എന്തായിരിക്കണം നമ്മുടെ വികസന സമീപനങ്ങൾ?




മാനവിക സൂചികയിൽ നിന്നും GDP യിലേക്ക്, ആസൂത്രണങ്ങളിൽ നിന്നും വികസന അജണ്ടകളിലേക്കുള്ള ചുവടുമാറ്റങ്ങൾ കേരളം നേടി എടുത്തു എന്നവകാശപ്പെടുന്ന മാനവിക സൗഹൃദ സമൂഹത്തോടുള്ള വെല്ലുവിളി മാത്രമായി ചുരുങ്ങി. ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ഏറ്റവും കുറവന്തരമുണ്ടായിരുന്ന കേരളം, പഴയ കാലത്തെ സാമ്പത്തിക വളർച്ചാ തോതിനേക്കാൾ ഇരട്ടിയോളം വർദ്ധനവ് കാട്ടുന്ന ഇന്നത്തെ കാലത്ത് , സാമൂഹിക സുരക്ഷാ ഉത്തരവാദിത്തങ്ങൾ മറന്നു പോയ നാടായി ചുരുങ്ങി. 


റികസനത്തെ പറ്റിയുള്ള  കോർപ്പറേറ്റ് ധാരണകളുടെ തണലിൽ ഗൃഹനിർമ്മാണം മുതൽ വന സംരക്ഷണ പദ്ധതികൾ വരെ ആവിഷ്ക്കരിക്കുമ്പോൾ സാമ്പത്തിക രംഗത്ത് സജ്ജീവമാകുന്നത് തെറ്റായ വികസന മാതൃകകളും  സാമ്പത്തിക അഴിമതിയും അനുബന്ധമായി പ്രകൃതി നശീകരണവും സംസ്ഥാനത്തിന്റെ കടബാധ്യത വർദ്ധിക്കലുമാണ്.


നിലമ്പൂർ കാടുകളിലെ ആദിവാസികളായ ചോലനായിക്കരുടെ  ജീവന ഉപാധിയെ ബർളയുടെ റയാേൺസിനായി പണയപ്പെടുത്തിയ തീരുമാനം  മുതൽ കുട്ടനാട്ടിൽ ഉയർത്തിയ തോട്ടപ്പള്ളി സ്പിൽവേ ,തണ്ണീർമുക്കം ബണ്ട്, കല്ലട ഇറിഗേഷൻ മുതലായ പദ്ധതികൾ ,മെട്രോ, വിമാനത്താവളങ്ങൾ, 45 മീറ്റർ പാതയും പുതിയ രണ്ടു ഹൈവേ പദ്ധതികളും വിഴിഞ്ഞവും അവസാനം കേട്ട ഹൈസ്പീഡ് റെയിൽ കോറിഡോറും തെറ്റായ വികസനത്തിന്റെ  മാതൃകകളാണ്. 


ഭക്ഷ്യ സുരക്ഷയെ പരിഗണിക്കാത്ത അഗ്രോ വ്യവസായ രീതികൾ ,(നാണ്യ വിളയുടെ അമിത പങ്ക്)പരമ്പരാഗത വ്യവസായത്തിന്റെ അന്ത്യം കുറിക്കൽ,പൊതുമേഖലാ സ്ഥാപനങ്ങളുടെ തിരിച്ചടികൾ ഒക്കെ തെറ്റായ വികസന നിലപാടിന്റെ ഉൽപ്പന്നങ്ങളാണ്.


വീടു/ ഫ്ലാറ്റ് നിർമ്മിതികളും ഭൂമിയും ഊഹവിപണിയുടെ ഭാഗമാകുമ്പോൾ 20 ലക്ഷം വീടുകൾ അധികമാണെങ്കിലും 8.5 ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായി തുടർന്നു.നിർമ്മാണങ്ങളെ ഊഹവിപണിയിൽ നിന്നും അകറ്റിനിർത്തൽ. അനിവാര്യമായിരിക്കുന്നു.


യാത്രാ സൗകര്യങ്ങൾ അധിക തോതിൽ  വളർന്ന കേരളത്തിൽ റോഡുകളെ പറ്റി എന്ന പോലെ , വാഹനങ്ങളോടുള്ള നിലപാടും അനാരോഗ്യകരമാണ്. കാർബൺ ബഹിർ ഗമനം കുറഞ്ഞ മാർഗ്ഗങ്ങളെ സ്വീകരിക്കുവാൻ എളുപ്പത്തിൽ കഴിയും വിധവും Repid Transport Bus system ,സൈക്കിൾ സവാരി എന്നിവ തെരഞ്ഞെടു ക്കുവാൻ ആളുകളെ സജ്ജമാക്കണം. 4 വരി പാതയ്ക്കായി പരമാവധി 30 മീറ്റർ മതി എന്നിരിക്കെ 45 മീറ്റർ റോഡു വേണമെന്ന നിർബന്ധത്തിനു പിന്നിൽ മറ്റു താൽപ്പര്യങ്ങൾ പ്രവർത്തിക്കുന്നു.


സംസ്ഥാനത്തെ വ്യാപകമായി മാറിയ അഴിമതിക്കും പണാപഹരണത്തിനൊ പ്പവും മറ്റ് ഒട്ടേറെ  പ്രശ്നങ്ങൾ നിലവിലുണ്ട്.ഒരു വശത്ത് പാട്ട കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത 5.50 ലക്ഷം ഏക്കർ എസ്റ്റേറ്റുകൾ കൈവശം വെച്ചിരിക്കുന്നതും അതിലെ തൊഴിലാളികൾ വൻ ചൂഷണത്തിന് പണി ചെയ്യേണ്ട അവസ്ഥയും പരിതാപകരമാണ്. വിദേശ കുത്തകൾക്കും (ഭരണഘടനാവിരുധമായും )ഇന്ത്യൻ കുത്തകൾക്കും നാമമാത്ര പാട്ടത്തിന്   തോട്ടങ്ങൾ കൈവശം വെക്കുവാനുള്ള അവകാശത്തെ സാധൂകരിക്കുന്ന സർക്കാർ തൊഴിലവകാശങ്ങളെ മറക്കുന്നു.


ടൂറിസത്തെ ബഹുനില കെട്ടിട നിർമ്മാണങ്ങളും കുപ്പിവെള്ള സംസ്ക്കാരവുമായി കാണുന്നതിനു പകരം പ്രാദേശിക വിഭവങ്ങളെയും സൗകര്യങ്ങളെയും ജനങ്ങളെയും മുന്നിൽ നിർത്തിയുള്ള പദ്ധതികൾ. ആവിഷ്ക്കരിക്കണം.


കാൽ കോടി മലയാളികൾ പണി എടുക്കുന്ന ഗൾഫ് തൊഴിൽ മേഖലയിലെ സുരക്ഷിതത്വം, വേതനം, ILOഅവകാശങ്ങൾ നേടി എടുക്കുവാനും അന്തർദേശീയ തൊഴിൽ ശീലത്തെ കേരളത്തിന് പ്രയോജനപ്പെടുത്താൻ പദ്ധതികൾ, പ്രവാസികളുടെ സേവനം ലഭിച്ച നാടിന്റെ സുരക്ഷാ പദ്ധതികൾ അവർക്കായി മാറ്റി വെക്കൽ.
സംസ്ഥാനത്തിന്റെ മൊത്തം കടം ഈ വർഷം കൊണ്ട്  2 ലക്ഷം കോടി രൂപ കഴിയും.   പ്രാഥമിക ദ്വിതീയ രംഗത്തെ മുരടിപ്പു തുടരുന്നതും നാണ്യവിളയുടെ വിലയിടിവും പ്രതിസന്ധി രൂക്ഷമാക്കി. പ്രകൃതി വിഭവങ്ങൾ അധികമായി ഉപയോഗിക്കുന്നവർക്ക് Carbon Cess ചുമത്തൽ, പ്രകൃതി വിഭവങ്ങളിൽ മിതത്വം കാണിക്കുന്നവർക്ക് (Less carbon Foot print) പ്രാേത്സാഹനം. സംസ്ഥാനത്തെ 1 % വരുന്ന സമ്പന്നരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള Cascading Tax. കാർഷിക രംഗത്തെ ഉടമസ്ഥാവകാശത്തിലെ പൊളിച്ചെഴുത്തിനൊപ്പം 30% കൃഷിയിടങ്ങളിലേക്ക് ഭക്ഷ്യ വിളകളെ  വ്യാപിപ്പിക്കൽ, പ്രാദേശീയ വിളകൾ സംരക്ഷിച്ചു കൊണ്ടുള്ള കാർഷിക രംഗത്തെ ആധുനികവരണവും കോർപ്പറേറ്റ് പരീക്ഷങ്ങൾക്ക് തടസ്സം തീർക്കലും.


കേരളീയ വിഭവങ്ങളെ (നീര ,തേയില, കാപ്പി, മുളയരി മുതലായ) ലോക മാർക്കറ്റിൽ എത്തിച്ച്, സംസ്ഥാനത്തിന്റെ ബാഡ്ജിൽ അവതരിപ്പിക്കൽ.


സ്ത്രീകളുടെ വേതനത്തിലെ വിവേചനം അവസാനിപ്പിക്കൽ, സ്ത്രീ കുട്ടികളുടെ സുരക്ഷ സർക്കാർ ബാധ്യതയാക്കി മാറ്റൽ.


സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവിലുള്ള അവസ്ഥയ്ക്കു പകരം സാമൂഹിക പ്രതി പത്തതയും പ്രകൃതി വിഭവങ്ങളെ മാനിക്കുന്നതും തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതും ആധുനിക സാങ്കേതിക തികവിൽ പ്രവർത്തിക്കുന്ന തുമായ സ്ഥാപനമാക്കി മാറ്റൽ.


അധികാര വികേന്ദ്രീകരണത്തെ പ്രാദേശിക സർക്കാരാക്കി മാറ്റുവാൻ കഴിയുമാറ് ഗ്രാമസഭകൾക്ക് തീരുമാനമെടുക്കുവാനുള്ള അവകാശം , ജനകീയ ബജറ്റ് നിർദ്ദേശങ്ങൾ ഉയർന്നു വരുവാൻ സംവിധാനം,വ്യവസായം, ഖനനം മറ്റുള്ളവ ആരംഭിക്കുവാൻ ഗ്രാമ സഭക്കും പഞ്ചായത്തു സമിതിക്കും കൂടി തീരുമാനം എടുക്കുവാൻ അവകാശം. ജില്ലകളെ ജില്ലാ സർക്കാരുകളായി പ്രവർത്തിപ്പിക്കൽ. പ്രാദേശിക വിഭവങ്ങളുടെ മൂല്യം രേഖപ്പെടുത്തി സുരക്ഷിതമായി ഉപയാഗിക്കൽ.  


മലനിരകളെയും ഇടനാടിനെയും തീരപ്രദേശത്തെയും തിരിച്ചടികൾ മനസ്സിലാക്കി, പ്രദേശങ്ങളുടെ പ്രത്യേകതകൾ മാനിച്ചുള്ള നിർമ്മാണ, കാർഷിക പദ്ധതികൾ.


സംസ്ഥനത്തിന്റെ വാർഷിക വരുമാനം എല്ലാവർക്കും സേവനമായും മറ്റും എത്തിക്കുവാൻ ആവശ്യമായ  തീരുമാനം.


പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കൽ (ബദൽ ഉൽപ്പന്നങ്ങൾ ) മാലിന്യ സംസ്ക്കരണത്തിൽ വികേന്ദ്രീകൃതമായ 100 % ലക്ഷ്യം കാണാനുള്ള പദ്ധതികൾ.


വർഗ്ഗീയതയുടെ കടന്നാക്രമണങ്ങൾ, അതിന്റെ ഭാഗമായ അന്തവിശ്വാസം സ്ത്രീ / ദളിത് വിരുധ മനോഭാവം, ശാസ്ത്ര യുക്തിയെ വെല്ലുവിളിക്കൽ, മതസ്പർദ്ദ , മുതലായ സാഹചര്യങ്ങൾ വളർന്ന സാഹചര്യങ്ങൾക്കെതിരെ ശക്തമായ Secular മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് അപകടകരമായ  വിഭാഗീയ സാമൂഹിക ഇടപെടലുകളെ ചെറുതോൽപ്പിക്കുക ഓരോരുത്തരുടെയും അടി യന്തിരകടമാണ് .അതിനായുള്ള പ്രവർത്തനങ്ങൾ ശക്തതമാക്കേണ്ടതുണ്ട്.


Carbon Neutral Kerala എന്ന ലക്ഷ്യം 2030 കൊണ്ട് നേടി എടുക്കുവാൻ പദ്ധതികൾ.


ആഗോളവൽക്കരണ സമീപനങ്ങളെ വിമർശിക്കാത്ത ഐക്യജനാധിപത്യ മുന്നണിയുടെ ചെയ്തികൾ മറച്ചുവെച്ചും  പഴയ നിലപാടുകളെ മറന്നു കൊണ്ടുള്ള  ഇടതുപക്ഷത്തിന്റെ ശൈലികളും കേരളത്തെ ദുരന്തഭൂമിയാക്കി മാറ്റി ക്കഴിഞ്ഞു. പുതിയ സാഹചര്യങ്ങളെ സമഗ്രമായി മനസ്സിലാക്കി ,പ്രകൃതി സൗഹൃദവും മാനവിക മൂല്യങ്ങളെ പ്രത്യേകം പരിഗണിക്കുവാൻ പ്രാപ്തി യുള്ളതും സാമ്രാജത്വ സ്വാധീനത്തിന്റെ പൊതു കുഴപ്പങ്ങളെ മനസ്സിലാ ക്കുവാൻ ശേഷിയുള്ളതുമായ പുതിയ കേരള സൃഷ്ടിക്കായി പരമാവധി ആളുകളെ പരസ്പരം കോർത്തിണക്കലാണ് സമരങ്ങളുടെ കൂടിയിരിപ്പിൽ CMP ലക്ഷ്യം വെയ്ക്കുന്നത്.


അവസാനിച്ചു
(പുതിയൊരു കേരളം സാധ്യമാക്കുക എന്ന ലക്ഷ്യത്തിൽ 'ജനകീയം' എന്ന പേരിൽ തിരുവനന്തപുരത്ത് ഓഗസ്റ്റ് 24, 25 തിയ്യതികളിൽ നടന്ന ക്യാമ്പിന്റെ സമീപന രേഖയാണ് അഞ്ച് ഭാഗങ്ങളിലായി അവതരിപ്പിച്ചത്. മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി നടന്ന ഈ ക്യാമ്പിന്റെ സമീപന രേഖ ഇവിടെ അവതരിപ്പിച്ചത്)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment