒട്ടും വൈകരുത്..


അവസാനിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment