സ്വന്തം നാട് ആസിഡിലും മാലിന്യത്തിലും മുങ്ങാതിരിക്കാൻ ഒരു ജനത കാവലിരിക്കാൻ തുടങ്ങിയിട്ട് നാല് വർഷം പിന്നിടുന്നു




ആസിഡ് വായു പടർന്ന് അന്തരീക്ഷം മലിനമാകാതിരിക്കാൻ, കിണറുകളും കുളങ്ങളും ആസിഡിലും മാലിന്യത്തിലും മുങ്ങാതിരിക്കാൻ ആസിഡ് ശ്വസിച്ച് അസുഖങ്ങൾ പടരാതിരിക്കാൻ സ്വന്തം നാട് വിട്ട് ഓടിപ്പോകാതിരിക്കാൻ ഒരു ജനത ഉറക്കമൊഴിച്ച് കാവലിരിക്കാൻ ആരംഭിച്ചിട്ട് നാല് വർഷങ്ങൾ പിന്നിടുന്നു. കാക്കഞ്ചേരിയിലെ ജനങ്ങളാണ് മലബാർ ഗോൾഡിന്റെ സ്വർണ്ണ ആഭരണ നിർമാണ ശാല കിൻഫ്ര പാർക്കിൽ തുടങ്ങുന്നത് തടഞ്ഞ് കഴിഞ്ഞ നാല് വർഷമായി സത്യാഗ്രഹം തുടരുന്നത്,


കിൻഫ്ര ഫുഡ് പാർക്കിൽ അതിമാരകമായ ആസിഡും രാസ ലോഹ മാലിന്യങ്ങളും മലിന ജലവും ഒഴുക്കുന്ന സ്വർണാഭരണ നിർമാണശാലക്ക് സ്ഥലം അനുവദിച്ചതിനെതിരെയും 100 മീറ്ററിനകത്ത് ജനവാസം പാടില്ലാത്ത 'റെഡ് കാറ്റഗറി' സ്ഥാപനത്തിന് ജനനിബിഡമായ പ്രദേശത്ത് അനുമതി നൽകിയെതിനെതിരെയും 2014 ലും 2015 ലും ഫയൽ ചെയ്‌തിരുന്ന രണ്ട് കേസുകൾ ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്നു. 120 കിലോഗ്രാം സ്വർണാഭരണമുണ്ടാക്കുമ്പോൾ ദിവസേനെ പുറത്ത്‌വിടുന്ന 48 ലിറ്റർ ഹൈഡ്രോ ക്ളോറിക്, നൈട്രിക്, സൾഫ്‌യൂറിക് ആസിഡ് മാലിന്യങ്ങളും 15 ഗ്രാം പൊട്ടാസ്യം സയനൈഡ് മാലിന്യങ്ങളും നിക്കൽ, കാർഡിമിയം, മെർക്കുറി തുടങ്ങിയ നിരവധി രാസ ലോഹ മാലിന്യങ്ങളും ഏകദേശം 3 ലക്ഷം മലിന ജലവും ഭൂമിയിൽ ഒഴുക്കിയാലുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചും കിൻഫ്രയിലുള്ള  ൪൦ ഓളം ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളെ കുറിച്ചും ഏകദേശം അത്രതന്നെ ഐ ടി കമ്പനികളെ എങ്ങിനെ ബാധിക്കും എന്നതിനെ കുറിച്ചും പഠനം നടത്താൻ ബഹു. ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  പൊല്യൂഷൻ ബോർഡുമായി സഹകരിച്ച് റിപ്പോർട്ട് നൽകാൻ നാഷണൽ എൻവിയോൺമെന്റൽ എഞ്ചിനീയറിംഗ് റിസേർച്  ഇന്സ്ടിട്യൂട്ടിനോട് (NEERI) ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നൽകിയ റിപ്പോർട്ട് പൂർണമായും മലബാർ ഗോൾഡിനെ സഹായിക്കാൻ വേണ്ടിയുള്ളതായിരുന്നു.


അവഗണിക്കാവുന്ന പരിസ്ഥിതി മലിനീകരണമേ ഈ കമ്പനിയിൽ നിന്നും ഉണ്ടാവുകയുള്ളു എന്നായിരുന്നു NEERI യുടെ റിപ്പോർട്ടിൽ അന്വേഷണത്തിന് ശേഷം പറഞ്ഞിരുന്നത്. എന്നാൽ വിചിത്രമായ കാര്യം പൊല്യൂഷൻ കണ്ട്രോൾ ബോർഡിലോ മറ്റൊരു സ്വർണാഭരണ നിർമാണ ശാലയിലോ സമരം ചെയ്യുന്നവരോടോ ഒരന്വേഷണവും നടത്താതെയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. ആകെ അന്വേഷിച്ചത് ആകട്ടെ പൂട്ടിക്കിടക്കുന്ന കെട്ടിടം പണിപോലും പൂർത്തിയാകാത്ത മലബാർ ഗോൾഡിന്റെ കെട്ടിടത്തിൽ. ഇതിലും വിചിത്രമായ മറ്റൊരുകാര്യം റിപ്പോർട്ടിന്റെ പുറത്ത് സ്പോൺസർ: മലബാർ ഗോൾഡ് എന്ന തലക്കെട്ട് എഴുതിയിരുന്നു എന്നതായിരുന്നു എന്ന് സമര സമിതി നേതാക്കൾ പറയുന്നു.


ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 14 ന് കമ്പനിക്ക് പ്രവർത്തനനാനുമതി നൽകി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും ഇത് ലംഘിച്ചാൽ മാത്രമേ പരാതിക്കാർക്ക് പരാതി ഉന്നയിക്കാൻ അവകാശമുള്ളു എന്നും കോടതി കണ്ടെത്തി. ഇതിനുള്ള ചുമതല കോടതി ഏൽപ്പിച്ചിരിക്കുന്നത് റെഡ് കാറ്റഗറി സ്ഥാപനത്തെ ഗ്രീൻ ആക്കിമാറ്റിയ പൊല്യൂഷൻ കണ്ട്രോൾ ബോർഡിനെത്തന്നെയാണ് എന്നത് ആശ്ചര്യമാണ്. 


വെറും മൂന്ന് കിലോ സ്വർണാഭരണമുണ്ടാക്കാൻ 2012 ൽ കോഴിക്കോട് തിരുവണ്ണൂരിൽ കമ്പനി തുടങ്ങിയ മലബാർ ഗോൾഡിനെ വെറും ആറ് മാസം കൊണ്ട് ജനങ്ങൾ അവിടെ നിന്നും സമരം ചെയ്‌ത്‌ ജനങ്ങൾ കമ്പനി പൂട്ടിച്ചത്. തൃശൂരിലെ ചെറുവത്തേരി, മരിയാപുരം തുടങ്ങിയ സ്ഥലങ്ങളിൽ 10 കിലോഗ്രാമിൽ കുറഞ്ഞ സ്വർണാഭരണ നിർമാണ ശാലകളിൽ നിന്നുള്ള ആസിഡ് മലിനീകരണം കാരണം നിരവധി കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായത് ബോധ്യപ്പെട്ട ഹൈക്കോടതിയും ജില്ലാ കളക്ടറും എല്ലാ കിണറുകളും ശുദ്ധി ചെയ്‌ത്‌ കിണർ റീചാർജ് ചെയ്യാനും കിണർവെള്ളം ഉപയോഗ യോഗ്യമാകുന്നത് വരെ കമ്പനി ചെലവിൽ പ്രദേശത്ത് വെള്ളം വിതരണം ചെയ്യാനും ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് കാണാതെയായിരുന്നു കാക്കഞ്ചേരിയിലെ കമ്പനിക്ക് അനുകൂലമായ വിധി വന്നത്.


എന്നാൽ കേസിലും വിധിയിലുമൊന്നും വ്യാകുലരാകാതെ സമര രംഗത്ത് ഉറച്ച് നിൽക്കാൻ തന്നെയാണ് ജനങ്ങളുടെ തീരുമാനം. അത്‌കൊണ്ട് തന്നെയാണ് നാല് വർഷം പൂർത്തിയായ വേളയിൽ കൂടുതൽ ജനപങ്കാളിത്തത്തോടെ വീണ്ടും സമരത്തെ ഇവർ ശക്തിപ്പെടുത്തുന്നത്.മലബാർ ഗോൾഡ് ആഭരണ നിർമാണശാല കാക്കഞ്ചേരി വിട്ട് പോകും വരെ സമരം തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment