ആഴക്കടൽ മത്സ്യബന്ധന പദ്ധതി വെള്ളാനയോ ?




കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും എന്ന തരത്തില്‍ 2950 കോടി രൂപയുടെ ആഴക്കടല്‍ മത്സ്യ ബന്ധനവും ട്രോളറുകളുടെ നിര്‍മ്മാണവും കേരള സർക്കാർ തീരുമാനിക്കപ്പെട്ടത് വേണ്ടത്ര പഠനങ്ങള്‍ നടത്താ തെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കേരള ഷിപ്പിംഗ്ആന്‍ഡ്‌ ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും അമേരിക്കന്‍ കമ്പനി ഇ.എം.സി.സി ഇന്റര്‍ നാഷണലും കൈ കോര്‍ക്കുന്ന പദ്ധതിയോടുള്ള മത്സ്യ ബന്ധന രംഗത്തുള്ള തൊഴിലാളി കളുടെ അഭിപ്രായവും അങ്ങനെ തന്നെ.


സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘അസന്‍ഡ് 2020’ നിക്ഷേപ സമാഹരണ പരിപാടി യില്‍ ഇ.എം.സി.സിയും സര്‍ക്കാരുമായി ഏര്‍പ്പെട്ട ധാരണയുടെ അടിസ്ഥാന ത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് ഉപയോഗി ക്കുന്ന ട്രോളറുകളുടെ നിര്‍മാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മത്സ്യബന്ധനത്തിനായി 400 ട്രോളറുകളാണ് കെ.എസ്.ഐ.എന്‍.സിയുടെ സഹായത്തോടെ ഇ.എം.സി.സി കേരള ത്തില്‍ നിര്‍മിക്കുക. കേരളത്തിലെ വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായിരിക്കും ഈ പദ്ധതിഎന്ന് ധന വകുപ്പ് വ്യക്തമാക്കി യിരുന്നു.ഇ.എം.സി.സിക്ക് ട്രോളറുകള്‍ നിര്‍മിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെ.എസ്.ഐ.എന്‍.സി ഒരുക്കും.ഏകദേശം രണ്ടു കോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരോ ട്രോളര്‍ നിര്‍മ്മാണത്തിനുമുള്ള ചെലവ്.ഇവ നിലവിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ 25000 പേര്‍ക്ക് തൊഴില്‍ കിട്ടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേരളത്തില്‍ തുറക്കുന്ന 200 ഔട്ട്ലെറ്റുകള്‍ വഴി സംസ്‌കരിച്ച മത്സ്യം വിറ്റഴിക്കുന്നതിനൊപ്പം പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് പദ്ധതി.


കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ഗവേഷണ ആവശ്യങ്ങള്‍ക്കായി ഒരു ട്രോളര്‍ സൗജന്യമായി നല്‍കും.സി.എം.എഫ്.ആര്‍.ഐ യുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി പ്രകൃതിക്ക് കോട്ടം തട്ടാത്ത മത്സ്യ ബന്ധന മാണ് ലക്ഷ്യം. ഇതിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികള്‍ക്കായി ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പദ്ധതിയില്‍ പണം മാറ്റിവയ്ക്കുന്നുണ്ട്.
 

നമ്മുടെ ആഴക്കടലിലെ മത്സ്യ സമ്പത്തിനു വലിയ തരത്തില്‍ കുറവ് സംഭവിച്ചതിനാല്‍ ഇപ്പോള്‍ തന്നെ മത്സ്യ ലഭ്യതയില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് ഡീഗോ ഗാർഷ്യ സമുദ്രാതിർത്തി ലംഘിക്കപ്പെട്ടതിന്റെ പേരിൽ 6 മലയാളികളടങ്ങുന്ന19 അംഗ സംഘത്തെ കുറച്ചു നാൾക്കു മുൻമ്പ് അറസ്റ്റ് ചെയ്ത വാര്‍ത്ത ഒറ്റപെട്ട സംഭവമല്ല. 1000 മൈലിനുമപ്പുറം പോലും മീന്‍ പിടിക്കുവാന്‍ തൊഴിലാളികള്‍ യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍.


1982-ലെ അന്തർ ദേശീയ സമുദ്ര നിയമ (United Nations Convention on Law of the Seas-UNCLOS)ത്തിലെ വ്യവസ്ഥകൾ പ്രകാരം തീരത്തുനിന്നുള്ള 200 നോട്ടിക്കൽ മൈൽ ദൂരം ഇന്ത്യയുടെ EEZആണ് (Exclusive Economic zone). അന്തർ ദേശീയ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുടെ പേരില്‍ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി 12 നോട്ടിക്കൽ മൈൽ വരെയുള്ള 'ടെറിട്ടോറിയൽ സീ'(UNCLOS-ൽ നിർവചിക്കപ്പെട്ടത്) വരെ വിദേശ ട്രോളറുകൾക്ക് മത്സ്യ ബന്ധനത്തിനവസരം ഉണ്ടായി.
സമുദ്രങ്ങളിൽ വർധിക്കുന്ന അമ്ലത്വവും സമുദ്രോഷ്മാവും തീരങ്ങളിലും ആഴക്കടലിലും പുറന്തള്ളുന്ന ഖര-രാസ-അജൈവ മാലിന്യങ്ങളും സമുദ്ര ജൈവാവസ്ഥയെ (Marine Ecosystem) തകര്‍ക്കുന്നു. 1995-ല്‍ ആഴക്കടൽ മത്സ്യ ബന്ധന നയം പരിശോധിക്കുവാൻ നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശ യാനങ്ങൾക്ക് അനുമതി നൽകുന്ന പെർമിറ്റുകൾ നിയമ വിധേയമായി റദ്ദു ചെയ്യണമെന്നു നിര്‍ദ്ദേശിച്ചു. രണ്ടാം യു.പി.എ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി ആ നിലപാടുകൾ തള്ളി. തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ കാര്യ പ്രാപ്തിയും സാങ്കേതികതയും കൈവരിക്കും വരെ വിദേശ യാനങ്ങൾ മീന്‍ പിടുത്തം തുടരട്ടെ എന്നാണ് അഭിപ്രായപെട്ടത്. അതു വഴി വിദേശ ട്രാേളറുകളുടെ കടന്നുകയറ്റം തുടരുന്നു.


നമ്മുടെ ആഴക്കടലിൽ ആരും പിടിക്കാതെ വലിയ മത്സ്യ ശേഖരം അവശേഷിക്കുന്നു എന്ന അബദ്ധ ധാരണ ഉന്നത തലങ്ങളിൽ വീണ്ടും കടന്നു വന്നിരിക്കുകയാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ മുൻ സിവിൽ സർവ്വീസ് രംഗത്തെ ചില വ്യക്തികളും. കേരള ഫിഷറീസ് കോർപ്പറേഷൻ എന്നൊരു സർക്കാർ  സ്ഥാപനത്തിന്  ആഴക്കടൽ ട്രോളറുകളും ഉണ്ടായിരുന്നു. കോടികളുടെ നഷ്ടമുണ്ടാക്കിയ സ്ഥാപനത്തെ പിരിച്ചു വിടേണ്ടി വന്നു. അറേബ്യൻ സമുദ്രത്തിലെ ആഴക്കടലിൽ ലാഭകരമായി മീൻ പിടുത്തം നടത്തിക്കൊണ്ടിരിക്കുന്നത് നമ്മുടെ പൊഴിയൂർ മുതൽ കന്യാകുമാരിയിലെ ഇരയിമ്മൻതുറ വരെയുള്ള (തൂത്തൂർ മേഖല എന്ന് പൊതുവേ അറിയപ്പെടുന്നത്) ആഴക്കടൽ മീൻപിടുത്തത്തിൽ വൈദഗ്ദ്ധ്യമുള്ള മീൻപിടുത്തക്കാരുടെ യന്ത്ര ബോട്ടുകളാണ്. അവർക്ക് പോലും മത്സ്യ ലഭ്യത കുറയാൻ തുടങ്ങിയിട്ടുണ്ട് ഈ സാഹചര്യത്തിലാണ് കേരള സർക്കാർ അമേരിക്കൻ കമ്പനിയുമായി കൂട്ടു കൂടുന്നത്.ഇതിൻ്റെ പിന്നിലെ താൽപ്പര്യം മത്സ്യതൊഴിലാളികളെ സഹായിക്കലല്ല എന്നു കരുതേണ്ടിയിരിക്കുന്നു.


മത്സ്യസമ്പത്തു കുറയുന്നതും കടൽ വല്ലാതെ ഇളകി മറിയുന്നതും എന്തൊക്കെ തിരിച്ചടികൾ ഉണ്ടാക്കുന്നു എന്ന് സർക്കാർ അന്യേഷിക്കണം. സമുദ്ര ജൈവാവസ്ഥ നിർണ്ണയത്തിനുള്ള (Ecological Assessment of Marine Ecosystem) നടപടികൾ കാലവിളംബം കൂടാതെ അക്കാദമിക് സമൂഹവുമായി ചേർന്ന് നടപ്പാക്കുവാൻ സർക്കാരുകൾ മുന്നിട്ടിറങ്ങണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment