ഇരവികുളം നാഷണൽ പാർക്കിൽ ഇത്തവണ പിറന്നത് 110 വരയാടുകൾ




ഇരവികുളം നാഷണൽ പാർക്കിൽ ഇത്തവണ പിറന്നത് 110 വരയാടുകൾ. ശരാശരി 80 കുഞ്ഞുങ്ങൾ പ്രതിവര്‍ഷം പിറക്കുന്നിടത്താണ് ഇത്തവണ അത് 110 ആയത്. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ഇത്തവണ കാഴ്ചക്കാരുടെ തിരക്കില്ലാതെ സർവ്വ സ്വതന്ത്രർ ആണ് വരയാടുകളും കുഞ്ഞാടുകളും. ആളില്ലാത്ത ഈ അവസരം ശരിക്കും മുതലാക്കുകയാണ് അവർ.


ഉള്‍വനത്തിലാണ് സാധാരണ വരയാടുകള്‍ പ്രസവിക്കുന്നതെന്നും ടൂറിസ്റ്റുകൾ ഇല്ലാത്തതിനാൽ ഇക്കുറി വരയാടുകള്‍ പ്രസവത്തിനായി വനത്തിനുള്ളിലേക്ക് പോയിട്ടില്ലെന്നും ദേശീയോദ്യാനം പരിസരത്തുതന്നെയാണ് മിക്കതും പ്രസവിച്ചതെന്നും വാര്‍ഡന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കുഞ്ഞുങ്ങള്‍ കാര്യമായി നഷ്ടപ്പെട്ടിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നു.


കൊവിഡിനെ തുടര്‍ന്ന് സര്‍ക്കാര്‍ സമ്ബര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എന്‍.ജി.ഒകളെയും വിദ്യാര്‍ത്ഥികളെയും ഒഴിവാക്കിയാണ് വരയാടുകളുടെ സെന്‍സസ് വനംവകുപ്പ് രേഖപ്പെടുത്തിയത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ 18 വനംവകുപ്പ് ഉദ്യോഗസ്ഥരും 70 വാച്ചര്‍മാരും ചേര്‍ന്നാണ് അഞ്ചു ദിവസം നീണ്ടുനിന്ന സര്‍വ്വേ ഏപ്രില്‍ 20 ന് ആരംഭിച്ചത്. 730 വരയാടുകളെ രാജമലയില്‍ മാത്രം കണ്ടെത്തി.


കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വേയില്‍ രാജമല, മൂന്നാര്‍, മറയൂര്‍, മാങ്കുളം ഡിവിഷനുകളില്‍ 1101 വരയാടുകളെ കണ്ടെത്തിയിരുന്നു. രാജമലയില്‍ മാത്രം കുഞ്ഞുങ്ങളെ കൂടാതെ 710 ആടുകളെയും, മീശപ്പുലിമലയില്‍ 270 എണ്ണത്തെയും കണ്ടെത്തിയിരുന്നു. 2016ല്‍ നടത്തിയ ഓള്‍ കേരള സര്‍വേയില്‍ ആകെ 1400 വരയാടുകളെയാണ് വിവിധ മേഖലകളില്‍ കണ്ടെത്താനായത്. വരയാടുകളുടെ പ്രസവകാലം അടുത്തതിനാല്‍ കഴിഞ്ഞ ജനുവരി 20നാണ് ദേശീയോദ്യാനം അടച്ചത്. മാര്‍ച്ച്‌ 19ന് തുറക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ്-19 പടര്‍ന്നതോടെ ഉദ്യാനം ഇതുവരെ തുറന്നിട്ടില്ല. 


ശരാശരി നാലു ലക്ഷം വിനോദസഞ്ചാരികളാണ് ദേശീയോദ്യാനത്തില്‍ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞസീസണില്‍ വിനോദ്സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. മഹാപ്രളയത്തെ തുടര്‍ന്ന് ഇരവികുളത്തേക്കുള്ള റോഡുകള്‍ തകര്‍ന്നതും മൂന്നാറിലെ ചെറിയപുഴ പാലം ഒലിച്ചുപോയതും ടൂറിസ്റ്റുകളുടെ വരവിന് വിഘാതമായി. വനംവകുപ്പിന്റെ ബസുകള്‍ സജ്ജമാക്കിയാണ് കഴിഞ്ഞ സീസണില്‍ ടൂറിസ്റ്റുകളെ ഉദ്യാനത്തില്‍ എത്തിച്ചത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി എത്തിയത് 1,34,957 ടൂറിസ്റ്റുക8 മാത്രമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment