ഐഒസി എണ്ണ ടാങ്കറിലെ തീപിടിത്തം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എണ്ണപടരുമോ എന്ന് ആശങ്ക
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ചാര്‍ട്ടര്‍ ചെയ്ത എണ്ണ ടാങ്കറിലെ തീപിടിത്തം രണ്ടാം ദിനവും നിയന്ത്രിക്കാനാകാതെ തുടരുന്നു. ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എണ്ണപടരുമോ എന്ന ഉദ്വേഗത്തിലാണ് രാജ്യങ്ങള്‍. ന്യൂഡയമണ്ട് എന്ന പനാമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്.


ശ്രീലങ്കന്‍ നാവികസേനയും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ഇന്ത്യന്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്ററും തീ കെടുത്താനും രക്ഷാപ്രവര്‍ത്തനത്തിനുമായി രംഗത്തുണ്ട്. 2,70,000 ടണ്‍ ക്രൂഡോയിലും 1700 ടണ്‍ ഡീസലും ആണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് വരുന്നുണ്ട്. 


‌വ്യാഴാഴ്ച എന്‍ജിന്‍ മുറിയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ജീവനക്കാരനായ ഒരു ഫിലിപ്പീന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. ബാക്കി 22 ജീവനക്കാരെ കപ്പലില്‍നിന്നു മാറ്റി. ഇവരില്‍ 5 ഗ്രീക്കുകാരും 17 ഫിലിപ്പിനോകളും ഉണ്ട്. വെള്ളിയാഴ്ച ഉച്ചവരെ തീപിടിത്തം ടാങ്കറിലേക്കു പടര്‍ന്നിട്ടില്ലെന്നാണ് വിവരം.


ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 60 കിലോമീറ്റര്‍ അകലെയായപ്പോഴാണ് കപ്പലില്‍നിന്ന് അപായസൂചന ലഭിച്ചത്. തുടര്‍ന്ന് ശ്രീലങ്കയുടെ 10 കിലോമീറ്റര്‍ അടുത്തേക്കു കപ്പല്‍ എത്തുകയായിരുന്നു. കപ്പലിന്റെ ഒരു വശത്ത്‌ 2 മീറ്റര്‍ വിള്ളല്‍ വന്നിട്ടുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ജലനിരപ്പില്‍ നിന്ന് 10 മീറ്ററോളം മുകളിലാണ് ഈ വിള്ളല്‍.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment